പെരുമാറ്റചട്ടലംഘനം: രേഖകൾ ഹാജരാക്കണം - ജില്ലാ കലക്ടർ*

റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പെരുമാറ്റചട്ടലംഘനം: രേഖകൾ ഹാജരാക്കണം - ജില്ലാ കലക്ടർ*

തെളിവുകളോ രേഖകളോ ഹാജരാക്കുന്നതിലൂടെ പെരുമാറ്റചട്ടലംഘന പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കാനാകുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. നിരീക്ഷണസമിതിയോഗത്തില്‍ അധ്യക്ഷതവഹിക്കവേ പോസ്റ്റല്‍വോട്ടുകള്‍ ശേഖരിക്കാന്‍ അനധികൃതമായി ശ്രമിക്കുന്നുവെന്ന പരാതിക്ക് രേഖകളില്ലെന്ന അപര്യാപ്തത ചൂണ്ടിക്കാട്ടി. ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച പരാതികളെല്ലാം ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡിന്റെ നടപടികളിലൂടെ തീര്‍പ്പാക്കുകയാണ്. പുനലൂര്‍ നഗരസഭയില്‍ സ്റ്റേഡിയം വാടകയ്ക്ക് നല്‍കുന്നതുമായി ബന്ധപ്പെട്ട യോഗം ചേരേണ്ടതില്ല. തൃക്കോവില്‍വട്ടം പഞ്ചായത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷ സംസ്ഥാനതല സമിതിക്ക് കൈമാറാനും നിര്‍ദേശിച്ചു.

സമിതി കണ്‍വീനറായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എസ്. സുബോധ്, അംഗങ്ങളായ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, ഫിനാന്‍സ് ഓഫീസര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍ 3414/2025)

*മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍ ; പരാതികള്‍ പൊലിസിലേക്ക് - ജില്ലാ കലക്ടര്‍*

നവമാധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നടത്തുന്ന അപകീര്‍ത്തികരമായ പരാമര്‍ശങ്ങളും ഇതരചിത്രീകരണങ്ങളും പൊലിസിന് കൈമാറി ശക്തമായ നടപടിക്ക് ശുപാര്‍ശചെയ്ത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. റോഡ് അറ്റകുറ്റപണിയുടെ പേരില്‍ ജനപ്രതിനിധിയെ വ്യക്തിപരമായും രാഷ്ട്രീയമായും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് പൊലിസ് അന്വേഷണത്തിന് തീരുമാനിച്ചത്. സൈബര്‍ പൊലിസിന്റെ ഇടപെടല്‍ സമാനമായ മറ്റൊരു പരാതിയിലും നിര്‍ദേശിച്ചു. ഫെയ്‌സ്ബുക്കിലൂടെ വ്യക്തിത്വസാമ്യം സൃഷ്ടിച്ച് ആക്ഷേപിക്കുന്നതായി ലഭിച്ച പരാതിയും ശാസ്ത്രീയപരിശോധനയക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചു. നവമാധ്യമങ്ങളിലൂടെ നടത്തുന്ന നിയമലംഘനങ്ങള്‍ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കര്‍ശനനടപടികള്‍ക്ക് വിധേയമാക്കുമെന്ന മുന്നറിയിപ്പും നല്‍കി.

കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ ഐ ആന്റ് പി.ആര്‍.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, മാധ്യമവിദഗ്ധരായ കെ. രാജന്‍ ബാബു, ഇഗ്നേഷ്യസ് പെരേര, ലോ ഓഫീസര്‍ എസ്. അരുണ്‍ കുമാര്‍ തിരഞ്ഞെടുപ്പ് വിഭാഗം സൂപ്രണ്ട് കെ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍ 3415/2025)

*തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം സ്ഥാനാര്‍ത്ഥികള്‍ കര്‍ശനമായി പാലിക്കണം: ജില്ലാ കലക്ടര്‍*

തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കണമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. തിരഞ്ഞെടുപ്പ് സംബന്ധിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാനാര്‍ത്ഥികളെ അറിയിക്കാന്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ അധ്യക്ഷത വഹിക്കവേ ആന്റി ഡീഫേസ്മെന്റ് സ്‌ക്വാഡുകള്‍ സജീവമാണെന്നും പൊതുയിടങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച 200ലധികം പ്രചാരണ സാമഗ്രികള്‍ മാറ്റിയെന്നും അറിയിച്ചു. പെരുമാറ്റ ചട്ടലംഘനങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ജില്ലാ പെരുമാറ്റച്ചട്ട നിരീക്ഷണ സമിതി നടപടി സ്വീകരിക്കും.

ജനങ്ങളുടെ അടിസ്ഥാനആവശ്യങ്ങളുമായി ബന്ധപ്പെടുന്ന പദ്ധതികളല്ലാതെ തദ്ദേശസ്ഥാപനതലത്തിലുള്ള പദ്ധതികള്‍ക്ക് സമിതി നിലവില്‍ അനുമതി നല്‍കില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉടനീളം ഹരിതചട്ടം പാലിക്കണം. പരിസ്ഥിതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ പോളിങ്, വോട്ടെണ്ണല്‍, വിതരണകേന്ദ്രങ്ങളില്‍ ഉപയോഗിക്കരുത്. വോട്ടിംഗ്‌യന്ത്രങ്ങളില്‍ ബാലറ്റ് പേപ്പര്‍ സ്ഥാപിക്കുന്ന പ്രക്രിയയിലും ഹരിതചട്ടം ബാധകമാണ്. കണ്ട്രോള്‍, ബാലറ്റ് യൂണിറ്റുകള്‍ അടങ്ങുന്ന വോട്ടിംഗ്‌യന്ത്രത്തില്‍ ജില്ലാ പഞ്ചായത്തിനായി ഉപയോഗിക്കുന്നത് നീലനിറത്തിലുള്ള ബാലറ്റ് പേപ്പറും ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ക്ക് യഥാക്രമം പിങ്ക്, വെള്ള ബാലറ്റ് പേപ്പറുകളുമാണ്.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളില്‍ മൂന്ന് വോട്ട് വീതം രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥര്‍ക്ക് തത്തുല്യ എണ്ണം ബാലറ്റ് വീതവും നഗരസഭ/കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ ഒരോ പോസ്റ്റല്‍ ബാലറ്റും അനുവദിച്ചിട്ടുണ്ട്. പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തേണ്ട ഫോം 15 തിരഞ്ഞെടുപ്പ് ദിനത്തിന് അഞ്ചു ദിവസം മുന്‍പ് നല്‍കണം. തിരഞ്ഞെടുപ്പിനു നിയോഗിച്ച ഉത്തരവിന്റെ പകര്‍പ്പും നല്‍കണം. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പോസ്റ്റല്‍ ബാലറ്റ് ഉപയോഗിക്കാം.

പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തും.

തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ, സൂപ്രണ്ട് രമേശ് മാധവന്‍, സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  (പി.ആര്‍.കെ നമ്പര്‍ 3416/2025)

*എസ്.ഐ.ആര്‍; മെഗാകളക്ഷന്‍ക്യാമ്പുകള്‍*  

സംക്ഷിപ്ത വോട്ടര്‍പട്ടിക (എസ്.ഐ.ആര്‍) പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകള്‍-വില്ലേജ് ഓഫീസ്തലങ്ങളില്‍ നവംബര്‍ 29, 30 തീയതികളില്‍ എന്യൂമറേഷന്‍ ഫോം തിരികെവാങ്ങാനുള്ള മെഗാകളക്ഷന്‍ ക്യാമ്പുകള്‍ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.

(പി.ആര്‍.കെ നമ്പര്‍ 3417/2025)

*തീയതി മാറ്റി*

ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ നിശ്ചയിച്ചിരുന്ന ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് തിരഞ്ഞെടുപ്പ് ജോലികളുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു.  

  (പി.ആര്‍.കെ നമ്പര്‍ 3418/2025)

*കക്ക വാരല്‍ നിരോധിച്ചു*

കക്കവര്‍ഗത്തില്‍പെട്ട ജീവികളുടെ വംശവര്‍ദ്ധനവ് നിലനിര്‍ത്തുന്നതിനായി ഡിസംബര്‍ ഒന്ന് മുതല്‍ 2026 ഫെബ്രുവരി 28 വരെയുള്ള കാലയളവില്‍ കക്ക വാരല്‍ നിരോധിച്ചു. അഷ്ടമുടികായല്‍, പരവൂര്‍ കായല്‍, ടി.എസ് കനാലിന്റെ ജില്ലയില്‍ഉള്‍പ്പെടുന്ന ഭാഗങ്ങളിലുമാണ് കക്ക വാരുന്നതും ഓട്ടിവെട്ടുന്നതിനും കായല്‍പുറംപോക്കില്‍ കക്കവാരി ശേഖരിക്കുന്നതിനും വിപണനം നടത്തുന്നതിനും ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.

  (പി.ആര്‍.കെ നമ്പര്‍ 3419/2025)

*ഗതാഗതനിയന്ത്രണം*

പത്തനാപുരം-ഏനാത്ത് റോഡില്‍ കവലയില്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ മുതല്‍ മഞ്ചള്ളൂര്‍ ജംഗ്ഷന്‍ വരെ റോഡ് നിര്‍മാണപ്രവര്‍ത്തിക്കായി നവംബര്‍ 29 മുതല്‍ ഡിസംബര്‍ രണ്ട് വരെ ഗതാഗതം നിരോധിച്ചതായി കെ.ആര്‍.എഫ്.ബി-പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു.

  (പി.ആര്‍.കെ നമ്പര്‍ 3420/2025)