ശബരിമലയിൽ മേൽശാന്തിമാരുടെ നെയ്യ് വിൽപ്പന വേണ്ടെന്ന് ഹൈക്കോടതി, പായ്ക്ക് ചെയ്ത മുഴുവൻ നെയ്യും ദേവസ്വം ബോർഡിനെ ഏൽപ്പിക്കാനും നിർദേശം; മേൽശാന്തിമാർ മുറിയിൽ 100 രൂപയ്ക്ക് നെയ്യ് വിൽപ്പന നടത്തുന്നുവെന്ന് സ്പെഷ്യൽ കമ്മീഷണർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കൊച്ചി: ശബരിമലയിലെ സമാന്തര
നെയ് വിൽപന തടഞ്ഞ് ഹൈക്കോടതി. തന്ത്രി, മേൽശാന്തിമാർ, സഹശാന്തിമാർ, ഉൾക്കഴകം എന്നിവരുടെ മുറികളിൽ അഭിഷേകത്തിന് നെയ് വാങ്ങുന്നതും ഹൈക്കോടതി നിരോധിച്ചു. പാക്ക് ചെയ്തുവച്ച മുഴുവൻ നെയ്യും ദേവസ്വം ബോർഡിനെ ഏൽപ്പിക്കണമെന്നും കോടതി നിർദേശിച്ചു.മേൽശാന്തിമാരുടെ മുറികളിൽ നിന്ന് നൂറ് രൂപയ്ക്ക് നെയ് വിൽപന നടക്കുന്നതായി സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നടപടി. ആടിയ ശേഷം നെയ്യാണ് ഇത്തരത്തിൽ മേൽശാന്തിമാരുടെ മുറികളിൽ നിന്ന് പാക്കറ്റുകളാക്കി നൂറ് രൂപ നിരത്തിൽ ഭക്തർക്ക് നൽകി വന്നിരുന്നത്. ഈ സാഹചര്യം നിയമപരമല്ലെന്നായിരുന്നു ദേവസ്വം കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്.നിലവിൽ സന്നിധാനത്ത് ദേവസ്വം ബോർഡ് തന്നെ ആടിയശേഷം നെയ്യ് വിൽപന നടത്തുന്നുണ്ട്. ഇതിന് പുറമെയാണ് മേൽശാന്തിമാർ, ഉൾക്കഴകം എന്നിവരുടെ മുറികളിൽ നെയ് വിൽപന നടത്തിയത്. ഇത് തെറ്റാണെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി നിർദേശം.
ശബരിമലയിലെ നെയ്യഭിഷേകം ടിക്കറ്റ് മുഖേന മതിയെന്നും ഹൈക്കോടതി നിർദേശിച്ചു. തന്ത്രി, മേൽശാന്തിമാർ, ഉൾക്കഴകം എന്നിവർ മുഖേന അഭിഷേകത്തിന് നെയ്യ് വാങ്ങരുതെന്നും കോടതി വ്യക്തമാക്കി.കൃത്യമായി ടിക്കറ്റ് എടുത്ത് മാത്രം അഭിഷേകം നടത്തണം. നെയ് തേങ്ങയ്ക്ക് അനുസരിച്ച് ടിക്കറ്റുകൾ എടുക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി. സമാന്തര സംവിധാനം വേണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കുന്നത്.













