മുളക്കുളത്ത് മൂന്നു മുന്നണിക്കും തലവേദനയായി വിമതന്മാർ. മുന്നണി നേതൃത്വം ആശങ്കയിൽ. വിമതൻമാർ വോട്ട് പിടിക്കാതിരിക്കാൻ നീക്കങ്ങളുമായി പാർട്ടികൾ.

Keralanewsmedia:online

മുളക്കുളത്ത് മൂന്നു മുന്നണിക്കും തലവേദനയായി വിമതന്മാർ. മുന്നണി നേതൃത്വം ആശങ്കയിൽ. വിമതൻമാർ വോട്ട് പിടിക്കാതിരിക്കാൻ നീക്കങ്ങളുമായി പാർട്ടികൾ.

കടുത്തുരുത്തി: മുളക്കുളത്ത് മൂന്നുമുന്നണിക്കും തലവേദനയായി വിമതന്മാർ മത്സരരംഗത്ത് ഉറച്ചു നിൽക്കുന്നു.മൂന്നു പഞ്ചായത്തിലും വിമതൻമാരുള്ള ജില്ലയിലെ അപൂർവം പഞ്ചായത്തുകളിൽ ഒന്നാണ് മുളക്കുളം.

പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോഴും പിൻമാറാൻ വിമതൻമാർ തയാറായില്ല.മുളക്കുളം പഞ്ചായത്തിലെ പതിനാലാം വാർഡിൽ സി.പി.എം. കീഴൂർ ലോക്കൽ കമ്മിറ്റി അംഗവും ആറാം വാർഡിൽ കോൺഗ്രസിന്റെ നിലവിലെ പഞ്ചായത്ത് അംഗവും എട്ടാം വാർഡിൽ ബി.ഡി.ജെ.എസുമാണ് മുന്നണി സ്ഥാനാർഥികൾക്കെതിരെ മത്സര രംഗത്തുള്ളത്.എൽ.ഡി.എഫ്. മുന്നണിയിൽ കേരള കോൺഗ്രസ് എമ്മിന് നൽകിയ 14-ാം വാർഡിലാണു സി.പി.എം. കീഴൂർ ലോക്കൽ കമ്മിറ്റിയംഗവും മുൻ പഞ്ചായത്തംഗവുമായ ജോർജുകുട്ടി ആനക്കുഴി മത്സര രംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർഥിയായാണു ജോർജുകുട്ടി മത്സരിക്കുന്നത്.ഇവിടെ എൽ.ഡി.എഫ്.സ്ഥാനാർഥിയായി മത്സരിക്കുന്നത് കേരള കോൺഗ്രസ് എമ്മിലെ ജോബി ജോസഫാണ്. ആറാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിക്കു റിബലായാണ് നിലവിലെ മൂന്നാം വാർഡ് അംഗമായ കോൺഗ്രസിലെ എ.കെ. ഗോപാലൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നത്.അവിടെ കോൺഗ്രസിലെ ജിജിമോൻ മാത്യുവാണു യു.ഡി.എഫ് സ്ഥാനാർഥി.

എൻ.ഡി.എ മുന്നണിയിൽ 8-ാം വാർഡിൽ ബി.ജെ.പി. സ്ഥാനാർഥി എം.വി. കുട്ടപ്പനെതിരെ ബി.ഡി.ജെഎസിലെ കെ.എം ശശിയും മത്സര രംഗത്തുണ്ട്.

അതേസമയം, വിമതൻമാർ വോട്ട് പിടിക്കാതിരിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് മുന്നണികൾ. വിമതൻമാർ ഉള്ള വാർഡുകളിൽ ശക്തമായ പ്രചാരണമാണ് പാർട്ടികൾ നടത്തുന്നത്.