ജെഫ്റി എപ്സ്റ്റിനുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ അനുമതി നൽകി ന്യൂയോർക്ക് കോടതി

Keralanewsmedia:online

ജെഫ്റി എപ്സ്റ്റിനുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ അനുമതി നൽകി ന്യൂയോർക്ക് കോടതി

ലൈം​ഗിക കടത്തുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന ജെഫ്റി എപ്സ്റ്റിന്റെ വനിത കൂട്ടാളി ​ഗിസ്ലെയിൻ മാക്സ്വെല്ലുമായി ബന്ധപ്പെട്ട കേസിലെ രേഖകൾ പുറത്ത് വിടാൻ യു എസ് നീതിന്യായ വകുപ്പിന് അനുമതി നൽകി യു എസ് കോടതി.എപ്സ്റ്റിനും മാക്സ്വെല്ലുമായി ബന്ധപ്പെട്ട രേ​ഖകൾ പുറത്ത് വിടണമെന്ന് പുതിയ നിയമം പാസാക്കിയതിന് ശേഷമാണ് കോടതി തീരുമാനം പുറത്ത് വന്നത്. എന്നാൽ ഞെട്ടിപ്പിക്കുന്നതായി ഒന്നും ഈ ഫയലിൽ നിന്നും പ്രതീക്ഷിക്കരുതെന്ന് ജഡ്ജി പറഞ്ഞു. എപ്സ്റ്റിനും, മാക്സ്വെല്ലുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ രേ​ഖകളിൽ ഉൾപ്പെടുന്നുള്ളു. പ്രായപൂർത്തിയാകാത്തവരുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ട മറ്റ് വ്യക്തികളുടെ വിവരങ്ങൾ ഇതിൽ ഇല്ല എന്നും ജഡ്ജ് പോൾ എ എം​ഗൽമെയർ പറഞ്ഞു.എപ്സ്റ്റീനും, മാക്സ്വെല്ലും ഒഴികെയുള്ള ആരും പ്രായപൂർത്തിയാകാത്തവരുമായി ലൈം​ഗികബന്ധത്തിൽ ഏർപ്പെട്ടത് തിരിച്ചറിയപ്പെട്ടിട്ടില്ല എന്ന് ജഡ്ജിയുടെ വിധിന്യായത്തിൽ പറയുന്നു. എപ്സ്റ്റീൻ ഫയൽ ട്രാൻസ്പരൻസി ആക്ട് നിലവിൽ വന്നതോടെ രഹസ്യ ഉത്തരവുകൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൽ നീതിന്യായ വകുപ്പ് പുതുക്കിയിട്ടുണ്ട്. മാസങ്ങളുടെ സമ്മർദത്തിന് ശേഷമാണ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ് നിയമത്തിൽ ഒപ്പ് വയ്ക്കാൻ തയ്യാറായത്.

നിരവധി പെൺകുട്ടികളെ കടത്തികൊണ്ട് പോയി ലൈം​ഗികമായി പീഡിപ്പിച്ച കേസിൽ കുപ്രസിദ്ധനാണ് എപ്സ്റ്റിൻ. 2006-ലാണ് എപ്സ്റ്റിൻ അറസ്റ്റിലാകുന്നത്. 2019-ൽ വിചാരണകാലഘട്ടത്തിൽ എപ്സ്റ്റിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഗിസ്ലെയ്ൻ മാക്സ്വെൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഫ്ലോറിഡയിലെ ഒരു ഫെഡറൽ ജയിലിൽ നിന്ന് ടെക്സസിലെ ഒരു ജയിൽ ക്യാമ്പിലേക്ക് അവരെ മാറ്റിയിരുന്നു.

2003 കാലഘട്ടങ്ങളിൽ എപ്സ്റ്റീനും ട്രംപും സുഹൃത്തുക്കളായിരുന്നു. ജെഫ്രി എപ്സ്റ്റിന് ജന്മദിനാശംസകൾ നേർന്ന്കൊണ്ടുള്ള ഡൊണൾഡ് ട്രംപിന്റെ അശ്ലീല കുറിപ്പുകളും ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ട്രംപിനെ കൂടാതെ നിരവധി പ്രമുഖരുടെ പേരുകൾ എപ്സ്റ്റിൻ കേസുമായി ബന്ധപ്പെട്ട് പുറത്ത് വന്നത് അമേരിക്കയിൽ വിവിധ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു