ദമ്മാമിൽ വൻ അഗ്നിബാധ; മലയാളികളുടേതുൾപ്പെടെ നിരവധി കടകൾ എരിഞ്ഞമർന്നു; ആളപായമില്ല
Keralanewsmedia
ജിദ്ദ: കിഴക്കൻ സൗദിയിലെ
ദമ്മാമിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികളുടെ നിരവധി കടകളും ഗോഡൗണുകളും കത്തിനശിച്ചു. അതേസമയം, സംഭവത്തിൽ ജീവഹാനി ഉള്ളതായി ഇതുവരെ വിവരമില്ല.വാട്ടർ ടാങ്ക് റോഡിലെ അൽഗസ്വാൻ ലൈനിലുള്ള പ്ലംബിങ് കടയുടെ ഗോഡൗണിലാണ് തീപിടുത്തം മൂലം പ്രദേശം മുഴുവൻ കരിമ്പുക മൂടി മണിക്കൂറുകളോളം വിഹ്വലാന്തരീക്ഷം പരത്തി. പ്ലാസ്റ്റിക്, കെമിക്കൽ, പെയിന്റ് തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവ അതിവേഗം കത്തിപ്പടരുന്ന വസ്തുക്കളായതിനാൽനിമിഷനേരം കൊണ്ട് തീ സമീപത്തെ കടകളിലേക്കും വ്യാപിച്ചു.
സൗദി സിവിൽ ഡിഫൻസിലെ 18 യൂണിറ്റ് സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്.
കടകളോട് ചേർന്നുള്ള പഴയ കെട്ടിടങ്ങൾ അനധികൃതമായി ഗോഡൗണുകളായി ഉപയോഗിക്കുന്നതാണ് തീ പടരാൻ കാരണമായതെന്ന്റിപ്പോർട്ടുകളുണ്ട്. ഇവയ്ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ ഇല്ലാത്തത് വ്യാപാരികൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കും.ജോലി സമയമായതിനാൽ താമസസ്ഥലങ്ങളിൽ ആളുകൾ ഇല്ലാതിരുന്നതും, പെട്ടെന്ന് ഒഴിപ്പിക്കാൻ സാധിച്ചതും വൻ ദുരന്തം ഒഴിവാക്കി.
അപകടസ്ഥലത്ത് സുരക്ഷാസേന കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തീപിടുത്തത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചവരുടെ ഫോണുകൾ പിടിച്ചെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു.













