സിപിഎമ്മിനേയും സർക്കാരിനേയും വീണ്ടും പ്രതിരോധത്തിലാക്കി മന്ത്രി സജി ചെറിയാൻ. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് തന്റെ ജീവൻ നിലനിർത്താനായതെന്ന് മന്ത്രി
Keralam
പത്തനംതിട്ട: വീണ്ടും വിവാദപ്രസ്താവനയുമായി മന്ത്രി സജി ചെറിയാൻ. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി, അങ്ങനെയാണ് ജീവൻ നിലനിർത്തിയതെന്ന് മന്ത്രി സജി ചെറിയാൻ.സ്വകാര്യ ആശുപത്രിയിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ലെന്ന ന്യായീകരണത്തിനിടെ ആയിരുന്നു മന്ത്രി ഇങ്ങനെ പറഞ്ഞത്.
2019-ൽ ഡെങ്കിപ്പനി വന്നപ്പോൾ ഞാൻ സർക്കാർ ആശുപത്രിയിലായിരുന്നു പോയത്. സർക്കാർ ആശുപത്രിയിലെ ചികിത്സ കൊണ്ട് മരിക്കാൻ സാധ്യത വന്നപ്പോൾ എന്നെ അമൃത ആശുപത്രിയിൽ കൊണ്ടുപോകാൻ ശുപാർശ ചെയ്തു.എന്നെ അമൃതയിൽ കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ 14 ദിവസം ബോധമില്ലായിരുന്നു. ഞാൻ രക്ഷപ്പെട്ടു. അപ്പോൾ അമൃത ആശുപത്രി മോശമാണോ. അതൊക്കെ ഈ നാട്ടിൽ വ്യവസ്ഥാപിതമായ കാര്യങ്ങളാണ്, എന്നായിരുന്നു മന്ത്രിയുടെ വാക്കുകൾ.
കോൺഗ്രസും ബിജെപിയും ഇപ്പോൾ കിടക്കുന്നത് ഒരേ കട്ടിലിൽ. വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാം. വീണ ജോർജ് എന്ത് തെറ്റാണ് ചെയ്‌തത്? മന്ത്രി ചോദിച്ചു.വീണ ജോർജിൻ്റെ ഭരണത്തിൽ കേരളത്തിലെ ആരോഗ്യ മേഖല വളരുകയാണ് ചെയ്‌തത്. വിമാന അപകടത്തെ തുടർന്ന് വ്യോമയാന മന്ത്രി രാജിവച്ചോ? ആരോഗ്യമേഖല വെന്റിലേറ്ററിൽ എന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന ആരെ സുഖിപ്പിക്കാനാണെന്നും അദ്ദേഹം ചോദിച്ചു.
സർക്കാർ ആശുപത്രികൾ പാവപ്പെട്ടവന്റെ അത്താണിയാണെന്നും വീണ ജോർജിനെ എതിരായ സമരത്തിന്റെ മറവിൽ സ്വകാര്യ കുത്തക ആശുപത്രികളെ വളർത്താൻ ഗൂഢനീക്കം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അങ്ങനെയാണ് ജീവൻ നിലനിർത്തിയത്.
വീണ ജോർജിനെയും പൊതുജനാരോഗ്യത്തെയും സിപിഎം സംരക്ഷിക്കും. ഇപ്പോ നടക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നാടകങ്ങൾ.
പ്രതിപക്ഷത്തിന് വട്ടു പിടിച്ചു. അധികാരം കിട്ടാത്തതിന്റെ ഭ്രാന്ത്. എൽഡിഎഫ് മൂന്നാമത് അധികാരത്തിൽ വരുമെന്നതിന്റെ വെപ്രാളം ആണ് യുഡിഎഫിന്.അതിന്റെ തെളിവാണ് നേതാക്കന്മാർ ക്യാപ്റ്റനും മേജറും ജവാനും ഒക്കെയായി സ്ഥാനമാനങ്ങൾ തീരുമാനിക്കുന്നത്, " മന്ത്രി സജി ചെറിയാൻ പറഞ്ഞു.













