ജാതി ഇല്ല, ഉണ്ടെന്നുള്ള വിചാരം പോകണം:സ്വാമി ശുഭാംഗാനന്ദ, ജനറൽ സെക്രട്ടറി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്..

Keralanewsmedia

ജാതി ഇല്ല, ഉണ്ടെന്നുള്ള വിചാരം പോകണം:സ്വാമി ശുഭാംഗാനന്ദ, ജനറൽ സെക്രട്ടറി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്..

ജാതി ഇല്ല, ഉണ്ടെന്നുള്ള വിചാരം പോകണം.

 സ്വാമി ശുഭാംഗാനന്ദ, ജനറൽ സെക്രട്ടറി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്.

ജാതി വിവേചനങ്ങളും അയിത്താചാരങ്ങളും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ശക്തമായി തുടരുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. ഒരു നൂറ്റാണ്ടിനു മുൻപ് സമൂഹത്തെ ജാതി മതപരമായ വിവേചനങ്ങളിൽ നിന്നും ഭേദങ്ങളിൽ നിന്നും ദ്വേഷങ്ങളിൽ നിന്നും വിമുക്തമാക്കാനാണ് ശ്രീനാരായണ ഗുരുദേവൻ ചിന്ത കൊണ്ടും വചനം കൊണ്ടും പ്രവർത്തി കൊണ്ടും യത്നിച്ചത്. അതിനുള്ള ദാർശനികമായ വഴി കാട്ടാനാണ് അരുവിപ്പുറം ഉൾപ്പെടെ നിരവധി ക്ഷേത്ര പ്രതിഷ്ഠകൾ ഗുരു നിർവഹിച്ചത്. ആരാധനാസ്വാതന്ത്ര്യത്തെയും ദൈവ സങ്കൽപ്പത്തെയും സ്വതന്ത്രമാക്കിയ ഗുരുവിന്റെ ആ സാമൂഹിക പരിവർത്തന പരിഷ്കൃത പശ്ചാത്തലത്തിൽ നിന്നാണ് ആധുനിക കേരളം രൂപപ്പെട്ടത് തന്നെ. എന്നാൽ ഇന്ന് കേരളത്തിന്റെ ആ ആധുനിക മാനവികതയിൽ നിന്നും പിന്നോട്ട് പോകുന്ന പ്രവണത സമൂഹത്തിന്റെ പല ഭാഗങ്ങളിലും ഗൂഢമായി നടന്നുകൊണ്ടിരിക്കുന്നു. അതിന്റെ ഒടുവിലത്തെ വിരൽചൂണ്ടലാണ് കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ. വ്യവസ്ഥാപിതമായി നിയമനത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥിയെ ജാതിയുടെ പേരിൽ അകറ്റിനിർത്തുകയും ജാതിവാദത്തെയും പാരമ്പര്യത്തെയും തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഏറ്റവും അപരിഷ്കൃതമായ ഒരു രീതിക്കാണ് ഇപ്പോൾ കോടതി വഴി മാറ്റം വരുന്നത് എന്നത് ഏറെ സ്വാഗതാർഹമാണ്. ജാതിമുനയുള്ള പാരമ്പര്യ അവകാശത്തെ അംഗീകരിക്കാതിരുന്ന ഈ നിയമ നടപടി സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നത്. ഗുരുദേവൻ തന്നെ ഇക്കാര്യം വളരെ വ്യക്തമായി പറഞ്ഞിട്ടുള്ളതാണ്. ജാതിയും പാരമ്പര്യവും നോക്കി തൊഴിൽ നിശ്ചയിക്കുന്ന രീതിയെ ഗുരുദേവൻ തിരുത്തിയിരുന്നു. ഏത് തൊഴിൽ ചെയ്യുന്നതിനും സ്വാതന്ത്ര്യം വേണം. സ്വാതന്ത്ര്യം ഇല്ലാതെ തൊഴിൽ എങ്ങനെ നന്നാവും എന്ന് പലതവണ ഗുരുദേവൻ തന്നെ ചോദിച്ചിട്ടുള്ളതാണ്. കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനവുമായി ബന്ധപ്പെട്ട് ഇപ്പോൾ വന്നിട്ടുള്ള കോടതിയുടെ നിരീക്ഷണവും വിധിയും വളരെ സ്വാഗതാർഹമാണ്. നമ്മുടെ സമൂഹത്തിൽ നിന്നും ജാതി വിവേചനത്തെ നിർമാർജ്ജനം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് ഇത് ശക്തി പകരുമെന്നാണ് പ്രതീക്ഷ. ജാതി ഇല്ല. ഇല്ലാത്ത ഒന്നിനെ എങ്ങനെയാണ് നിലനിർത്തുന്നത് എന്ന ഗുരുദേവന്റെ ചോദ്യം ഇവിടെ വളരെ പ്രസക്തമായി വന്നിരിക്കുന്നു. കൂടൽമാണിക്യം ക്ഷേത്രത്തിൽ നടന്ന ഈ നിയമന വിവേചനവും ജാതി വിവേചനവും തീർത്ത കളങ്കം പൂർണമായും നമ്മുടെ കേരളത്തിൽ നിന്നും ഭാരതത്തിൽ നിന്നും സമൂഹത്തിൽ നിന്നും അകറ്റുവാൻ നമുക്ക് കഴിയണം. ഒരു നൂറ്റാണ്ടിനു മുമ്പ് ഗുരുദേവൻ ഉദ്ബോധിപ്പിച്ച ജാതി നിർമാർജന സന്ദേശത്തെ ശക്തമായി നമ്മൾ സ്വീകരിക്കണം. അതിനുള്ള ഒരു വലിയ വെളിച്ചമാണ് കോടതിവിധിയിലൂടെ ഇപ്പോൾ വന്നിട്ടുള്ളത്. പാരമ്പര്യത്തിന്റെ പേരിൽ ജാതിയെ ഉറപ്പിക്കാനുള്ള നീക്കത്തെ നിരുത്സാഹപ്പെടുത്താനുള്ള ആർജ്ജവം നമ്മുടെ സമൂഹത്തിന് ഇനിയെങ്കിലും ഉണ്ടാകട്ടെ എന്നാണ് പ്രാർത്ഥന.