ആലുവ മുനിസിപ്പാലിറ്റിയുടെ ഗുരുദ്രോഹ നിലപാടില്‍ ശിവഗിരി സന്യാസിസംഘം വാര്‍ഷികയോഗം പ്രതിഷേധിച്ചു

Keralanewsmedia

ആലുവ മുനിസിപ്പാലിറ്റിയുടെ ഗുരുദ്രോഹ നിലപാടില്‍ ശിവഗിരി സന്യാസിസംഘം വാര്‍ഷികയോഗം പ്രതിഷേധിച്ചു

ആലുവ മുനിസിപ്പാലിറ്റിയുടെ ഗുരുദ്രോഹ നിലപാടില്‍ ശിവഗിരി സന്യാസിസംഘം വാര്‍ഷികയോഗം പ്രതിഷേധിച്ചു

ശിവഗിരി : ആലുവ അദ്വൈതാശ്രമത്തോട് ചേര്‍ന്ന് ഗുരുദേവന്‍ സമ്പാദിച്ചതും ആലുവ, അദ്വൈതാശ്രമം കരമടയ്ക്കുന്നതുമായ ഭൂമി അനധികൃതമായി കയ്യേറി കൈവശപ്പെടുത്തുന്നതിനു വേണ്ടി കുറെ വര്‍ഷങ്ങളായി ആലുവ മുനിസിപ്പാലിറ്റി കൈകൊണ്ടുവരുന്ന ഗുരുദ്രോഹപരമായ നിലപാടില്‍ ശിവഗിരിയില്‍ ചേര്‍ന്ന ശ്രീനാരായണ ധര്‍മ്മസംഘത്തിന്‍റെ വാര്‍ഷിക പൊതുയോഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. ആലുവ അദ്വൈതാശ്രമം പിന്‍തുടര്‍ന്നുവരുന്ന ഗുരുവിന്‍റെ സര്‍വ്വമത സമന്വയ ദര്‍ശനവും പ്രവര്‍ത്തനങ്ങളും മുനിസിപ്പാലിറ്റി ഉള്‍ക്കൊണ്ട് ഗുരുദേവ സന്ദേശ പ്രചരണത്തില്‍ സഹകാരികളാകുന്നതിനുപകരം ആശ്രമം ഭൂമി കയ്യേറുവാന്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ ആലുവ, എസ്.എന്‍.ഡി.പി. യൂണിയന്‍, ഗുരുധര്‍മ്മ പ്രചരണ സഭ തുടങ്ങിയ മുഴുവന്‍ ഗുരുദേവ പ്രസ്ഥാനങ്ങളും മുന്‍സിപ്പാലിറ്റിയുടെ ഹീനപ്രവര്‍ത്തനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഗുരുദേവ ജയന്തി - മഹാസമാധി പ്രമാണിച്ച് ആശ്രമത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന മഞ്ഞക്കൊടി തോരണങ്ങളും ഗുരുദേവ ചിത്രം ആലേഖനം ചെയ്തിരുന്ന ബോര്‍ഡുകളും വിസര്‍ജ്യ കൂമ്പാരത്തില്‍ നിക്ഷേപിച്ചും ഗുരുദേവനെയും ഗുരുദേവ പ്രസ്ഥാനത്തെയും ആക്ഷേപിച്ച മുനിസിപ്പാലിറ്റിയുടെ നടപടി പൊറുക്കാനാകാത്തതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആലുവ അദ്വൈതാശ്രമം സെക്രട്ടറിയായ ധര്‍മ്മചൈതന്യ സ്വാമിയെ അപമതിച്ചുകൊണ്ടും സ്വാമിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിക്കൊണ്ടുമുള്ള മുനിസിപ്പാലിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ ശ്രീനാരായണീയ സമൂഹം ഒന്നിക്കണമെന്നും സംന്യാസി സമൂഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ആശ്രമം ഭൂമി മതില്‍ കെട്ടിത്തിരിച്ച് ഗുരുദേവ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ട്. സമാധാനം കാംക്ഷിക്കുന്ന ഏവരും അദ്വൈതാശ്രമത്തിന്‍റെ നയങ്ങളോടും കര്‍മ്മപരിപാടികളോടും ഒപ്പമുണ്ടാകണമെന്നു ബന്ധപ്പെട്ട വരെ അറിയിക്കുകയാണ്. വര്‍ഗീയത ആളിക്കത്തിക്കുവാന്‍ ശ്രമിക്കുന്നത് ആര്‍ക്കും ഭൂഷണം അല്ലെന്നും വാര്‍ഷിക പൊതുയോഗം ബന്ധപ്പെട്ടവരെ അറിയിച്ചു. ധര്‍മ്മസംഘം ട്രസ്റ്റ് മുഖ്യമന്ത്രി റവന്യൂ മന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും യു.ഡി. എഫ് കണ്‍വീനര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. സി. പി.എം. സി.പി.ഐ., ബി.ജെ. പി. ഹിന്ദു ഐക്യവേദി ക്ഷേത്ര സംരക്ഷണ സമിതി തുടങ്ങി നിരവധി സംഘടനകള്‍ മുനിസിപ്പാലിറ്റിയുടെ നടപടിയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.