കൊച്ചിയിൽ നിധി !
Keralanewsmedia
*കൊച്ചിയിൽ നിധി ! പുനരുദ്ധാരണത്തിനായി ശ്രീകോവിൽ പൊളിച്ചു; കിട്ടിയത് ചെമ്പുപാത്രത്തിൽ രത്നവും സ്വർണ രൂപങ്ങളും പുരാതന നാണയവും ഉൾപ്പടെയുള്ള അമൂല്യ വസ്തുക്കൾ*
*കൊച്ചി* : ശ്രീകോവിൽ പൊളിച്ചപ്പോൾ രത്നവും സ്വർണരൂപങ്ങളും പുരാതന നാണയവും ഉൾപ്പടെയുള്ള വസ്തുക്കൾ. പുനരുദ്ധാരണത്തിനായി എറണാകുളം ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിനകത്തെ ശ്രീകോവിൽ പൊളിച്ചപ്പോഴാണ് മണ്ണിനടിയിൽ നിന്ന് ലഭിച്ച ചെമ്പുപാത്രത്തിൽ സ്വർണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടിന്റെ കൊടിവിളക്കും തീർത്ഥം നൽകുന്ന ഉദ്ദരണിയും ലഭിച്ചത്. ഗണപതി, സുബ്രഹ്മണ്യൻ, കരിനാഗം പ്രതിഷ്ഠകളാണ് ഈ ശ്രീകോവിലിലുള്ളത്, കാലപ്പഴക്കം മൂലം ദുർബലാവസ്ഥയിലായതിനാലാണ് പുനരുദ്ധാരണം.
ഗോമേദകം എന്ന തേൻനിറത്തിലെ ചെറിയ രത്നമാണ് ചതുരപ്പാത്രത്തിലെ പ്രധാനവസ്തു. 340മില്ലിഗ്രാമാണ് തൂക്കം. 9 സ്വർണരൂപങ്ങളും പഞ്ചലോഹക്കഷണവും ഓടിന്റെ കൊടിവിളക്കും തീർത്ഥം നൽകുന്ന ഉദ്ദരണിയും ലഭിച്ചു. 1822ൽ ഇറക്കിയ കൊച്ചി രാജാവിന്റെ കാലണ ചെമ്പുനാണയവും ഇതിൽ ഉണ്ടായിരുന്നു. ശ്രീകോവിൽ നിർമ്മാണം പൂർത്തിയാകുമ്പോൾ ഇവ ഇവിടെ തന്നെ നിക്ഷേപിക്കാനാണ് തീരുമാനമെന്ന് ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡ് അസി. കമ്മിഷണർ (വാല്യുബിൾ വിഭാഗം) ഷീജ, ദേവസ്വം അപ്രൈസർ രാമചന്ദ്രൻ, ദേവസ്വം തൃപ്പൂണിത്തുറ അസി. കമ്മിഷണർ ബിജു ആർ.പിള്ള തുടങ്ങിയവരും തന്ത്രിമാരായ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടും ചേന്നാസ് ഗിരീശൻ നമ്പൂതിരിപ്പാടും ചേർന്നാണ് വസ്തുക്കൾ പരിശോധിച്ചത്.













