പ്രിയ ഗുരു സാനു മാഷിന് ആദരാഞ്ജലികൾ’; മമ്മൂട്ടി

Keralam

പ്രിയ ഗുരു സാനു മാഷിന് ആദരാഞ്ജലികൾ’; മമ്മൂട്ടി

പ്രശസ്ത എഴുത്തുകാരനും പ്ര​ഗൽഭ അധ്യാപകനും പ്രഭാഷകനുമായ എം കെ സാനുവിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അറിയിച്ച് നടൻ മമ്മൂട്ടി. ‘പ്രിയ ഗുരു സാനു മാഷിന് ആദരാഞ്ജലികൾ’ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു സാനു മാഷ് അന്തരിച്ചത്. 98വയസായിരുന്നു.ജീവചരിത്രകാരൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ എന്നീനിലകളിലും വ്യക്തമു​ദ്രപതിപ്പിച്ചയാളായിരുന്നു സാനുമാഷ്. മുപ്പത്തിയാറിലധികം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ഇന്റർനാഷണൽ ബോഡി ഫോർ ഹ്യൂമൻ റൈറ്റ്‌സിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം.1926 ഒക്ടോബർ 27ന് പഴയ തിരുവിതാംകൂർ രാജ്യത്തിലെ തുമ്പോളിയിലാണ് സാനുമാഷ് ജനിച്ചത്. നാലു വർഷത്തോളം സ്കൂൾ അധ്യാപകനായിരുന്നു. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളിൽ അദ്ധ്യാപകവൃത്തിയിലേർപ്പെട്ടു. 1958ൽ അഞ്ചു ശാസ്ത്ര നായകന്മാർ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ൽ വിമർശനഗ്രന്ഥമായ ‘കാറ്റും വെളിച്ചവും’ പുറത്തിറങ്ങി. 1983ൽ അധ്യാപനത്തിലും നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടർന്ന് 1986ൽ പുരോഗമന സാഹിത്യസംഘം പ്രസിഡന്റായി. കോൺഗ്രസ് നേതാവ് എ എൽ ജേക്കബിനെ പരാജയപ്പെടുത്തി 1987ൽ എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചു.

വിമർശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കർത്താവാണ് എം.കെ. സാനു. കർമഗതി എന്നാണ് ആത്മകഥയുടെ പേര്. 2011 ൽ, അദ്ദേഹം പത്മപ്രഭ സാഹിത്യ അവാർഡ് നേടി. 2011 –ൽ “ബഷീർ: ഏകാന്ത വീഥിയിലെ അവധൂതൻ” ജീവചരിത്രത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിന് അർഹനായി.