തീർഥാടന കാലത്ത് സ്ഥിരം അപകടം.എങ്കിലും സുരക്ഷയ്ക്കായി കണ്ണിമല വളവിൽ ഉള്ളത് കൂട്ടിയിട്ട കരിങ്കൽ കൂനയും പഴയ ടയറുകളും. കുത്തിറക്കവും കൊടുംവളവും ഉള്ളതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെ
Keralanewsmedia:online
കോട്ടയം: തീർഥാടന കാലത്ത് സ്ഥിരംഅപകടം.. എങ്കിലും സുരക്ഷയ്ക്കായി കണ്ണിമല വളവിൽ ഉള്ളത് കൂട്ടിയിട്ട കരിങ്കൽ കൂനയും പഴയ ടയറുകളും. കഴിഞ്ഞ ദിവസവും ഇവിടെ തീർഥാടക വാഹനം മറിഞ്ഞ് അപകടത്തിൽപ്പെട്ടിരുന്നു.പതിവായി അപകടം നടക്കുന്ന സ്ഥലത്ത് മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്ത് താൽക്കാലികമായി കരിങ്കല്ലുകൾ നിരത്തി ടയറുകൾ സ്ഥാപിച്ച് സുരക്ഷയൊരുക്കിയത് അന്ന് കോട്ടയം ജില്ല പോലീസ് മേധാവിയായിരുന്ന കാർത്തികിന്റെ നേതൃത്വത്തിലായിരുന്നു.2022 ഡിസംബർ 16 നുണ്ടായ അപകടത്തിൽ തമിഴ്‌നാട് നിന്നുള്ള തീർഥാടക സംഘത്തിലെ 11 വയസുള്ള ബാലികയാണ് മരിച്ചത്. അന്ന് ക്രാഷ് ബാരിയർ പൂർണമായി തകർത്ത് വാഹനം താഴ്ച്ചയിലേക്കു പതിക്കുകയായിരുന്നു.തകർന്ന ക്രാഷ് ബാരിയറിന് പകരം സുരക്ഷ സംവിധാനമായി അന്ന് ജില്ല പോലീസ് മേധാവിയായിരുന്ന കെ. കാർത്തികിന്റെ നേതൃത്വത്തിലാണു കരിങ്കൽ ഇറക്കി ടയറുകൾ സ്ഥാപിച്ചത്.പൊതുമരാമത്ത് വിഭാഗം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കാൻ കാലതാമസം വരുത്തിയതോടെയാണ് പോലീസ് ഇടപ്പെട്ട് താൽക്കാലിക സുരക്ഷാ മതിൽ തീർത്തത്. അതിന് ശേഷം നടന്ന അപകടത്തിൽ ഈ കരിങ്കല്ലുകൊണ്ടുള്ള തടയാണ് വാഹനങ്ങൾക്ക് രക്ഷയായത്.കഴിഞ്ഞ ദിവസം തീർഥാടക ബസ് അപകടത്തിൽപ്പെട്ടപ്പോൾ ബസിൽ ഉണ്ടായിരുന്നത് മുൻ എസ്‌പിയുടെ ബന്ധുക്കളായിരുന്നു.മൂന്നു വർഷം മുൻപ് അന്ന് അദ്ദേഹം സുരക്ഷയ്ക്കായി എടുത്ത കരുതൽ തീർഥാടക സംഘത്തിനു രക്ഷയായി. അപകട സ്ഥലത്തിന് തൊട്ടു മുകളിലായി സീസണിൽ പോലീസിന്റെ എയ്ഡ് പോസ്റ്റും സ്ഥാപിച്ചിട്ടുണ്ട്.ഇവിടെ നിന്നും പോലീസും എത്തി. കുത്തിറക്കവും കൊടുംവളവും ഉള്ളതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണ്. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളുടെ ബ്രേക്ക് നഷ്ടമാകുന്നതാണ് അപകടത്തിൽ പ്രധാന കാരണം.അപകടത്തിൽ തകർന്ന ക്രാഷ് ബാരിയർ സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.എന്നാൽ, ക്രാഷ് ബാരിയറുകൾ വേണ്ടത്ര ബലത്തിലല്ല സ്ഥാപിക്കുന്നത്. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ കാര്യക്ഷമമായ മാർഗം സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.













