ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇതുവരെ ആറ് പേർ അകത്ത്. അയ്യപ്പസംഗമത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും അനുകൂലിച്ച എൻ.എസ്.എസ് നേതൃത്വത്തിന് മിണ്ടാട്ടമില്ല. മുരാരി ബാബുവും പത്മകുമാറും കേസിൽ കുടുങ്ങിയതിൽ വെട്ടിലായി നേതൃത്വം. അറസ്റ്റും അന്വേഷണവും തുടരുന്നതിനിടെ മൗനിബാബയായി ജനറൽസെക്രട്ടറി സുകുമാരൻ നായർ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ആറ് പേർ അറസ്റ്റിലായിട്ടും ഒന്നും മിണ്ടാതെ എൻ.എസ്.എസ് നേതൃത്വം. സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമലയിൽ നടത്തിയ ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി രംഗത്ത് വന്നിരുന്നു.ശബരിമലയിൽ സർക്കാർ എടുത്ത നിലപാട് ശ്ലാഘനീയമെന്ന തരത്തിലായിരുന്നു സുകുമാരൻ നായരുടെ പ്രതികരണം. എന്നാൽ സ്വർണ്ണക്കൊള്ളയിൽ ഉദ്യോഗസ്ഥരും മുൻ ബോർഡ് പ്രസിഡന്റുമാരും അകത്തായിട്ടും മൗനിബാബയായി സുകുമാരൻ നായർ തുടരുകയാണ്.ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ ദേവസവം ബോർഡ് പ്രസിഡന്റും സി.പി.എം നേതാവുമായ എ. പത്മകുമാർ എന്നിവർ എൻ.എസ്.എസ് നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്.
അയ്യപ്പ സംഗമത്തിന്റെ പേരിൽ സർക്കാരിനെ ന്യായീകരിച്ച് എൻ.എസ്.എസ് ജനറൽ സെക്രട്ടറി രംഗത്തെത്തിയതിന് തൊട്ട് പിന്നാലെയാണ് പ്രത്യേക അന്വേഷണസംഘം മുരാരി ബാബുവിനെയടക്കം അറസ്റ്റ് ചെയ്യുന്നത്.അറസ്റ്റിന് മുമ്പ് തന്നെ പ്രാദേശിക കരയോഗ ഭാരവാഹിത്വത്തിൽ നിന്നും മുരാരി ഒഴിഞ്ഞിരുന്നു. മുരാരി ബാബുവിന്റെ ഭാര്യ എൻ.എസ്.എസ് ഹെഡ് ഓഫീസിലെ ജീവനക്കാരി കൂടിയാണ്.പത്മകുമാറുമായും സുകുമാരൻ നായർ അടുത്ത ബന്ധം പുലർത്തിയിരുന്നു. അദ്ദേഹം ദേവസ്വം ബോർഡ് പ്രസിഡൻ്റായിരുന്നപ്പോൾ പുറത്തുവന്ന യുവതീ പ്രവേശനത്തിന് അനുകൂലമായി കോടതിവിധിയിൽ നാമജപ പ്രതിഷേധം എൻ.എസ്.എസ് നടത്തിയിരുന്നു. യുവതീ പ്രവേശനവിധിയെ എതിർക്കുന്നവരുടെ കൂടെയാണ് അന്ന് പത്മകുമാർ നിലയുറപ്പിച്ചിരുന്നത്.എൻ.എസ്.എസ് നേതൃത്വവുമായും അന്ന് അദ്ദേഹം ആശയവിനിമയം നടത്തിയിരുന്നു. സി.പി.എം നേതാവാണെങ്കിലും അയ്യപ്പന്റെ വലിയ ഭക്തൻ കൂടിയായിരുന്നു പത്മകുമാർ എന്നതും സി.പി.എമ്മിന് അറിവുള്ള കാര്യമാണ്. അതുകൊണ്ട് തന്നെയാണ് ദേവസ്വം ബോർഡിന്റെ ചുമതല പത്മകുമാറിനെ ഏൽപ്പിച്ചതും.എന്നാൽ അതേ പത്മകുമാർ തന്നെ കൊള്ളയ്ക്ക് കൂട്ടു നിന്നുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ എൻ.എസ്.എസ് നേതൃത്വത്തിനും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് പ്രതികരണം നടത്താൻ ജനറൽ സെക്രട്ടറി ഇനിയും തയ്യാറായിട്ടില്ല. കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം മുന്നോട്ട് പോകട്ടെ എന്നുള്ള നിലപാടാണ്എ എൻ.എസ്.എസിനുള്ളത്.













