ബെർത്ത് ഡേ ആഘോഷത്തിന് പണം കണ്ടെത്താൻ ഐ ഫോൺ പണയം വെച്ചു. അത് തിരിച്ചെടുക്കുന്നതിന് റെയിൽവേ സാമഗ്രികൾ മോഷ്ടിച്ച് വിൽപ്പന നടത്താൻ ശ്രമം: യുവാക്കൾ പിടിയിൽ
റിപ്പോർട്ട്: ശ്രീജ സദാശിവൻ
കൊല്ലം : റെയിൽവേയുടെ
സാധനസാമഗ്രികൾ മോഷ്ടിച്ച് ആക്രിക്കടകളിൽ വിൽക്കാൻ ശ്രമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ സംരക്ഷണസേന(ആർപിഎഫ്)യും പുനലൂർ റെയിൽവേ പോലീസും ചേർന്ന് രണ്ടുപേരെ പിടികൂടി.
ആവണീശ്വരം സ്വദേശികളായ അനന്തു (24), ഷോബിൻ (41)എന്നിവരാണ് പിടിയിലായത്.റെയിൽവേയുടെ സാധനസാമഗ്രികൾ മോഷണം പോകുന്നതായി നേരത്തേ പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിന്മേൽ അന്വേഷണം നടത്തുന്നതിനിടയിലാണ് പുനലൂരിലുള്ള ആക്രിക്കടകളിൽ റെയിൽവേയുടെ സാധനങ്ങൾ വിൽക്കാൻ രണ്ടുപേർ എത്തിയതായി വിവരം ലഭിക്കുന്നത്. ആർപിഎഫിന്റെ ക്രൈംബ്രാഞ്ച് യൂണിറ്റ് സർക്കിൾ ഇൻസ്പെക്ടർ നിഷാന്തിന്റ് നേതൃത്വത്തിൽ ഇവരെ പിന്തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.അനന്തുവിന്റെ ജന്മദിനാഘോഷങ്ങൾക്കായി പണം കണ്ടെത്താൻ ഐ ഫോൺ പണയം വെച്ചിരുന്നെന്നും ഇത് വീണ്ടെടുക്കുന്നതിന് റെയിൽവേ ഭൂമിയിൽ കിടന്ന റെയിലുകൾ കഴിഞ്ഞ 19-ന് ഇയാളുടെ ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്നും എസ്എച്ച്ഒ ജി. ശ്രീകുമാർ പറഞ്ഞു .













