ന്യൂനമർദം, ചക്രവാതച്ചുഴി. കേരളത്തിൽ ഞായറാഴ്ച മുതൽ മഴ വീണ്ടും കനക്കും. യെല്ലോ അലർട്ട്
ന്യൂനമർദം, ചക്രവാതച്ചുഴി. കേരളത്തിൽ ഞായറാഴ്ച മുതൽ മഴ വീണ്ടും കനക്കും. യെല്ലോ അലർട്ട്
തിരുവനന്തപുരം:
ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും.വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 22 മുതൽ 25 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.
എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.വടക്കൻ കേരള തീരം മുതൽ വടക്കൻ കൊങ്കൺ തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടു. ഝാർഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമർദം സ്ഥിതി ചെയ്യുന്നു.
രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമർദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തിൽ കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.













