*ശബരിമല സ്വർണക്കവർച്ച കേസ്; പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട പരിശോധന, എ പത്മകുമാറിന്റെ വീട്ടിലെ എസ്ഐടിയുടെ പരിശോധന പൂർത്തിയായി, നിർണ്ണായക രേഖകൾ ലഭിച്ചതായി സൂചന*

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*ശബരിമല സ്വർണക്കവർച്ച കേസ്; പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട പരിശോധന, എ പത്മകുമാറിന്റെ വീട്ടിലെ എസ്ഐടിയുടെ പരിശോധന പൂർത്തിയായി, നിർണ്ണായക രേഖകൾ ലഭിച്ചതായി സൂചന*

*ശബരിമല സ്വർണക്കവർച്ച കേസ്; പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട പരിശോധന, എ പത്മകുമാറിന്റെ വീട്ടിലെ എസ്ഐടിയുടെ പരിശോധന പൂർത്തിയായി, നിർണ്ണായക രേഖകൾ ലഭിച്ചതായി സൂചന*

 *പത്തനംതിട്ട* : ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ വീട്ടിൽ നടന്ന എസ്ഐടിയുടെ പരിശോധന പൂർത്തിയായി. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നടന്ന പരിശോധനയാണ് അർദ്ധരാത്രിയോടെയാണ് പ്രത്യേക അന്വേഷണ സംഘം പൂർത്തിയാക്കിയത്. പന്ത്രണ്ട് മണിക്കൂറിലേറെ നീണ്ട പരിശോധനയിൽ നിർണായക രേഖകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

തിരുവനന്തപുരത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30ഓടെയാണ് പ്രത്യേക അന്വേഷണ സംഘം എ പത്മകുമാറിനെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള അറസ്റ്റായതിനാൽ ഏറെ കരുതലോടെയാണ് എസ്ഐടി സംഘം നീക്കങ്ങൾ നടത്തിയത്. റിമാൻഡ് റിപ്പോർട്ടിലും സ്വർണക്കൊള്ളയിൽ പത്മകുമാറിൻ്റെ ഇടപെടൽ എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.

പത്മകുമാറിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. എ. പത്മകുമാർ നടപടിക്രമങ്ങൾ മറികടന്നുകൊണ്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്വർണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ ഗൂഢാലോചന നടത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മരാമത്ത് പ്രെസീജയർ മറികടന്ന് പത്മകുമാർ പോറ്റിയെ സഹായിച്ചെന്നാണ് കണ്ടെത്തൽ. 2019ൽ ചേർന്ന ദേവസ്വം യോഗത്തിൽ പത്മകുമാർ സ്വന്തം കൈപ്പടയിൽ പച്ചമഷികൊണ്ട് ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്വർണപ്പാളികൾ പോറ്റിയുടെ കൈവശം കൊടുത്തുവിടാൻ ബോർഡിൽ ആദ്യനിർദ്ദേശം വച്ചതും പത്മകുമാറാണ്. ബോർഡിന് മാത്രമായി ഇങ്ങനെയൊരു തീരുമാനമെടുക്കാനാവില്ലെന്ന് അംഗങ്ങളായ കെ പി ശങ്കരദാസും എ വിജയകുമാറും നിലപാടെടുത്തതോടെ പോറ്റിക്ക് സ്വർണപ്പാളി കൈമാറാനായില്ല.പിന്നാലെയാണ് ഉദ്യോഗസ്ഥ ശുപാർശയോടെ ഔദ്യോഗിക രേഖയാക്കി ഫയൽനീക്കം തുടങ്ങിയത്. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബുവാണ് ചുക്കാൻ പിടിച്ചത്. ഇതിനായി ബോർഡ് ഉദ്യോഗസ്ഥരുടെ ഓഫീസുകളിലെത്തി പത്മകുമാർ സമ്മർദ്ദം ചെലുത്തി. അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, എക്സിക്യുട്ടീവ് ഓഫീസർ, തിരുവാഭരണം കമ്മിഷണർ, ദേവസ്വം കമ്മിഷണർ എന്നിവരുടെ ശുപാർശയോടെ ഫയൽ ബോർഡിലെത്തിക്കുകയായിരുന്നു.ദേവസ്വം കമ്മിഷണറായിരുന്ന എൻ വാസു ഈ ഫയൽ നീക്കത്തിനിടെയാണ് സ്വർണം പൂശിയ പാളികളെന്നത് വെറും ചെമ്പുപാളികളാക്കിയത്. വാസുവിന്റെ ശുപാർശയോടെ ഫയലെത്തിയതോടെ യാതൊരു പരിശോധനയുമില്ലാതെ സ്വർണപ്പാളി പോറ്റിക്ക് കൊടുക്കാൻ തീരുമാനമെടുത്തു.

സ്വർണക്കവർച്ച കേസിൽ എ. പത്മകുമാറിനെതിരെ കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിൽ ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ. പി ശങ്കരദാസിനെയും പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ഇതിനായി ഉടൻ നോട്ടീസ് നൽകും. ഇവർ കൂടി അംഗങ്ങളായ ബോർഡിലാണ് കട്ടിളപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്ത് വിടുന്നതിന് എ. പത്മകുമാർ ആദ്യം ഇടപെടൽ നടത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം ബോർഡിന് അപേക്ഷ നൽകട്ടെ എന്നതായിരുന്നു അന്ന് എൻ. വിജയകുമാറും കെ. പി ശങ്കരദാസും എടുത്ത നിലപാട്. നേരത്തെ ഇവര് രണ്ടുപേരെയും അന്വേഷണസംഘം പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയിരുന്നു.

സ്വർണ്ണകൊള്ളയിൽ എ. പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭിച്ച സാഹചര്യത്തിലാണ് കാര്യത്തിൽ വ്യക്തത വരുത്താനായി ഇരുവരെയും വിളിപ്പിക്കുക. എ. പത്മകുമാറിനെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. എൻ. വാസുവിനെ വീണ്ടും ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.