രജതജൂബിലി നിറവിൽ ഇടയശ്രേഷ്ഠൻ ക്ലീമീസ് ബാവ; 400 വൈദികരും ആയിരക്കണക്കിന് വിശ്വാസികളും അണിനിരന്ന പ്രൗഢസമ്മേളനത്തിൽ കാതോലിക്കാ ബാവയ്ക്ക് കേരളത്തിന്റെ ആദരം
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട് :ദൗ ലത് ഷാ എം
രജതജൂബിലി നിറവിൽ ഇടയശ്രേഷ്ഠൻ ക്ലീമീസ് ബാവ; 400 വൈദികരും ആയിരക്കണക്കിന് വിശ്വാസികളും അണിനിരന്ന പ്രൗഢസമ്മേളനത്തിൽ കാതോലിക്കാ ബാവയ്ക്ക് കേരളത്തിന്റെ ആദരം
തിരുവനന്തപുരം:
ആത്മീയാനുഭൂതിയുടെയും സ്നേഹാദരങ്ങളുടെയും മഹാസംഗമത്തിന് സാക്ഷിയായി അനന്തപുരി. സർവ്വരുടെയും മനസ്സ് നിറച്ച പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ, കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീര സമാപനം. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ കൂറ്റൻ പന്തലിൽ അണിനിരന്നത് സഭയുടെയും സമൂഹത്തിന്റെയും നാനാതുറകളിൽ നിന്നുള്ള ആയിരങ്ങളാണ്. രാഷ്ട്രീയ, സാമുദായിക, സാംസ്കാരിക രംഗങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങളും നൂറുകണക്കിന് വൈദികരും വിശ്വാസികളും ഒത്തുചേർന്നു.
ക്ലീമീസ് കാതോലിക്കാ ബാവയുടെ മെത്രാഭിഷേക രജതജൂബിലി സമാപന സമ്മേളനവും അതിനോടനുബന്ധിച്ച് നടന്ന ദിവ്യബലിയും സഭയ്ക്കും സമൂഹത്തിനും ഒരുപോലെ ആത്മീയ ദിശാബോധം നൽകുന്ന അനുഭവമായി മാറി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലങ്കര കത്തോലിക്കാ സഭയെ കൃത്യമായ ദീർഘവീക്ഷണത്തോടെ നയിക്കുന്ന ക്ലീമീസ് ബാവ, സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെ വഴികാട്ടിയായ ആത്മീയ തേജസ്സാണെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി വി. ഡി. സതീശൻ വിശേഷിപ്പിച്ചു. യെശയ്യാ പ്രവചനത്തിലെ 60-ാം അധ്യായത്തിലെ വചനങ്ങൾ ഉദ്ധരിച്ച്, കൂരിരുട്ടിലും സമൂഹത്തിന് പ്രകാശം പരത്തുന്നതാണ് ബാവയുടെ നേതൃത്വമെന്ന് അദ്ദേഹം പറഞ്ഞു.ആഘോഷങ്ങളുടെ ഭാഗമായി അർഹരായ കുടുംബങ്ങൾക്കായി നിർമ്മിച്ചു നൽകുന്ന 40 വീടുകളുടെ താക്കോൽദാനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
ദിവ്യബലിയും വചനസന്ദേശവും
ചടങ്ങുകൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ദിവ്യബലിയിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. 400-ഓളം വൈദികർ ഒന്നിച്ചണിനിരന്ന ദിവ്യബലിയിൽ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം വി. ഡി. സതീശൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്‌തു. കെ സി ബി സി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
മേഖാലയ മുഖ്യ മന്ത്രി കോൺറാഡ് സാങ്മ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ലുലു ഗ്രുപ്പ് ചെയർമാൻ എം എ യുസുഫ് അലി, ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളിധരൻ, കെ എൻ ബാലഗോപാൽ എം എൽ എ,ശശി തരൂർ എം. പി,തിരുവനന്തപുരം മേയർ വി വി രാജേഷ്, വി മുരളിധരൻ എം എൽ എ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി ഉൾപ്പെടെയുള്ളവർ മാർ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്കാ ബാവയെ സ്നേഹോപഹാരങ്ങൾ നൽകി ആദരിച്ചു.ചടങ്ങിൽ മാർ ബസേലിയോസ് ക്ലിമ്മിസ് കത്തോലിക്കാ ബാവ നേതൃത്വം നൽകുന്ന ഭവന പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യുസഫ് അലി 1 കോടി രൂപ വാഗ്ദാനം ചെയ്തു.













