*_ജില്ലാ കലക്ടര്‍ ക്വിസ് മാസ്റ്ററായി_**വേറിട്ട പരിപാടികളോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം*
Keralanewsmedia
*Press Release IPRD Kollam- 09/10/2025*
*_ജില്ലാ കലക്ടര്‍ ക്വിസ് മാസ്റ്ററായി_**വേറിട്ട പരിപാടികളോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം*
ഗാന്ധിജിയെകുറിച്ച് അറിയേണ്ടതെല്ലാം ചോദിച്ച് ക്വിസ്മാസ്റ്ററുടെ റോളില്‍ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അറിയുന്നതെല്ലാംപങ്കിട്ട് കടുത്ത മത്സരം കാഴ്ചവച്ച് സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും കൊല്ലം ബാറിലെ അഭിഭാഷകരും. ജില്ലാ ഭരണകൂടം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കൊല്ലം ബാര്‍ അസോസിയേഷന്‍, കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായാണ് ബാര്‍ അസോസിയേഷന്‍ ഹാളില്‍ മത്സരംഅരങ്ങേറിയത്.
സമാപന സമ്മേളനം ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഉദ്ഘാടനം ചെയ്തു. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് പി.ബി. ശിവന്‍ അധ്യക്ഷനായി. സെക്രട്ടറി കെ. ബി. മഹേന്ദ്ര മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, കേരള യൂത്ത് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സമുന്‍ജിത്ത് മിഷ എന്നിവര്‍ സംസാരിച്ചു. ക്വിസ് മത്സരവിജയികളായ റവന്യു വകുപ്പ് ജീവനക്കാരായ അഖില വിജയന്‍, ഹരിപ്രിയ, ട്രഷറിയിലെ രതീഷ് ചന്ദ്രന്‍ എന്നിവര്‍ക്ക് ജില്ലാ കലക്ടര്‍ സാഹിത്യകൃതികള്‍ സമ്മാനിച്ചു.
ഗാന്ധിജിയുടെ ജീവിതം അനാവരണം ചെയ്യുന്ന ഏകദിന ചരിത്രചിത്ര പ്രദര്‍ശനം കലക്‌ട്രേറ്റ് വരാന്തയില്‍ ജില്ലാ കലക്ടറാണ് ഉദ്ഘാടനം ചെയ്തത്.
(പി.ആര്‍.കെ നമ്പര്‍ 2942/2025)
*_വിഷപ്പാമ്പുകളെ 'സര്‍പ്പ' നേരിടും_*
*അഞ്ചു വര്‍ഷത്തിനിടെ 2,850 വിഷപ്പാമ്പുകളെ പിടികൂടി*
വനം വകുപ്പിന്റെ 'സര്‍പ്പ' പദ്ധതി ജില്ലയില്‍ ഒരുക്കുന്നത് സുരക്ഷയുടെ സമാശ്വാസം. പാമ്പുകടിയേറ്റുള്ളമരണങ്ങള്‍ കുറയ്ക്കാനും ജനവാസ മേഖലകള്‍ക്ക്ഭീഷണിയായ വിഷപ്പാമ്പുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനും വനം വകുപ്പ് ആരംഭിച്ചതാണിത്. അഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ 2850 വിഷപ്പാമ്പുകളെയാണ് പിടികൂടി സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയത്.
2020ല്‍ 84 പാമ്പുകളെയാണ് വൊളന്റിയര്‍മാര്‍ പിടികൂടിയത്; 2021ല്‍ 212, 2022 ല്‍ 484, 2023ല്‍ 722, 2024ല്‍ 810, 2025ല്‍ 538 എന്നിങ്ങനെയാണ് പിടികൂടി സുരക്ഷിതമായ മാറ്റിയതിന്റെ കണക്ക്.
ജില്ലയില്‍ 47 പേര്‍ക്കാണ് പരിശീലനം നല്‍കിയത്. 2020 ഓഗസ്റ്റില്‍ പദ്ധതി തുടങ്ങിയത്മുതല്‍ പാമ്പു കടിയേറ്റുള്ള മരണങ്ങളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ കോശിജോണ്‍ പറഞ്ഞു. 2019ല്‍ 123 മരണങ്ങള്‍ പാമ്പുകടിയേറ്റ് ഉണ്ടായി; 2024ല്‍ 30 ആയി ചുരുങ്ങി.
വോളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുന്നത് 'സര്‍പ്പ' മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ്. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. സര്‍ട്ടിഫിക്കേഷന്‍ലഭിച്ച റെസ്‌ക്യൂവര്‍മാരുടെ വിവരങ്ങളും റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളുടെയും ഏകോപനം ആപ്പിലൂടെയാണ് നടത്തുന്നത്. പാമ്പുകള്‍മൂലം ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളില്‍ ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കുക, ജനവാസ മേഖലകളിലെ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്ന ഉരഗവര്‍ഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയവയാണ് ലക്ഷ്യങ്ങള്‍.
വാട്‌സ്ആപ് ഗ്രൂപ്പുകള്‍ വഴിയാണ് ജില്ലകളിലെ റെസ്‌ക്യൂ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. സര്‍പ്പ ജില്ലാ കോര്‍ഡിനേറ്ററായി സാമൂഹിക വനവത്ക്കരണ വിഭാഗം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കോര്‍ഡിനേറ്ററെ സഹായിക്കുന്നതിനായി സന്നദ്ധപ്രവര്‍ത്തകരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഫെസിലിറ്റേറ്റര്‍മാരുമുണ്ട്. ഫോണിലൂടെയും ആപ് വഴിയും വിവരം ലഭിക്കുന്ന എല്ലാ റെസ്‌ക്യൂ കോളുകളിലും സമയബന്ധിതമായി ഇടപെട്ട് പരിഹാരം കാണുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് സര്‍പ്പയുടെ സംസ്ഥാന നോഡല്‍ ഓഫീസര്‍.
വൊളന്റിയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പാമ്പുകടിസാധ്യത ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍നടപടികള്‍, പാമ്പുകടിയേറ്റാല്‍ അടിയന്തരചികിത്സ ലഭ്യമാക്കുന്നത് ഉള്‍പ്പെടെയുള്ള പരിഹാരമാര്‍ഗങ്ങള്‍, ആന്റിവെനം ലഭ്യത ഉറപ്പാക്കല്‍, ഡോക്ടര്‍മാര്‍ക്ക് ഓറിയന്റേഷന്‍, ചികിത്സ പ്രോട്ടോക്കോള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, തൊഴിലുറപ്പ്അംഗങ്ങള്‍, കുടുംബശ്രീപ്രവര്‍ത്തകര്‍, കര്‍ഷകതൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് ബോധവത്ക്കരണപരിപാടികള്‍, തദ്ദേശീയമായി ആന്റിവെനം ഉല്പാദനം തുടങ്ങിയവയും സര്‍പ്പയിലൂടെ ലക്ഷ്യമിടുന്നു.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പാമ്പുകള്‍, പാമ്പുവിഷബാധ എന്നിവ സംബന്ധിച്ച് ശാസ്ത്രീയഅറിവുകള്‍ നല്‍കുന്നതിന് 'സര്‍പ്പ പാഠം' ബോധവത്ക്കരണ പരിപാടിയും അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി വിദ്യാലയപരിസരങ്ങളില്‍ ഇഴജന്തുക്കളുടെസാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കുന്നതിന് സര്‍പ്പ വൊളന്റിയര്‍മാരുടെ സേവനം ലഭ്യമാക്കുന്ന 'സര്‍പ്പ സുരക്ഷ' പദ്ധതിയും വകുപ്പ് നടപ്പാക്കി.
ജില്ലയിലെ സര്‍പ്പ സേവനത്തിനായി ബന്ധപ്പെടേണ്ട നമ്പറുകള്‍: ജില്ലാ കോര്‍ഡിനേറ്റര്‍: 8547603705, ജില്ലാ ഫെസിലിറ്റേറ്റര്‍: 9947467006, 9495086150, ഡിവിഷണല്‍ ഫോറസ്റ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍: അച്ചന്‍കോവില്‍ ഡിവിഷന്‍-9188407512, പുനലൂര്‍ ഡിവിഷന്‍-9188407514, തെന്മല ഡിവിഷന്‍: 9188407516.
*_പാമ്പുകടിയേറ്റാല്‍ നല്‍കേണ്ട പ്രഥമശുശ്രൂഷ_*
കടിയേറ്റയാള്‍ക്ക് ഭയമോ, മാനസികപിരിമുറുക്കമോ ഉണ്ടാകാന്‍ ഇടയാകരുത്. സൗകര്യപ്രദമായരീതിയില്‍ ഇരിക്കാന്‍/കിടക്കാന്‍ അനുവദിക്കണം. പേശീചലനംനിയന്ത്രിക്കുന്നതിനായി കടിയേറ്റഭാഗത്ത് പ്രഷര്‍ബാന്‍ഡ് ചുറ്റാം. കടിയേറ്റഭാഗത്ത് മുറിവുണ്ടാകുകയോ, തിരുമ്മുകയോ, രാസവസ്തുക്കളോ, പച്ചമരുന്നുകളോ, സോപ്പ്, ഡെറ്റോള്‍ ഉപയോഗിച്ച് കഴുകുകയോ ചെയ്യരുത്. ഇത് വിഷബാധ വേഗത്തില്‍ പടരുന്നതിനും രക്തസ്രാവത്തിനും കാരണമായേക്കാം.
(പി.ആര്‍.കെ നമ്പര്‍ 2943/2025)
*പുരോഗതിയുടെ വികസനചിത്രം അവതരിപ്പിച്ച് പവിത്രേശ്വരം വികസന സദസ്സ്*
സമസ്തമേഖലകളിലും കൈവരിച്ചനേട്ടങ്ങളുടെ വികസനചിത്രം അവതരിപ്പിച്ച് പവിത്രേശ്വരം വികസന സദസ്സ്. പൊരീക്കല്‍ ഗുഡ്‌ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപന്‍ ഉദ്ഘാടനം ചെയ്തു. വികസനപുരോഗതി അടയാളപ്പെടുത്തുന്ന വികസനരേഖയും പ്രകാശനം ചെയ്തു.
ഉത്പാദന, സേവന, പശ്ചാത്തലമേഖലകളില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് പഞ്ചായത്തില്‍ നടത്തിയത്. ആരോഗ്യകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്കായി പ്രത്യേകക്ലിനിക്കുകളും ജീവിതശൈലിരോഗനിര്‍ണയക്ലിനിക്കുകളും ആരംഭിച്ചു. മലനട ഹോമിയോ ഡിസ്‌പെന്‍സറി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രമായി ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു. പഞ്ചായത്തിലെ 23 വൃക്ക രോഗികള്‍ക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ദുരിതാശ്വാസനിധിയില്‍ നിന്നും ധനസഹായം വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ വിവിധ അംഗനവാടികള്‍ക്ക് ശിശുസൗഹൃദ പെയിന്റിങ്, ചുറ്റുമതില്‍, ശൗചാലയം, കുടിവെള്ളസൗകര്യം, വൈദ്യുതി എന്നിവ ലഭ്യമാക്കി. 100 ഏക്കര്‍ തരിശുനിലം നെല്‍കൃഷി യോഗ്യമാക്കി. ഗ്രാമപഞ്ചായത്ത് പരിധിയിലെ എല്ലാ സ്‌കൂളുകളിലും പ്രഭാതഭക്ഷണം നല്‍കിവരുന്നു. അംഗപരിമിതര്‍ക്ക് പെട്ടിക്കടകള്‍ നല്‍കി. ലൈഫ് പദ്ധതി വഴി 470 വീടുകള്‍ നിര്‍മിച്ചു. ഭൂരഹിത ഭവനപദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി വീട് നിര്‍മിച്ചു നല്‍കി. തുടര്‍ന്നും ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസമേഖലകള്‍ക്ക് ഊന്നല്‍ നല്‍കി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് വികസന സദസ്സില്‍ വ്യക്തമാക്കി.
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.രാധാകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി ആര്‍.അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ബി.ശ്രീകുമാര്‍ മോഡറേറ്ററായ ഓപ്പണ്‍ ഫോറത്തില്‍ ഭാവി വികസനകാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സുമലാല്‍ ഹരിതകര്‍മ്മ സേനാംഗങ്ങളെയും പോലീസ് മെഡല്‍ ലഭിച്ച പവിത്രേശ്വരം നിവാസി എന്‍.കൃഷ്ണദാസിനെയും ആദരിച്ചു. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി.ശശികല, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.അജി, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജി.എന്‍.മനോജ്, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.അജിത, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ബെച്ചി.ബി.മലയില്‍, പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആര്‍ ഗീത, നിവാസ്, രമദേവി, അമീഷ് ബാബു, അസിസ്റ്റന്റ് സെക്രട്ടറി ആര്‍.അരുണ്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2944/2025)
*_വിവിധ പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും_*
*കൊറ്റങ്കര ഗ്രാമപഞ്ചായത്തില്‍ വികസന സദസ് 10ന്*
നാടിന്റെ വികസനവും ഭാവിപ്രവര്‍ത്തനങ്ങളും ചര്‍ച്ചചെയ്യുന്നതിനുള്ള വികസനസദസും വിവിധപദ്ധതികളുടെ ഉദ്ഘാടനവും ഒക്ടോബര്‍ 10 ന് വൈകിട്ട് മൂന്നിന് കരിക്കോട് ആധുനിക മത്സ്യമാര്‍ക്കറ്റ് അങ്കണത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. പി.സി വിഷ്ണുനാഥ് എം.എല്‍.എ അധ്യക്ഷനാകും. ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കളുടെ കുടുംബസംഗമം, അതിദാരിദ്ര്യമുക്ത പഞ്ചായത്ത് പ്രഖ്യാപനം, ടേക്ക് എ ബ്രേക്ക്, ഹരിതകര്‍മസേന ബെയ്‌ലിംഗ് മെഷീന്‍, എം സി എഫ് എന്നിവയുടെ ഉദ്ഘാടനം, കൊറ്റങ്കര ഹോമിയോ ആശുപത്രി മോഡല്‍ ഡിസ്‌പെന്‍സറിയായി പ്രഖ്യാപിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
വിവിധ പദ്ധതികളിലൂടെ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ തുടങ്ങിയവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയദേവ് അവതരിപ്പിക്കും. പൊതുജനങ്ങളില്‍നിന്നുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും. ആസൂത്രണസമിതി ഉപാധ്യക്ഷന്‍ ആര്‍ സുരേഷ് ബാബു വികസനകാഴ്ചപ്പാട് അവതരണം നടത്തും.
കൊറ്റങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വിനിതകുമാരി, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, വൈസ് പ്രസിഡന്റ് എച്ച് ഹുസൈന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ഷിജു, ആര്‍ അര്‍ജുനന്‍ പിള്ള, എസ് മജീന, കൊറ്റങ്കര ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. ശിവകുമാര്‍, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അച്ചാമ ലെനു തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എസ് പ്രസന്നകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഫാറൂഖ് നിസാര്‍, കെ. സതീശന്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശാരദ, വാര്‍ഡ് മെമ്പര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2945/2025)
*പെരിനാട് ഗ്രാമപഞ്ചായത്ത് വികസന സദസ് 10ന്*
പെരിനാട്ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഒക്ടോബര്‍ 10ന് വൈകിട്ട് മൂന്നിന് പെരിനാട് പഞ്ചായത്ത് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. വികസനപുരോഗതി, തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുജനസമക്ഷം അവതരിപ്പിക്കും.
വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് തയ്യാറാക്കിയ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന വീഡിയോ പ്രദര്‍ശിപ്പിക്കും. വിവിധ പദ്ധതികളില്‍ ഗ്രാമപഞ്ചായത്ത് കൈവരിച്ച നേട്ടങ്ങള്‍, നൂതന പദ്ധതികള്‍ തുടങ്ങിയവ പഞ്ചായത്ത് സെക്രട്ടറി ജി. ജ്യോതിഷ് കുമാര്‍ അവതരിപ്പിക്കും. പൊതുജനങ്ങളില്‍ നിന്നുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി ഓപ്പണ്‍ ഫോറവും നടത്തും. സദസ്സിനോട് അനുബന്ധിച്ച് പൊക്കാളീസ് ഫോക്ക് ബാന്റ് അവതരിപ്പിക്കുന്ന നാടന്‍പാട്ട് അരങ്ങേറും.
പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാര്‍ അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപന്‍ പ്രതിഭകളെ ആദരിക്കും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹന്‍ മുഖ്യപ്രഭാഷണം നടത്തും. പെരിനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.അനില്‍കുമാര്‍, ചിറ്റുമല ബ്ലോക്ക് ഹൗസിംഗ് ഓഫീസര്‍ വി.എസ്.സൗമ്യ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. ദിനേശ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.വിമല്‍ ചന്ദ്രന്‍ പദ്ധതി വിശദീകരിക്കും. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍.അനില്‍, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ജഗന്നാഥന്‍, എ.ബിന്ദുമോള്‍, ആര്‍.രമ്യ, എം.വിനോദ്, വി.നൗഫല്‍, വി.വിജയലക്ഷ്മി, ആര്‍.രതീഷ്, ഗോപകുമാര്‍, പ്രസന്നപയസ് തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍ 2946/2025)
*ഇടമുളയ്ക്കല്‍ വികസന സദസ് 10ന്*
ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഒക്ടോബര്‍ 10 രാവിലെ 10 ന് പനച്ചവിള ശിവപ്രിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ ജില്ലാ പഞ്ചായത്ത് മെമ്പറും ജില്ലാ ആസൂത്രണ സമിതി അംഗവുമായ ഡോ. കെ.ഷാജി ഉദ്ഘാടനം ചെയ്യും. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യ ലാല്‍ അധ്യക്ഷയാകും. ഇടമുളയ്ക്കല്‍ ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ അതിദാരിദ്ര്യമുക്ത പഞ്ചായത്തായി അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന മുരളി പ്രഖ്യാപിക്കും.
(പി.ആര്‍.കെ നമ്പര്‍ 2947/2025)
*അരിപ്പ ഭൂസമരത്തിന് പരിഹാരമായി: മന്ത്രി കെ രാജന്‍*
14 വര്‍ഷക്കാലമായി ഭൂരഹിതരായ ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍ ഉള്‍പ്പടെ തുടരുന്ന പുനലൂര്‍ അരിപ്പ ഭൂസമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടു വച്ച വ്യവസ്ഥകള്‍ സമരസംഘടനകള്‍ അംഗീകരിച്ചതായി റവന്യൂ, ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന 35 കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ ഭൂമിയുടെ അവകാശം നിലനിര്‍ത്തിക്കൊണ്ടു തന്നെ അരിപ്പ സമരഭൂമിയില്‍ 20 സെന്റ് പുരയിടവും 10 സെന്റ് നിലവും വീതം നല്‍കും. സമരത്തിലുള്ള 209 എസ് സി കുടുംബങ്ങള്‍ക്ക് 12 സെന്റ് വീതവും ജനറല്‍ വിഭാഗത്തില്‍പ്പെട്ട 78 കുടുംബങ്ങള്‍ക്ക് 10 സെന്റ് വീതവും ഭൂമി പതിച്ചു നല്‍കി പട്ടയം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വ്യവസ്ഥകളാണ് ഭൂസമരം നടത്തുന്ന ആറ് സംഘടനകളും ചര്‍ച്ചയില്‍ അംഗീകരിച്ചത്.
സര്‍ക്കാര്‍ വ്യവസ്ഥകള്‍ സമരക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ അവരെ ഭൂമിയുടെ അവകാശികളാക്കി മാറ്റുന്ന നടപടികളിലേക്ക് ഉടന്‍ കടക്കും. നിലവില്‍ ഭൂമി കയ്യേറി കുടില്‍ കെട്ടിയാണ് സമരം നടത്തുന്നത് എന്നതിനാല്‍ അളന്ന് സെറ്റില്‍ ചെയ്യേണ്ടി വരും. ഇതിനായി പുനലൂര്‍ ആര്‍ഡിഒയെ സെറ്റില്‍മെന്റ് ഓഫീസറായി നിയോഗിച്ചതായി മന്ത്രി അറിയിച്ചു. സര്‍വെ നടപടിക്രമങ്ങള്‍ തിങ്കളാഴ്ച്ച ആരംഭിച്ച് പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കുന്നതിനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും റവന്യു വകുപ്പ് മന്ത്രി പറഞ്ഞു. 2026 ജനുവരിയില്‍ പുതുവര്‍ഷ സമ്മാനമായി ഭൂമി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പുനലൂര്‍ താലൂക്കിലെ തിങ്കള്‍കരിക്കം വില്ലേജിലെ സര്‍വെ നമ്പര്‍ 745 /1ല്‍പ്പെട്ട 94 ഏക്കര്‍ സര്‍ക്കാര്‍ പുറമ്പോക്ക് കുത്തകപാട്ട വ്യവസ്ഥ ലംഘിച്ച് തങ്ങള്‍ കുഞ്ഞ് മുസ്ലിയാര്‍ കൈവശം വച്ചിരുന്നു. 1997 ഓഗസ്റ്റ് നാലിന് പി എസ് സുപാല്‍ എം.എല്‍.എയുടെ ഇടപെടല്‍ അനുസരിച്ച് അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ ഇ ഇസ്മയിലിന്റെ നേതൃത്വത്തില്‍ വകുപ്പ് അധികൃതര്‍ ഈ ഭൂമി തിരിച്ചു പിടിച്ചു. സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ഇതില്‍ നിന്ന് 13.55 ഏക്കര്‍ കുളത്തൂപ്പുഴ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിനും 21.53 ഏക്കര്‍ ചെങ്ങറ ഭൂസമരക്കാര്‍ക്കും കൈമാറി.
ശേഷിക്കുന്ന ഭൂമിയില്‍ 2012 ഡിസംബര്‍ 31 ന് മുതല്‍ ഭൂരഹിതരായ ദളിത്, ആദിവാസി വിഭാഗങ്ങള്‍ ദീര്‍ഘകാല പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു. ജീവിക്കാനും കൃഷി ചെയ്യാനുമായി ഭൂമി ആവശ്യപ്പെട്ടാണ് 14 വര്‍ഷമായി അവര്‍ സമരം തുടര്‍ന്നത്. അന്നു മുതല്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടന്നിരുന്നു. ആധുനിക സംവിധാനങ്ങളോടെ അളന്നതനുസരിച്ച് അരിപ്പയില്‍ 48.8304 ഏക്കര്‍ ഭൂമി ശേഷിക്കുന്നുണ്ട്. ഇവിടെ തന്നെ പുരയിടവും കൃഷിഭൂമിയും വേണമെന്ന സമരക്കാരുടെ ആവശ്യത്തോടാണ് ഈ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ നിലപാട് സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. റോഡും കളിസ്ഥലവും ഉള്‍പ്പടെ പൊതു ആവശ്യം ഒഴിച്ച് 39.9 ഏക്കര്‍ ഭൂമിയാണ് അരിപ്പ ഭൂസമരക്കാര്‍ക്ക് അനുവദിക്കുന്നത്. നിരന്തരമായ ഇടപെടലുകളും ചര്‍ച്ചകളും നടത്തിയാണ് സന്തോഷകരമായ തീര്‍പ്പില്‍ എത്തിയിരിക്കുന്നത്.
ഭൂരഹിതരുടെ കാര്യത്തില്‍ ഈ സര്‍ക്കാര്‍ അനുഭാവ പൂര്‍വമായ നിലപാടാണ് സ്വീകരിച്ചു വരുന്നത്. ചെങ്ങറ ഭൂസമരം തീര്‍പ്പാക്കി നേരത്തേ ഭൂമി വിതരണം ചെയ്തിരുന്നു. താമസ യോഗ്യമല്ല എന്ന പ്രശ്‌നം ചൂണ്ടിക്കാട്ടി പലരും ആ ഭൂമി ഉപേക്ഷിച്ചു പോയതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ക്ക് വേണ്ടുന്ന ഭൂമി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി അന്വേഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി അനു എസ് നായര്‍ ഐ.എ.എസിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ പി എസ് സുപാല്‍ എംഎല്‍എയും ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ ജീവന്‍ ബാബുവും പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2948/2025)
*'ജനനി' കുടുംബസംഗമം 10ന്*
ആയുഷ് ഹോമിയോപതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കിയ വന്ധ്യത ചികിത്സ പദ്ധതി 'ജനനി'യിലൂടെ ജനിച്ച കുഞ്ഞുങ്ങളെയും അവരുടെ മാതാപിതാക്കളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 10ന് 'ജനനി കുടുംബസംഗമം 2025' നടത്തും. ജില്ലാ പഞ്ചായത്ത് ജയന്‍ സ്മാരക ഹാളില്‍ രാവിലെ 9.30ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എം മുകേഷ് എം.എല്‍.എ അധ്യക്ഷനാകും. എന്‍ കെ പ്രേമചന്ദ്രന്‍ എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, സ്ഥിരംസമിതി അധ്യക്ഷര്‍, ഹോമിയോപതി ഡയറക്ടര്‍ ഡോ. എം.പി ബീന, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. അച്ചാമ ലെനു തോമസ്, ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് ഡോ. ടി.എസ് ആശാറാണി തുടങ്ങിയവര്‍ സംസാരിക്കും.
(പി.ആര്‍.കെ നമ്പര്‍ 2949/2025)
*യു.ജി.സി നെറ്റ് പരീക്ഷാ പരിശീലനം*
കൊട്ടാരക്കര ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് കരിയര്‍ ഡെവലപ്‌മെന്റ് സെന്ററില്‍ 14 ദിവസത്തെ യു.ജി.സി നെറ്റ് പരീക്ഷയുടെ ജനറല്‍ പേപ്പര്‍ സൗജന്യ പരിശീലന ക്ലാസ് ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഫോണ്‍: 9633450297, 0474 2919612.
(പി.ആര്‍.കെ നമ്പര്‍ 2950/2025)
*വാഹനം ആവശ്യമുണ്ട്*
ജില്ലാ ശിശു സംരക്ഷണ ഓഫീസിലേക്ക് ഏഴു വര്‍ഷത്തിലധികം കാലപ്പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനം ലഭ്യമാക്കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16ന് ഉച്ചയ്ക്ക് രണ്ടുവരെ സമര്‍പ്പിക്കാം. ഫോണ്‍: 8281899461, 0474 2791597.
(പി.ആര്‍.കെ നമ്പര്‍ 2951/2025)













