ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ ഊർധശ്വാസം വലിക്കുന്നു. കോട്ടയം മെഡിക്കൽ കോളജും അവഗണനയുടെ വക്കിൽ. മതിയായ ഡോക്ടർമാരുടെ കുറവും കേടുവന്ന ഉപകരണങ്ങൾ സമയത്തു മാറ്റിവെക്കാത്തതുമെല്ലാം പ്രതിസന്ധി വർധിപ്പിക്കുന്നു
ആതുര ശുശ്രൂഷാ കേന്ദ്രങ്ങൾ ഊർധശ്വാസം വലിക്കുന്നു. കോട്ടയം മെഡിക്കൽ കോളജും അവഗണനയുടെ വക്കിൽ. മതിയായ ഡോക്ടർമാരുടെ കുറവും കേടുവന്ന ഉപകരണങ്ങൾ സമയത്തു മാറ്റിവെക്കാത്തതുമെല്ലാം പ്രതിസന്ധി വർധിപ്പിക്കുന്നു
കോട്ടയം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണക്ഷാമം ചൂണ്ടിക്കാട്ടിയുള്ള യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ഹസന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നു കേരളം ചർച്ച ചെയ്യുന്ന പ്രധാന വിഷയങ്ങളിൽ ഒന്ന്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജിലും ഇതേ സാഹചര്യം തന്നെയാണു നിലനിൽക്കുന്നത്.
ആരോഗ്യമേഖലയുടെ നട്ടെല്ലായ മെഡിക്കൽ കോളജിലെ പ്രതിസന്ധി സാധാരണക്കാരായ രോഗികളെയാണു ബാധിക്കുന്നത്. മധ്യ കേരളത്തിലെ പ്രധാനപ്പെട്ട മെഡിക്കൽ കോളജുകളിൽ ഒന്നാണു കോട്ടയത്തേത്.
പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നിന്നടക്കം ആയിരക്കണക്കിന് ആളുകളാണു ചികിത്സ തേടി കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തുന്നത്.എന്നാൽ, കോട്ടയം മെഡിക്കൽ കോളജിൽ കേടായ ഉപകരണങ്ങൾ കൃത്യ സമയത്തു മാറിവെക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപ്രതി നേത്ര വിഭാഗത്തിലെ ലേസർ മെഷീൻ തകരാറിലായി കിടന്നത് ഒരു വർഷത്തോളാണ്.
രോഗികൾ ചികിത്സ കിട്ടാതെ പ്രതിസന്ധിയിലായിട്ടും നടപടി എടുത്തിരുന്നില്ല. ഇവിടത്തെ ഒ.സി.ടി മെഷീന്റെ പ്രവർത്തനവും കാര്യക്ഷമമല്ലെന്നും ആരോപണം ഉണ്ട്. റെറ്റിനയിലെ ഞരമ്പിന്റെ ആരോഗ്യം നിർണയിക്കുന്നതു ഒസിടി മെഷീൻ വഴിയാണ്.കണ്ണിലെ പ്രഷർ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ വിവിധങ്ങളായ നേത്ര രോഗങ്ങൾക്കു ലേസർ ചികിത്സ ആവശ്യമാണ്. എന്നാൽ, മെഡിക്കൽ കോളജ് ആശുപത്രിയിലെ ലേസർ മെഷീൻ പ്രവർത്തനരഹിതമായത് ഒരു വർഷത്തോളമാണ്.
വാർത്തകളും ജനങ്ങളുടെ പ്രതിഷേധവും ശക്തമായതോടെയാണ് അധികൃതർ ചെറുവിരലെങ്കിലും അനക്കിയത്.കഴിഞ്ഞ ഒരു വർഷക്കാലം സ്വകാര്യ കണ്ണാശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലായിരുന്നു രോഗികൾ.
സ്വകാര്യ കണ്ണാശുപത്രിയിൽ ഒരു തവണ ലേസർ ചെയ്യണമെങ്കിൽ 3000 മുതൽ 4000 രൂപ വരെ നൽകണം. മറ്റു ഡിപ്പാർട്ടുമെന്റുകളിലേയും അവസ്ഥയും വ്യത്യസ്ഥമല്ല.
മതിയായ ഡോക്ടർമാർ ഇല്ലാത്തതിനാൽ ന്യൂറോ വിഭാഗത്തിൽ ഉൾപ്പെടെ ശസ്ത്രക്രിയ മുടങ്ങുകയാണെന്നും പരാതിയുണ്ട്. ന്യൂറോ, കാർഡിയോളജി, മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിൽ മതിയായ ഡോക്ടർമാർ കോട്ടയം മെഡിക്കൽ കോളജിൽ ഇല്ല.
ശസ്ത്രക്രിയകൾക്കു കാലതാമസം.വരുന്ന അവസ്ഥയും ഇവിടെയുണ്ട്. കിടത്തി ചികിത്സയ്ക്ക് ആവശ്യമായ കിടക്കകൾ പോലും ഇവിടെ പലപ്പോഴായും ഉണ്ടാകാറില്ല.
അതോടൊപ്പം തന്നെ മരുന്നുകളുടെ ക്ഷാമം മൂലം പലപ്പോഴും രോഗികളിൽ പലരും പുറത്തു നിന്നാണു മരുന്നുകൾ അമിതമായ വിലകൊടുത്തു വാങ്ങുന്നത്.
പരിമിതികൾ ഏറെയാണു കോട്ടയം മെഡിക്കൽ കോളജിനുള്ളത്. ഡോ. ഹാരിസ് ഹസൻ്റെ വെളിപ്പെടുത്തൽ ഗൗരവമായി എടുക്കുമെന്നാണ് ആരോഗ്യവകുപ്പ് പറഞ്ഞിട്ടുള്ളത്.
എന്നാൽ, എന്തെങ്കിലും തട്ടിക്കൂട്ടു നടപടികൾ മാത്രം സ്വീകരിക്കാതെ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് ഉതകുന്ന നടപടി വേണമെന്നാണു രോഗികളുടെ ആവശ്യം.













