വി സി നിയമന തർക്കം: ഗവർണറെ കണ്ട് മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സമവായമായില്ല

Keralanewsmedia

വി സി നിയമന തർക്കം: ഗവർണറെ കണ്ട് മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയിൽ സമവായമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ വൈസ് ചാൻസലർ (വിസി) നിയമനത്തിൽ ഗവർണർ-സർക്കാർ തർക്കം തുടരുന്നതിനിടെ സമവായ ചർച്ചകൾക്കായി മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും ഗവർണറെ കണ്ടെങ്കിലും സമവായം ഉണ്ടായില്ല

വിഷയത്തിൽ സമവായത്തിലെത്താൻ സുപ്രീം കോടതിയുടെ നിർദേശമുണ്ടായിരുന്നു. തുടർന്നാണ് മന്ത്രിമാർ ബുധനാഴ്‌ച രാവിലെ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറിലധികം നീണ്ട കൂടിക്കാഴ്‌ചക്കൊടുവിൽ മന്ത്രിമാർ മടങ്ങി.

വി സി നിയമന തർക്കത്തിൽ ഡോ. സിസാ തോമസിനെ എതിർക്കുന്ന സർക്കാർ നിലപാടിനെ ഖണ്ഡിക്കാൻ ഗവർണർ ശക്തമായ വാദങ്ങളാണ് നിരത്തിയത്. സിസാ തോമസ് യോഗ്യയാണ് എന്ന് സർക്കാരിന് തന്നെ ബോധ്യമുണ്ടെന്നാണ് ഗവർണറുടെ നിലപാട്.

ടെക്നോ പാർക്കിൻ്റെയും ഇൻഫോപാർക്കിന്റെയും സി.ഇ.ഒ.യെ തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ സർക്കാർ സിസാ തോമസിനെ നിയോഗിച്ചിരുന്നു. കെ-സ്പേസ്, ഇക്ഫോസ്, കെ-ഫോൺ എന്നിവയുടെ നേതൃനിരയിൽ അവർ പ്രവർത്തിച്ചിട്ടുണ്ട്.ടൂറിസം വകുപ്പിന് വേണ്ടി ഡിജിറ്റൽ പ്ലാറ്റ്ഫോം തെരഞ്ഞെടുക്കുന്ന കമ്മിറ്റിയിൽ സിസാ തോമസിനെ സർക്കാർ അംഗമാക്കിയിരുന്നു. സർക്കാരിന്റെ ഐ.ടി. വകുപ്പിന്റെ സാങ്കേതിക ഉപദേശക സമിതിയിലും നയരൂപീകരണ ഉപസമിതിയിലും സിസാ തോമസ് അംഗമായിരുന്നു.

നല്ല അക്കാദമിക് പശ്ചാത്തലമുള്ള, മികച്ച വ്യക്തിയാണ് സിസാ തോമസ് എന്ന് സർക്കാരിന് അറിയാമായിരുന്നിട്ടും എന്തിനാണ് എതിർക്കുന്നതെന്ന് ഗവർണർ ആരാഞ്ഞതായാണ് വിവരം.

ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാൻ തനിക്ക് ഉദ്ദേശമില്ല. അതുകൊണ്ട് തന്നെ പരസ്യമായി ഒന്നും പറഞ്ഞിട്ടില്ല. കോടതിയിലും വിശദീകരിച്ചിട്ടില്ലെന്നുംഗവർണർ പറഞ്ഞു. മുഖ്യമന്ത്രി ഗവർണർക്ക് (ചാൻസലർക്ക്) നൽകിയ പട്ടികയിൽ നിന്നുതന്നെ വി സി നിയമനം നടത്തണമെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്.

സർക്കാർ എപ്പോഴും സമവായത്തോടുകൂടി മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. വിശദാംശങ്ങൾ മാധ്യമങ്ങളുമായി പങ്കുവെക്കേണ്ടതില്ലെന്നും സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രിമാർ അറിയിച്ചു.വി സി നിയമനത്തിൽ സമവായത്തിലെത്തിയില്ലെങ്കിൽ സുപ്രീംകോടതി നേരിട്ട് ഈ രണ്ട് സർവകലാശാലകളിലും വി സിമാരെ നിയമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ, സമവായം ഉണ്ടായിട്ടുണ്ടെങ്കിൽ വ്യാഴാഴ്ച സുപ്രീം കോടതിയിലായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരുത്തുക