സാർക്കിന് പകരം പുതിയ പ്രാദേശിക കൂട്ടായ്മ: ചൈനയും പാകിസ്ഥാനും ചർച്ചയിലെന്ന് റിപ്പോർട്ട്
സാർക്കിന് പകരം പുതിയ പ്രാദേശിക കൂട്ടായ്മ: ചൈനയും പാകിസ്ഥാനും ചർച്ചയിലെന്ന് റിപ്പോർട്ട്
ഡൽഹി: സാർക്കിന് പകരം പുതിയ പ്രാദേശിക കൂട്ടായ്മ സൃഷ്ടിക്കാൻ പാകിസ്ഥാനും ചൈനയും ശ്രമിക്കുകയാണ്. ഇസ്ലാമാബാദും ബീജിംഗും തമ്മിലുള്ള ഈ പുതിയ പ്രാദേശിക കൂട്ടായ്മയെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് പാകിസ്ഥാനിലെ ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.ജൂൺ 19-ന് ചൈനയിലെ കുൻമിങ്ങിൽ നടന്ന യോഗത്തിൽ ബംഗ്ലാദേശും പങ്കെടുത്തിരുന്നു. ഈ യോഗത്തിൻ്റെ പ്രധാന ലക്ഷ്യം സാർക്കിലെ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളെ പുതിയ ഗ്രൂപ്പിൽ ചേർക്കാൻ ക്ഷണിക്കുക എന്നതായിരുന്നു.1985 ഡിസംബർ 8-ന് ബംഗ്ലാദേശിലെ ധാക്കയിൽ സാർക്ക് രൂപീകരിക്കപ്പെട്ടപ്പോൾ ഏഴ് സ്ഥാപക അംഗങ്ങൾ ഉണ്ടായിരുന്നു, പിന്നീട് 2007-ൽ അഫ്ഗാനിസ്ഥാനും ഗ്രൂപ്പിൽ ചേർന്നു. എന്നാൽ 2016 മുതൽ സാർക്ക് പ്രവർത്തനരഹിതമായിരിക്കുകയാണ്.
2014-ലെ കാഠ്മണ്ഡു ഉച്ചകോടിക്ക് ശേഷം സാർക്ക് നേതാക്കൾ കൂടിക്കാഴ്ച നടത്തിയിട്ടില്ല. കോവിഡ്-19 അടിയന്തര ഫണ്ട് നിർദ്ദേശിക്കാൻ 2020-ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യത്തെ സാർക്ക് വീഡിയോ കോൺഫറൻസ് ആരംഭിക്കുകയും ഇന്ത്യ 10 മില്യൺഡോളർ സംഭാവന വാഗ്ദാനം ചെയ്യുകയും ചെയ്തു.
19-ാമത് സാർക്ക് ഉച്ചകോടി 2016 നവംബറിൽ ഇസ്ലാമാബാദിൽ നടക്കാനിരുന്നെങ്കിലും, പാകിസ്ഥാൻ സ്പോൺസർ ചെയ്ത ഉറി ഭീകരാക്രമണത്തിൽ 17 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഇന്ത്യ ഉച്ചകോടി ബഹിഷ്കരിച്ചു.
ഭീകരവാദവും പ്രാദേശിക ഇടപെടലുകളും സംബന്ധിച്ച ആശങ്കകളാൽ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ എന്നിവരും ഉച്ചകോടിയിൽ നിന്ന് പിന്മാറി.അതിനുശേഷം സാർക്ക് ഉച്ചകോടി പുനഃക്രമീകരിച്ചിട്ടില്ല.
ഇന്ത്യയുടെ പങ്കാളിത്തമില്ലാതെ പുതിയ പ്രാദേശിക കൂട്ടായ്മ രൂപീകരിക്കുന്നതിൽ പാകിസ്ഥാനും ചൈനയും മുന്നോട്ടു പോവുകയാണ്, ഇത് ദക്ഷിണേഷ്യൻ ജിയോപൊളിറ്റിക്സിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.













