ആനിത്തോട്ടത്ത് സ്വകാര്യബസ് അശ്രദ്ധമായി മുന്നോട്ടെടുത്തിതിനെ തുടർന്നു യാത്രക്കാരി പുറത്തേക്കു തെറിച്ചു വീണുണ്ടായ അപകടം. നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ ജില്ലാ തല സമിതി വേണമെന്ന മനുഷ്യാവകാശ കമ്മീഷൻ. ട്രാൻസ്പോർട്ട് കമ്മീഷണർ രണ്ടു മാസത്തിനകം ഉത്തരവ് നടപ്പിലാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ
Keralanewsmedia:online
കോട്ടയം : സ്വകാര്യ ബസ് ജീവനക്കാരുടെ നിയമലംഘനങ്ങൾ നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി ജില്ലാതലത്തിൽ പ്രത്യേക നിരീക്ഷണ സമിതികൾ രൂപീകരിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. അമിതവേഗം, നിയമലംഘനം, അശ്രദ്ധമായ ഡ്രൈവിങ് എന്നിവയ്ക്കെതിരെ സീറോ ടോളറൻസ് പോളിസി പ്രഖ്യാപിച്ചു കർശനമായ ശിക്ഷാനടപടികൾ ഉറപ്പാക്കണം.ബസ് ഉടമകൾക്കും ഡ്രൈവർക്കും സുരക്ഷാ ബോധവത്ക്കരണ പരിപാടികൾ സംസ്ഥാന - ജില്ലാ തലങ്ങളിൽ സംഘടിപ്പിക്കണം.പൊതുജനങ്ങൾക്കും യാത്രക്കാർക്കും നിയമലംഘനങ്ങൾ ഉടൻ റിപ്പോർട്ടു ചെയ്യാനുള്ള ഓൺലൈൻ, ഹെൽപ്പ് ലൈൻ സംവിധാനം ശക്തിപ്പെടുത്തണം.അപകടങ്ങളിലെ അന്വേഷണ റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കി വീഴ്ചയുണ്ടായ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കണമെന്നും കെ.ബൈജുനാഥ് നിർദ്ദേശിച്ചു.ട്രാൻസ്പോർട്ട് കമ്മീഷണർ രണ്ടുമാസത്തിനകം ഉത്തരവ് നടപ്പിലാക്കി നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. ഇക്കഴിഞ്ഞ ജൂലൈ 11 ന് വൈകിട്ട് കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തിയ സ്വകാര്യബസിനെതിരെയാണു പരാതി. ബസ് ആനിത്തോട്ടത്ത് നിർത്തിയപ്പോൾ യാത്രക്കാരിയായ വിദ്യാർത്ഥിനി ബസിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് അശ്രദ്ധമായി ബസ് മുന്നോട്ടെടുത്തു. യാത്രക്കാരി പുറത്തേക്ക് തെറിച്ചു വീണ് അപകടം സംഭവിച്ചിരുന്നു.ബസ് ഡ്രൈവറുടെ ലൈസൻസും കണ്ടക്ടറുടെ കണ്ടക്ടർ ലൈസൻസും ആറു മാസത്തേക്ക് അയോഗ്യമാക്കിയതായി കോട്ടയം ആർ.ടി.ഒ. മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. രണ്ടു പേർക്കും ഐ.ഡി.ടി.ആർ. പരിശീലനം നൽകും. ബസിൽ നിന്നും പെൺകുട്ടി വീണതായി മനസിലാക്കിയിട്ടും ബസ് നിർത്തിയില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞു.നിയമങ്ങളുടെ അഭാവമല്ല കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള കാരണമെന്ന് കമ്മീഷൻ ചൂണ്ടിക്കാണിച്ചു. നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാൻ ഉദ്യോഗസ്ഥതലത്തിലുള്ള കാര്യക്ഷമതയില്ലായ്‌മയാണ് കാരണം. പൊതുഗതാഗത രംഗത്ത് മൂല്യവത്തായ ട്രാഫിക് സംസ്ക്കാരം ഉണ്ടാവേണ്ടത് അനിവാര്യമാണെന്നും ഉത്തരവിൽ പറയുന്നു. പൊതുപ്രവർത്തകനായ എ. അക്ബർ അലി സമർപ്പിച്ച പരാതിയിലാണു നടപടി.













