കേരള സർവ്വകലാശാല രജിസ്ട്രാറായി ഡോ. കെ എസ് അനിൽകുമാറിന് തുടരാം; സിൻഡിക്കേറ്റ് തീരുമാനം ശരിവെച്ച് ഹൈക്കോടതി
Keralam
കൊച്ചി: ഡോ. കെ എസ്
അനിൽകുമാറിന് കേരള സർവകലാശാല രജിസ്ട്രാറായി തുടരാം എന്ന് ഹൈക്കോടതി ഉത്തരവ്.അനിൽകുമാർ നൽകിയ ഹർജി പിൻവലിക്കാൻ അനുവദിച്ചാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ സിംഗിൾ ബെഞ്ച് ഈ നടപടി സ്വീകരിച്ചത്. സസ്പെൻഷൻ റദ്ദാക്കിയതിൽ എതിർപ്പുണ്ടെങ്കിൽ, വൈസ് ചാൻസലർ ഉചിതമായ അതോറിറ്റിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.രജിസ്ട്രാറിന്റെ സസ്പെൻഷൻ റദ്ദാക്കാൻ സിൻഡിക്കേറ്റിന് അധികാരം ഉണ്ടെന്ന് സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ഇത് നിയമപരമായ വിഷയമാണെന്നും കോടതി നിരീക്ഷിച്ചു.
രജിസ്ട്രാറിന്റെ സസ്പെൻഷൻ റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് താൽക്കാലിക വൈസ് ചാൻസലർ സിസ തോമസ് ഗവർണർക്ക് റിപ്പോർട്ട് നൽകി. സിൻഡിക്കേറ്റ് തീരുമാനം നിയമസാധുതയില്ലെന്നും, രജിസ്ട്രാറിന്റെ ചുമതല മിനി കാപ്പന് നൽകിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു.ഗവർണർ രാജേന്ദ്ര ആർലേക്കർ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ വിവാദത്തെ തുടർന്നാണ് രജിസ്ട്രാറിനെ സസ്പെൻഡ് ചെയ്തത്.
ഗവർണറോട് അനാദരവ് കാണിച്ചെന്നും സർവകലാശാലയുടെ പ്രതിച്ഛായക്ക് ദോഷം വരുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ രജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്‌തത്. ഈ നടപടി ചോദ്യം ചെയ്ത് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.













