കോട്ടയം നഗരത്തിലെ കൊലപാതകം, കൊല്ലപ്പെട്ട യുവാവും കൂട്ടരും എത്തിയത് മയക്കുമരുന്നു വാങ്ങിയതുമായി ബന്ധപ്പെട്ട പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്. സംഘർഷത്തിനി ടെ മുൻ കൗൺസിലറുടെ മകൻ കൈയിലിരുന്ന കത്തിക്കു കുത്തുകയായിരുന്നു. പ്ര തിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത് സാഹസികമായി
റിപ്പോർട്ട് :സജീവ് ഗോപാലൻ
കോട്ടയം: മാണിക്കുന്നത്ത് കൊലപാതകത്തിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തത് സാഹസികമായി. കോട്ടയം നഗരസഭമുൻ അംഗവും കോൺഗ്രസ്നേതാവുമായ വി.കെ അനിൽകുമാറിൻ്റെ (ടിറ്റോ) വീടിനു മുന്നിൽ ഇദ്ദേഹത്തിന്റെ മകൻ അഭിജിത്തിന്റെ കുത്തേറ്റാണ് കറുകച്ചാൽ തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ഹൗസ് ആദർശ്(23) കൊല്ലപ്പെട്ടത്. പോലീസെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചതോടെ യുവാവ് പ്രകോപിതനായി. പോലീസ് ജീപ്പിലേക്ക് പിടിച്ചു കയറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് പ്രതിഷേധിച്ചു.പോലീസ് ബലം പ്രയോഗിച്ചതോടെ യുവാവ് അക്രമാസക്തനായി. തുടർന്നു കൂടുതൽ പോലീസുകാർ ചേർന്നു യുവാവിനെ ജീപ്പിൽ പിടിച്ചു കയറ്റുകയായിരുന്നു.ആദർശും അഭിജിത്തും തമ്മിൽ ലഹരി ഇടപാട് ഉണ്ടായിരുന്നതായാണ് പോലീസിൽ നിന്നു ലഭിക്കുന്ന വിവരം. ആദർശ് അഭിജിത്തിന്റെ പക്കൽ നിന്നും കഴിഞ്ഞ മാർച്ചിൽ 1500 രൂപയുടെ എം.ഡി.എം.എ കടമായി വാങ്ങിയിരുന്നു. ഇത് കൂടാതെ അഭിജിത്തിന്റെ പക്കലുണ്ടായിരുന്ന സ്കൂട്ടർ കോട്ടയം ശാസ്ത്രി റോഡിലെ ഒരു സ്ഥാപനത്തിൽ അഭിജിത്തിന്റെ സുഹൃത്ത് വഴി 10000 രൂപയ്ക്ക് പണയം വയ്ക്കുകയും ചെയ്ിരുന്നു. ഇതേച്ചൊല്ലി അഭിജിത്തും ആദർശും തമ്മിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഫോണിൽ വെല്ലുവിളിയും വഴക്കും ഉണ്ടായിരുന്നു.ഇതേ തുടർന്നാണ് കൊല്ലപ്പെട്ട ആദർശ് സുഹൃത്തിനെയും കൂട്ടി ഇന്നലെ രാത്രിയിൽ പ്രതിയുടെ വീടിനു മുന്നിൽ എത്തിയത്. തുടർന്ന്, ഇരുവരും തമ്മിൽ വീടിനു മുന്നിൽ വച്ചു തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനിടെ അനിൽകുമാറും എത്തി സംഘഷത്തിൻ ഇടപെട്ടു. തുടർന്ന് അഭിജിത്ത് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു കുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കുത്തേറ്റ ആദർശ് സംഭവ സ്ഥലത്ത് വച്ചു തന്നെ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് കുത്തേറ്റ ആദർശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് സ്ഥലത്ത് എത്തിയ പോലീസ് സംഘം അനിൽകുമാറിയെയും മകനെയും കസ്റ്റഡിയിൽ എടുത്തു. പോലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്.













