ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രിയുടെഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ്

Keralanewsmedia

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രിയുടെഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ്

ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രിയുടെഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പ്

യുജിസി പ്രസിദ്ധീകരിച്ച ലേണിംഗ് ഔട്ട്കം ബെയ്സ്ഡ് കരിക്കുലം കരടുരേഖ ഇപ്പോഴത്തെ നിലയ്ക്ക് കേരള സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു കേന്ദ്ര സർക്കാരിനെ അറിയിച്ചു. യുജിസി തയ്യാറാക്കിയ രേഖ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിരീക്ഷണങ്ങൾ പരിശോധിച്ചാണ് സംസ്ഥാനം ഈ തീരുമാനം കൈക്കൊള്ളുന്നതെന്നും മന്ത്രി ഡോ. ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും യുജിസി ചെയർ പേഴ്സണെയും അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ധർമ്മേന്ദ്ര പ്രധാനും യുജിസി ചെയർ പേഴ്സൺ വിനീത് ജോഷിയ്ക്കും ഇക്കാര്യം കാട്ടി അയച്ച വെവ്വേറെ കത്തുകളിലായാണ് മന്ത്രി ഡോ. ബിന്ദു സംസ്ഥാന സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കിയത്.

സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ഗുരുതരമായി ലംഘിക്കുന്നതാണ് യുജിസി കരടുരേഖയെന്ന് മന്ത്രി കത്തുകളിൽ പറഞ്ഞു. സിലബസും കോഴ്സ് ഘടനയും വായനാ പട്ടികയും എല്ലാം നിർദ്ദേശിച്ചു കൊണ്ടുള്ള ഈ നടപടി യുജിസിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കും അപ്പുറത്തുള്ളവയാണ്. രാജ്യത്തിൻ്റെ ധൈഷണികവും സാമൂഹികവുമായ സാഹചര്യങ്ങളെപ്പറ്റി അക്കാദമികമായും ദാർശനികമായും കാഴ്ചപ്പാടില്ല ഈ രേഖയ്ക്ക്. പ്രത്യയശാസ്ത്രപരമായ ഒളിച്ചുകടത്തലുകളോടെ പാശ്ചാത്യ മാതൃകകളെ അവതരിപ്പിക്കുകയാണിതിൽ ചെയ്തിരിക്കുന്നത്. 'ഇന്ത്യൻ ജ്ഞാന സമ്പ്രദായം' എന്ന പേരിൽ വിഭാഗീയവും പല സാമൂഹ്യവിഭാഗങ്ങളെയും തിരസ്കരിക്കുന്നതുമായ ഊന്നലുകളാണ് രേഖയ്ക്കുള്ളത്. ഇതെല്ലാം വഴി അക്കാദമികമായി യോഗ്യമല്ലാത്ത കാലഹരണപ്പെട്ട ചട്ടക്കൂടാണ് അവതരിപ്പിച്ചിരിക്കുന്നത്. 

വിമർശാത്മകവും സർഗ്ഗാത്മകവും ബഹുസ്വരവുമായ ഉന്നതവിദ്യാഭ്യാസത്തിന് ഇണങ്ങാത്ത തരത്തിലാണ് കരടുരേഖയുടെ ഘടനാപരമായ കുഴപ്പങ്ങൾ. രേഖ പിൻവലിച്ച് അതിനെക്കുറിച്ച് അടിസ്ഥാനപരമായി തന്നെ പുനരവലോകനം നടത്താൻ യുജിസി തയ്യാറാവണം. സ്വീകാര്യമായ മാതൃക രൂപവല്കരിക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാരുകളോടും സർവ്വകലാശാലകളോടും അക്കാദമിക് സമൂഹത്തോടും നേരായ കൂടിയാലോചനാ പ്രക്രിയ ആരംഭിക്കണം - മന്ത്രി ഡോ. ബിന്ദു കത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും കത്തുകൾക്കൊപ്പം കേന്ദ്ര മന്ത്രിക്കും യുജിസി ചെയർമാനും അയച്ചു കൊടുത്തിട്ടുണ്ട്.