തൃശൂരിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തൃശൂർ: വരന്തരപ്പിള്ളിയിൽ ഭർതൃവീട്ടിൽ ഗർഭിണിയായ യുവതി തീകൊളുത്തി മരിച്ച സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസ് എടുത്തു. സ്ത്രീധന പീഡനത്തെ തുടർന്ന് 20 വയസുള്ള അർച്ചനയാണ് മരിച്ചത്. സംഭവത്തിൽ അർച്ചനയുടെ ഭർത്താവ് ഷാരോണിനെതിരെയും ഇയാളുടെ അമ്മയ്ക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് അർച്ചനയെ വീടിനു പിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 6 മാസം മുൻപാണ് അർച്ചനയും ഷാരോണും തമ്മിൽ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സ്ത്രീധനം നൽകിയില്ല എന്ന പേരിൽ അർച്ചനയെ ഷാരോണും കുടുംബവും മാനസിക, ശാരിരീക പീഡനങ്ങൾക്ക് ഇരയാക്കിയിരുന്നു. അർച്ചനയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് വരന്തരപ്പിള്ളി പൊലീസാണ് കേസ് എടുത്തത്.
ഏഴു മാസം മുൻപാണ് ഷാരോണിന്റെയും അർച്ചനയുടെയും പ്രണയവിവാഹം നടന്നത്. അന്നുമുതൽ വീട്ടുകാരുമായിസംസാരിക്കാനും മറ്റും അനുവദിക്കാറില്ലായിരുന്നുവെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. വിവാഹത്തിൽ വീട്ടുകാർക്ക് എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും മകൾ നല്ലനിലയിൽ ജീവിച്ചുകാണാൻ ആഗ്രഹിച്ചിരുന്നുവെന്ന് അച്ഛൻ പറഞ്ഞു.













