തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ സുസജ്ജമെന്ന് ജില്ലാ കലക്ടര്‍*
Keralanewsmedia
PRESS RELEASE 08/12/2025
*നാളെ (ഡിസംബര്‍ 9) പോളിംഗ് ബൂത്തിലേക്ക്; തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ക്രമീകരണങ്ങള്‍ സുസജ്ജമെന്ന് ജില്ലാ കലക്ടര്‍*
ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കുറ്റമറ്റരീതിയില്‍ സജ്ജമാക്കിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ്. ജില്ലയിലെ വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സംവിധാനങ്ങളെല്ലാം വിലയിരുത്തി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി വീഡിയോഗ്രഫിക്കായി സ്ഥാനാര്‍ത്ഥികള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ജില്ലയിലെ 61 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തി. ബസുകളും, മിനി ബസുകളും, കാറുകളും ജീപ്പുകളും ഉള്‍പ്പെടെ 1161 വാഹനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സജ്ജമാക്കിയെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
രാവിലെ ആറിന് അതത് പോളിംഗ്‌സ്റ്റേഷനുകളില്‍ രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്‌പോളിംഗ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിംഗ് സമയം.
തിരഞ്ഞെടുപ്പ് സുരക്ഷിതവും സുഗമവുമായി നടത്തുന്നതിന് ജില്ലയില്‍ 5136 പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു. സിറ്റിയില്‍ 8 ഡി.വൈ.എസ്.പിമാര്‍ 33 ഇന്‍സ്പെക്ടര്‍മാര്‍, 173 സബ് ഇന്‍സ്പെക്ടര്‍മാര്‍, 1781 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 414 സ്പെഷ്യല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നു. റൂറല്‍ മേഖലയിലെ പ്രശ്നബാധിത ബൂത്തുകളില്‍ 237 പോലീസ് ഉദ്യോഗസ്ഥരെയും ഇലക്ഷന്‍ സബ് ഡിവിഷനുകളില്‍ 96 ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
വോട്ടുചെയ്യുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ വോട്ടര്‍ ഐഡി കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി ബുക്ക്, തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുമ്പെങ്കിലും ഏതെങ്കിലും ദേശസാല്‍കൃത ബാങ്ക് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ താല്‍ക്കാലിക തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാം.
പോളിംഗിനുശേഷം സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെത്തിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റും. ഇതേകേന്ദ്രങ്ങളില്‍ ഡിസംബര്‍ 13ന് വോട്ടെണ്ണല്‍. പൂര്‍ണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടപടികളെല്ലാം. സമാധാനപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാവിഭാഗങ്ങളുടേയും സഹകരണം ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.
(പി.ആര്‍.കെ നമ്പര്‍ 3446/2025)
*പരാതികളിലെല്ലാം നടപടി - ജില്ലാ കലക്ടര്‍*
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനവുമായി ബന്ധപ്പെട്ട പരാതികളിലെല്ലാം നടപടി സ്വീകരിച്ചെന്ന് ചേമ്പറില്‍ ചേര്‍ന്ന നീരീക്ഷണസമിതിയോഗത്തില്‍ ചെയര്‍മാനും ജില്ലാതിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. അനധികൃതമായി ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെയാണ് ഭൂരിഭാഗം പരാതികളും. അവയെല്ലാം ആന്റ് ഡിഫേസ്‌മെന്റ് സ്‌ക്വാഡ് മുഖാന്തിരം നീക്കംചെയ്തു. 2000 ത്തോളമാണ് മാറ്റിയത്.
താത്ക്കാലിക ഡ്രൈവര്‍ സ്ഥാനാര്‍ഥിക്കൊപ്പം പ്രചാരണത്തിനിറങ്ങുന്നുവെന്ന പരാതി ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിക്ക് കൈമാറി റിപോര്‍ട്ട് തേടി. അനുമതിയില്ലാതെ വാഹനത്തിലൂടെ മൈക്ക് പ്രചാരണം എന്ന പരാതി പൊലിസിനും മോട്ടര്‍വാഹന വകുപ്പിനും കൈമാറിയാണ് നടപടി സ്വീകരിച്ചത്. ശബരിമലയുമായി ബന്ധപ്പെട്ട ലഘുലേഖകളുടെ വിതരണത്തിനെതിരെയും നടപടിയെടുത്തു. പ്രചാരണവസ്തുക്കള്‍ നശിപ്പിക്കുന്നുവെന്ന ആക്ഷേപത്തില്‍ നടപടിക്കായി ബന്ധപ്പെട്ട വരണാധികാരിയെ ചുമതലപ്പെടുത്തി. നിശബ്ദപ്രചാരണ വേളയില്‍ ഫോണുകള്‍ മുഖേന ശബ്ദസന്ദേശം പ്രചരിപ്പിക്കുന്നുവെന്ന പരാതിയില്‍ നിര്‍ത്തിവയ്ക്കുന്നതിന് നടപടി സ്വീകരിച്ചു. സഹപ്രവര്‍ത്തകനായ സ്ഥാനാര്‍ഥിക്ക് വേണ്ടി സ്‌കൂള്‍ അധ്യാപിക വാട്ട്‌സ്ആപ് ഗ്രൂപ് വഴി പണപിരിവ് നടത്തിയെന്ന ആക്ഷേപം മുന്‍നിറുത്തി അന്വേഷിച്ച് വിവരം നല്‍കുന്നതിന് വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും അറിയിച്ചു.
സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എസ്. സുബോധ്, അംഗങ്ങളായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, സ്‌പെഷ്യല്‍ ബ്രാഞ്ച് എ.സി.പി പ്രതീപ് കുമാര്‍, റൂറല്‍ ഡി.വൈ.എസ്.പി രവിസന്തോഷ്, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3447/2025)
*ബാലറ്റ് ലേബലുകള്‍ വെള്ള, പിങ്ക്, നീല നിറങ്ങളില്‍*
*വോട്ടു ചെയ്യേണ്ടത് ഇങ്ങനെ* -
* വോട്ടര്‍ പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുമ്പോള്‍ തിരിച്ചറിയല്‍ വിവരങ്ങള്‍ പോളിംഗ് ഓഫീസര്‍ വോട്ടര്‍പട്ടിക പരിശോധിച്ച് ഉറപ്പാക്കും.
* പരിശോധന പൂര്‍ത്തിയാക്കി വോട്ടര്‍ അടുത്ത പോളിംഗ് ഓഫീസറെ സമീപിക്കുമ്പോള്‍ വിരലില്‍ മഷി പുരട്ടും. തുടര്‍ന്ന് രജിസ്റ്ററില്‍ ഒപ്പ്/വിരലടയാളം രേഖപ്പെടുത്തണം. ഇതു കഴിയുമ്പോള്‍ വോട്ടര്‍ക്ക് സ്ലിപ്പ് നല്‍കും.
* സ്ലിപ് വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള പോളിംഗ് ഓഫീസര്‍ക്കു കൈമാറണം. ഓഫീസര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ'ബാലറ്റ്' ബട്ടണ്‍ അമര്‍ത്തി വോട്ട് ചെയ്യാന്‍ യന്ത്രം സജ്ജമാക്കും.
ബാലറ്റ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍, കണ്‍ട്രോള്‍ യൂണിറ്റിലെ ചുവന്ന ബിസി ലൈറ്റും ബാലറ്റ് യൂണിറ്റിലെ പച്ച റെഡി ലൈറ്റും പ്രകാശിക്കും. വോട്ട് രേഖപ്പെടുത്താന്‍ തയാറാണെന്ന് ഇത് സൂചിപ്പിക്കുന്നു.
* ത്രിതല പഞ്ചായത്തിലേക്കുള്ള പോളിംഗിന്
വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റില്‍ വോട്ട് രേഖപ്പെടുത്താനായി സജ്ജീകരിച്ച മൂന്നു ബാലറ്റ് യൂണിറ്റിലെയും പച്ച റെഡി ലൈറ്റ് പ്രകാശിച്ചു നില്‍ക്കും.
*വോട്ടു രേഖപ്പെടുത്തല്‍ ...*.
* ത്രിതല പഞ്ചായത്തില്‍ ഓരോ വോട്ടറും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയ്ക്ക് ഓരോ വോട്ട് വീതം, മൊത്തം മൂന്ന് വോട്ട് രേഖപ്പെടുത്തണം.
* ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്.
* ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്ത് തലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നങ്ങളുമുള്ള വെള്ള നിറത്തിലുള്ള ബാലറ്റ് ലേബല്‍ ഉണ്ടാകും.
* വോട്ടര്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥാനാര്‍ഥിയുടെ പേരിന് നേരെയുള്ള ബട്ടണ്‍ അമര്‍ത്തണം.
* ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഒരു ബീപ് ശബ്ദം കേള്‍ക്കുകയും സ്ഥാനാര്‍ഥിയുടെ ബട്ടണിന് നേരെയുള്ള ലൈറ്റ് തെളിയുകയും ചെയ്യും. ഇത് വോട്ട് ആ സ്ഥാനാര്‍ഥിക്ക് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുന്നു.
* മറ്റ് രണ്ട് തലങ്ങളിലേക്കുമുള്ള വോട്ടുകളും മുകളില്‍ പറഞ്ഞ രീതിയില്‍ തന്നെ രേഖപ്പെടുത്തണം. ബ്ലോക്ക് പഞ്ചായത്തിനുള്ള ബാലറ്റ് ലേബലുകള്‍ പിങ്ക് നിറത്തിലും ജില്ലാ പഞ്ചായത്തിനുള്ളത് നീലയുമാണ്.
* മൂന്നു തലങ്ങളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തല്‍ ശരിയായ രീതിയില്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേള്‍ക്കാം.
* ഒന്നോ രണ്ടോ തലങ്ങളിലേക്ക് വോട്ട് ചെയ്യാതെ ഒഴിവാക്കാന്‍ വോട്ടര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവസാനത്തെ ബാലറ്റ് യൂണിറ്റിലെ ചുവന്ന എന്‍ഡ് ബട്ടണ്‍ (END BUTTON) അമര്‍ത്തി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കണം. എന്‍ഡ് ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പ്രക്രിയ പൂര്‍ത്തിയായതായി സൂചിപ്പിച്ചുകൊണ്ട് ഒരു നീണ്ട ബീപ് ശബ്ദം ഉണ്ടാകും.
* ഒന്നോ രണ്ടോ തലങ്ങളിലെ വോട്ട് ഒഴിവാക്കി വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുമ്പോള്‍ മാത്രമേ എന്‍ഡ് ബട്ടണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.
* മൂന്ന് തട്ടുകളിലേക്കുമുള്ള വോട്ട് രേഖപ്പെടുത്തി കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല.
* വോട്ടര്‍ എന്‍ഡ് ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ഒരു തട്ടിലേക്കും വോട്ട് രേഖപ്പെടുത്താന്‍ കഴിയില്ല.
* രണ്ട് ബട്ടണുകള്‍ ഒരേ സമയം അമര്‍ത്തിയാല്‍ ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ. ഒരു ബട്ടണ്‍ ഒന്നിലധികം തവണ അമര്‍ത്തിയാലും ഒരു വോട്ടേ രേഖപ്പെടുത്തുകയുള്ളൂ.
* വോട്ടിംഗ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടോ സംശയമോ ഉണ്ടെങ്കില്‍ പോളിംഗ് ഉദ്യോഗസ്ഥരെ അറിയിക്കാം.
(പി.ആര്‍.കെ നമ്പര്‍ 3448/2025)
*തദ്ദേശ തിരഞ്ഞെടുപ്പ്: പ്രശ്‌നബാധിതബൂത്തുകള്‍ സന്ദര്‍ശിച്ച് പൊതു നിരീക്ഷകന്‍*
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നബാധിതബൂത്തുകള്‍ സന്ദര്‍ശിച്ച് പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്. ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി. ചവറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍. ജില്ലയിലാകെ 61 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്.
(പി.ആര്‍.കെ നമ്പര്‍ 3449/2025)













