രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് വേണ്ട; മരുന്നുകൾ നൽകുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐഎപി
Keralanewsmedia
കുട്ടികൾക്ക് ചുമയുടെ മരുന്ന് നൽകുമ്പോൾ രക്ഷിതാക്കളും ആരോഗ്യ പ്രവർത്തകരും ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് കേരള (ഐഎപി) അറിയിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ (ഡിജിഎച്ച്എസ്) പുതിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎപി പ്രസിഡന്റ് ഡോ. ഐ റിയാസ്, സെക്രട്ടറി ഡോ. ആർ ഗോപിമോഹൻ എന്നിവർ ഈ നിർദ്ദേശം നൽകിയത്.
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിൽ മിക്ക ചുമ രോഗങ്ങളും സ്വയം ഭേദമാകുന്നവയാണെന്നും അവയ്ക്ക് മരുന്നിന്റെ ആവശ്യമില്ലെന്നും ഐഎപി പറയുന്നു. അതിനാൽ തന്നെ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് ചുമ മരുന്നുകളുടെ പതിവായ ഉപയോഗം അനാവശ്യവും സുരക്ഷിതമല്ലാത്തതുമാണ് എന്നും ഐഎപി മുന്നറിയിപ്പ് നൽകുന്നു.
രക്ഷിതാക്കൾ സ്വയം ചികിത്സ ഒഴിവാക്കാനും, സുരക്ഷിതവും ഫലപ്രദവുമായ ചികിത്സയ്ക്കായി പീഡിയാട്രിക് കൺസൾട്ടേഷൻ തേടാനും ഇവർ നിർദേശിച്ചു. മരുന്നുകളുടെ ദുരുപയോഗം തടയാനും കുട്ടികൾക്ക് സുരക്ഷിതമായ പരിചരണം ഉറപ്പാക്കാനും ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.
ഡിജിഎച്ച്എസ് മാർഗനിർദ്ദേശങ്ങൾ:
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോമ്പിനേഷൻ ചുമ സിറപ്പുകളോ (Combination Cough Syrups) ജലദോഷ മരുന്നുകളോ നൽകുകയോ നിർദ്ദേശിക്കുകയോ ചെയ്യരുത്.
വലിയ കുട്ടികൾക്ക് നൽകുന്ന മരുന്നുകൾ പോലും കൃത്യമായ അളവിൽ, കുറഞ്ഞ ദിവസത്തേക്ക് മാത്രമേ നൽകാവൂ.
ആസ്ത്മ പോലുള്ള രോഗങ്ങൾ മൂലമുള്ള ചുമയ്ക്ക്, ഇൻഹേലർ പോലുള്ളമരുന്നുകളാണ് ഏറ്റവും ഉത്തമം.
അലർജിക് റൈനിറ്റിസ് പോലുള്ള പ്രത്യേക രോഗാവസ്ഥകൾക്ക് ആറു മാസത്തിന് മുകളിലുള്ള കുട്ടികളിൽ ചില ആന്റിഹിസ്റ്റമിനുകൾ (Antihistamines) പരിഗണിക്കാവുന്നതാണ്.
രക്ഷിതാക്കൾ മരുന്നുകൾ സ്വന്തമായി വാങ്ങി കുട്ടികൾക്ക് കൊടുക്കരുത്. ഡോക്ടറെ കാണിച്ച ശേഷം മാത്രമേ മരുന്ന് വാങ്ങാവൂ.
മരുന്ന് കുടിക്കുന്നതിന് പകരം ആവശ്യത്തിന് വെള്ളം കുടിക്കുക,നല്ലതുപോലെ വിശ്രമിക്കുക, മൂക്കിൽ ഒഴിക്കുന്ന സലൈൻ തുള്ളിമരുന്നുകൾ (Saline Nasal Drops) ഉപയോഗിക്കുക.













