‘യു.പി മോഡൽ ബുൾഡോസർ രാജ് ദക്ഷിണേന്ത്യയിലേക്ക്, ന്യൂനപക്ഷ വേട്ട കോൺഗ്രസിന് പുത്തരിയല്ല’; കർണാടകയിലെ ഒഴിപ്പിക്കലിൽ ആഞ്ഞടിച്ച് വി. വസീഫ്
Keralanewsmedia
കേരള ന്യൂസ് മീഡിയ
‘യു.പി മോഡൽ ബുൾഡോസർ രാജ് ദക്ഷിണേന്ത്യയിലേക്ക്, ന്യൂനപക്ഷ വേട്ട കോൺഗ്രസിന് പുത്തരിയല്ല’; കർണാടകയിലെ ഒഴിപ്പിക്കലിൽ ആഞ്ഞടിച്ച് വി. വസീഫ്
കർണാടകയിലെ ബംഗളൂരുവിൽ മുന്നറിയിപ്പില്ലാതെ നാന്നൂറിലേറെ വീടുകൾ തകർത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ‘ബുൾഡോസർ രാജ്’ കോൺഗ്രസ് ദക്ഷിണേന്ത്യയിലേക്ക് കൊണ്ടുവരികയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലും വസീം ലേഔട്ടിലുമായി മുപ്പത് വർഷത്തിലേറെയായി താമസിക്കുന്ന ദരിദ്രരായ മുസ്ലിം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. റേഷൻ കാർഡും മറ്റ് തിരിച്ചറിയൽ രേഖകളും കൈവശമുള്ള കുടുംബങ്ങളെ യാതൊരുവിധ മുൻകൂർ നോട്ടീസും നൽകതെയാണ് പുലർച്ചെ ഉറക്കത്തിൽ നിന്ന് ആട്ടിയോടിച്ചത്. ഏകദേശം മൂവായിരത്തോളം മനുഷ്യർ പെരുവഴിയിലായ ഈ നടപടിയിൽ അഞ്ഞൂറിലധികം കുട്ടികളും ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഉൾപ്പെടുന്നുവെന്നും വസീഫ് വ്യക്തമാക്കി. നിയമപരമായ പോരാട്ടം പോലും സാധ്യമാകാത്ത വിധം ഇവരുടെ രേഖകൾ ഉൾപ്പെടെ മണ്ണടിഞ്ഞു പോയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
പോസ്റ്റിന്റെ പൂർണരൂപം
സംഘപരിവാർ അജണ്ടകൾ നടപ്പിലാക്കുന്ന കോൺഗ്രസ്
ന്യൂനപക്ഷ സമുദായത്തിലും ദളിത്-ആദിവാസി സമൂഹത്തിലും പെട്ട സാധാരണക്കാരായ മനുഷ്യരുടെ വീടുകൾ ഒരു രാത്രി വെളുക്കുമ്പോൾ ഇടിച്ചു നിരത്തുന്ന ബിജെപി യുടെ ബുൾഡോസർ രാജ് അങ്ങ് യു.പി.യിലും ഡൽഹിയിലും കണ്ട് ഞെട്ടിയവരാണ് നമ്മൾ . അതേ ബുൾഡൊസർ രാജ് സൗത്ത് ഇന്ത്യയിലേക്ക് കൊണ്ടുവരികയാണ് കോൺഗ്രസ്സ്.
കോൺഗ്രസ് ഭരിക്കുന്ന കർണാടക സംസ്ഥാനത്തെ ഗ്ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) കഴിഞ്ഞ ദിവസം പുലർച്ചെ യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും നാന്നൂറിലേറെ വീടുകൾ മുന്നറിയിപ്പില്ലാതെ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കിയിരിക്കുകയാണ്. മൂവായിരത്തോളം മനുഷ്യർ വീടും സമ്പാദ്യവും നഷ്ടപ്പെട്ട് പെരുവഴിയിലായി. ഇതിൽ അഞ്ഞൂറിലധികം കുട്ടികളും, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമുണ്ട്. ദരിദ്രരായ മുസ്ലിം മത വിഭാഗക്കാർ മൂന്ന് പതിറ്റാണ്ടിലേറെയായി താമസിക്കുന്ന പ്രദേശമാണ്. അവരുടെ കൈവശം റേഷൻ കാർഡും തിരിച്ചറിയൽ രേഖകളും മറ്റുമുണ്ട്. അവരെയാണ് മുൻകൂർ നോട്ടീസ് നൽകുകയോ നിയമനടപടികൾ സ്വീകരിക്കുകയോ ചെയ്യാതെ നേരം പുലരും മുമ്പ് ഉറങ്ങിക്കിടക്കുന്നയിടത്ത് നിന്ന് കിടപ്പാടം പൊളിച്ചു കളഞ്ഞു ആട്ടിയോടിച്ചത്. നിയമ പോരാട്ടം നടത്താൻ പോലും സാധ്യമാകാത്ത വിധം അവരുടെ രേഖകൾ ഭൂമിക്കടിയിലായി.
കോൺഗ്രസിന് ഇത് പുതിയ സംഭവമല്ല. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ന്യൂനപക്ഷ വേട്ടയും, ഹാഷിംപൂരിയിൽ കോൺഗ്രസ് ഭരണത്തിൽ കൊന്നുതള്ളിയ മുസ്ലിങ്ങളും, ദക്ഷിണ കന്നടയിലെ നിലയ്ക്കാത്ത കലാപങ്ങളിൽ ജീവൻ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്നവരും ഉദാഹരണങ്ങളാണ്
ഗണഗീതം അഭിമാനമായി പാടുന്ന കോൺഗ്രസിന്റെ അധ്യക്ഷൻ ഡി കെ ശിവകുമാറും, സിദ്ധാരമയ്യയും ചേർന്ന് ഭരിക്കുന്ന കർണാടകയിലാണ് സംഘപരിവാർ അജണ്ട നടപ്പിലാക്കുന്നത്. ധർമസ്ഥലയിൽ നൂറ് കണക്കിന് പെൺകുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് കോൺഗ്രസ്സ് ഭരണത്തിൽ എങ്ങനെ ഒത്തു തീർപ്പാക്കി എന്ന് നാം കണ്ടതാണല്ലോ. കേരളത്തിലെ കോണ്ഗ്രസ്- മൗദൂദി-ലീഗ് മുന്നണി ആഘോഷിക്കുന്ന അതേ സിദ്ധാരമയ്യ ശിവകുമാർ ടീമാണ് ഇതെല്ലാം ചെയ്യുന്നത്.
ന്യൂനപക്ഷങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സ്ഥലമായി സംഘപരിവാർ ഇന്ത്യയെ മാറ്റിക്കൊണ്ടിരിക്കുമ്പോൾ തോളോട് തോൾ ചേർന്നു നിന്ന് തങ്ങൾ ഭരിക്കുന്ന സംസ്ഥാനത്തും അതേ അജണ്ടകൾ നടപ്പിലാക്കി ആർ എസ് എസിനോട് ചേർന്ന് നിൽക്കുകയാണ് കോൺഗ്രസ്. ബാബറി പള്ളി പൊളിച്ച കാലം തൊട്ട് അങ്ങനെയാണല്ലോ.
https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H













