പാലായിലെ ക്ലൈമാക്സ് കാത്ത് കേരളം; പൂഞ്ഞാറിലും വൈക്കത്തും മുൻ എംഎൽഎമാർ ബിജെപി സ്ഥാനാർഥികൾ

പാലായിലെ ക്ലൈമാക്സ് കാത്ത് കേരളം; പൂഞ്ഞാറിലും വൈക്കത്തും മുൻ എംഎൽഎമാർ ബിജെപി സ്ഥാനാർഥികൾ

കേരള ന്യൂസ് മീഡിയ

റിപ്പോർട്ട്‌: സജി ജോർജ് വട്ടപ്പാറ 

പാലായിലെ ക്ലൈമാക്സ് കാത്ത് കേരളം; പൂഞ്ഞാറിലും വൈക്കത്തും മുൻ എംഎൽഎമാർ ബിജെപി സ്ഥാനാർഥികൾ

കോട്ടയം ∙ പാലായിലും കോട്ടയത്തും പൂർണ മത്സരചിത്രം തെളിഞ്ഞു. മറ്റു മണ്ഡലങ്ങളിൽ ഭാഗിക മത്സരചിത്രമായി. ഒന്നിനു പിന്നാലെ ഒന്നായി മുന്നണികൾ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതോടെ മണ്ഡലങ്ങൾ തിരഞ്ഞെടുപ്പ് ചൂടിലായി. 

പാലായിൽ പതിവിലും ചൂട് 

3 മുന്നണി സ്ഥാനാർഥികളെയും പ്രഖ്യാപിച്ച ജില്ലയിലെ ആദ്യ മണ്ഡലമായ പാലായിൽ ശക്തമായ ത്രികോണപ്പോരിനു കളമൊരുങ്ങുന്നു. സിറ്റിങ് എംഎൽഎ മാണി സി.കാപ്പൻ യുഡിഎഫ് സ്വതന്ത്രനായി എത്തുമ്പോൾ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എൽഡിഎഫിനായും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് എൻഡിഎയ്ക്കായും മത്സരിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭ പിടിച്ചെടുത്തതും പാലായിലെ പഞ്ചായത്തുകളിൽ ഭരണം പിടിച്ചതും ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ പാലായിൽ നേടിയ ഭൂരിപക്ഷവും യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽ ലഭിച്ച ആകെ വോട്ടിൽ മുന്നിൽ നിൽക്കുന്നത് എൽഡിഎഫിന് പ്രതീക്ഷയാണ്. പഴയ പൂഞ്ഞാർ മണ്ഡലത്തിലെ ഭാഗങ്ങളും ജില്ലാ പഞ്ചായത്തിൽ മത്സരിച്ചപ്പോൾ ഭൂരിപക്ഷം കിട്ടിയ പഞ്ചായത്തുകളും ഉണ്ടെന്ന ആത്മവിശ്വാസത്തിലാണ് എൻഡിഎയ്ക്കായി ഷോൺ ജോർജിന്റെ മത്സരം.

കോട്ടയത്ത് ചുമരെഴുത്ത് തെളിഞ്ഞു 

ഔദ്യോഗിക പ്രഖ്യാപനം എത്താനിരിക്കെ പോസ്റ്ററുകളും ചുവരെഴുത്തും പ്രചാരണങ്ങളുമായി സിറ്റിങ് എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ യുഡിഎഫിനായും സ്ഥാനാർഥി പ്രഖ്യാപനത്തോടെ മണ്ഡലത്തിൽ സജീവമായി കെ.അനിൽ കുമാർ എൽഡിഎഫിനായും കളം നിറയുന്നു. എൻഡിഎയ്ക്കായി ബിഡിജെഎസ് സംസ്ഥാന കൗൺസിൽ അംഗം പി.അനിൽ കുമാർ കൂടി എത്തിയതോടെ മത്സരചിത്രം തെളിഞ്ഞു. ഒരു നഗരസഭയും 2 പഞ്ചായത്തുകളും മാത്രം അടങ്ങുന്ന കോംപാക്ട് മണ്ഡലമായ കോട്ടയത്ത് സ്ഥാനാർഥികളുടെ നെഞ്ചിടിപ്പ് ഏറ്റുന്ന ഒരു ഘടകം വോട്ടർപട്ടിക പരിഷ്കരണമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 10 ശതമാനം വോട്ട് ഇക്കുറി കോട്ടയത്ത് കുറഞ്ഞിട്ടുണ്ട്.

പൂഞ്ഞാറിലും വൈക്കത്തും മുൻ എംഎൽഎമാർ ബിജെപിക്കാരായി സ്ഥാനാർഥികളാകുന്നതും കൗതുകം! പൂഞ്ഞാറിൽ പി.സി.ജോർജ് എൽഡിഎഫ്, യുഡിഎഫ്, സ്വതന്ത്ര സ്ഥാനാർഥിയായി എംഎൽഎ ആയിട്ടുണ്ട്. രണ്ടു തവണ സിപിഐയുടെ എംഎൽഎയായിരുന്നു അജിത്.