പതിനഞ്ചാം കേരള നിയമസഭ**പതിനാലാം സമ്മേളന നടപടികളുടെ സംക്ഷിപ്ത വിവരണം*  

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

പതിനഞ്ചാം കേരള നിയമസഭ**പതിനാലാം സമ്മേളന നടപടികളുടെ സംക്ഷിപ്ത വിവരണം*  

 *പതിനഞ്ചാം കേരള നിയമസഭ**പതിനാലാം സമ്മേളന നടപടികളുടെ സംക്ഷിപ്ത വിവരണം*  

 പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം നടപടികള്‍ പൂര്‍ത്തീകരിച്ച് ഇന്ന് അവസാനിക്കുകയാണ്. പ്രധാനമായും നിയമനിര്‍മ്മാണ

ത്തിനായി ചേര്‍ന്ന ഈ സമ്മേളനം 2025 സെപ്തംബര്‍ 15 മുതല്‍ ഒക്ടോബര്‍ 9 വരെയുള്ള കാലയളവില്‍ ആകെ 11 ദിനങ്ങളാണ് സമ്മേളിച്ചത്.

 സെപ്തംബര്‍ 15-ന് മുന്‍ കേരള മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്‍, ഈ സഭയിലെ അംഗമായിരുന്ന വാഴൂര്‍ സോമന്‍, മുന്‍ നിയമസഭാ സ്പീക്കറും മുന്‍ മന്ത്രിയുമായ പി. പി. തങ്കച്ചന്‍ എന്നിവരുടെ നിര്യാണം സംബന്ധിച്ച് റഫറന്‍സോടെ ആദ്യദിനം സഭ പിരിയുകയുണ്ടായി. മുന്‍ മന്ത്രി സി. വി. പദ്മരാജന്‍, മുന്‍ നിയമസഭാംഗങ്ങളായ തെന്നല ജി. ബാലകൃഷ്ണപിള്ള, പി. ജെ. ഫ്രാന്‍സിസ്, പ്രൊഫ. എം. കെ. സാനു, എം. നാരായണന്‍ എന്നിവരുടെ നിര്യാണം സംബന്ധിച്ച റഫറന്‍സും ഈ സമ്മേളനത്തില്‍ സഭ നടത്തുകയുണ്ടായി. 

 പതിനൊന്നാം സമ്മേളനകാലത്ത് രൂപീകരിക്കപ്പെട്ട സെലക്ട് കമ്മിറ്റിയുടെ പരിഗണന പൂര്‍ത്തീകരിച്ചുവന്ന 2023-ലെ കേരള പൊതുരേഖ ബില്ലും 2025-26 വര്‍ഷത്തെ ബഡ്ജറ്റിലെ ഉപധനാഭ്യര്‍ത്ഥനകളെ സംബന്ധിച്ച ധനവിനിയോഗ ബില്ലും ഉള്‍പ്പെടെ ആകെ 21 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ സഭ പാസ്സാക്കുകയുണ്ടായി. ബില്ലുകള്‍ക്ക് ജനറല്‍ അമെന്റ്മെന്റ് ഉള്‍പ്പെടെ ആകെ 10222ഭേദഗതി നോട്ടീസുകളാണ് ലഭ്യമായത്. അവയില്‍ 8354 നോട്ടീസുകള്‍ അംഗങ്ങള്‍ ബില്ലിന്റെ വകുപ്പുകള്‍ക്ക് നല്‍കിയ ഭേദഗതി നോട്ടീസുകളായിരുന്നു. വിവിധ ബില്ലുകളുടെ പരിഗണനാവേളയില്‍ 73 ഭേദഗതികള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ സ്വീകരിക്കുകയുണ്ടായി.  

    ചരിത്രപരമായ പ്രാധാന്യമുള്ള ഒട്ടേറെ ബില്ലുകള്‍ ഈ സമ്മേളനത്തില്‍ സഭ പാസ്സാക്കുകയുണ്ടായി. 2025-ലെ കേരള ഏക കിടപ്പാടം സംരക്ഷണ ബില്‍, 2025-ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധികഭൂമി (ക്രമവത്കരണ) ബില്‍, 2025-ലെ കേരള വന (ഭേദഗതി) ബില്‍ 2025-ലെ വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്‍, 2025-ലെ മലയാളഭാഷാ ബില്‍, 2025-ലെ കേരള പൊതു സേവനാവകാശ ബില്‍, 2025-ലെ കേരള സംഘങ്ങള്‍ രജിസ്ട്രേഷന്‍ ബില്‍, 2025-ലെ ജന്തുക്കളോടുള്ള ക്രൂരത തടയല്‍ (കേരള ഭേദഗതി) ബില്‍ തുടങ്ങിയ ബില്ലുകള്‍ അതില്‍ ഉള്‍പ്പെടുന്നു.  

 സമ്മേളന കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള നാല് നോട്ടീസുകള്‍ സഭ പരിഗണിച്ചതില്‍ നാലു നോട്ടീസുകളിന്മേലും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധമായി എന്ന അപൂര്‍വ്വതയും പതിനാലാം സമ്മേളനത്തിലുണ്ടായി. ലോക്കപ്പ് മര്‍ദ്ദനം, അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനം, നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനവും പണപ്പെരുപ്പവും, ധനപ്രതിസന്ധിയും ട്രഷറി നിയന്ത്രണവും എന്നീ വിഷയങ്ങളിന്മേലുള്ള നോട്ടീസുകള്‍ പ്രകാരം നടപടികള്‍ നിര്‍ത്തിവയ്ക്കുന്നതിനുള്ള ഉപക്ഷേപത്തിന്മേല്‍ രണ്ട് മണിക്കൂറിലധികം സമയം വീതം ചര്‍ച്ച നടത്തുകയുണ്ടായി. പതിനഞ്ചാം കേരള നിയമസഭയുടെ നാളിതുവരെയുള്ള കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള 17നോട്ടീസുകളാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്തത്. ഒന്നാം കേരള നിയമസഭയുടെ തുടക്കം മുതല്‍ നാളിതുവരെയുള്ള ആറു പതിറ്റാണ്ടില്‍ ചട്ടം 50 പ്രകാരമുള്ള ഉപക്ഷേപത്തിന്മേല്‍ 47 തവണ സഭ ചര്‍ച്ച ചെയ്തതില്‍ ഏറെയും പതിനാല്, പതിനഞ്ച് കേരള നിയമസഭകളുടെ കാലത്താണെന്നത് ശ്രദ്ധേയമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന തുറന്ന സമീപനത്തെ ചെയര്‍ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുന്നു. 

 ഈ സമ്മേളനത്തില്‍ സഭ സമ്മേളിച്ച ആകെ സമയമായ 53 മണിക്കൂര്‍ 52 മിനിറ്റില്‍ 20 മണിക്കൂര്‍ 11 മിനിറ്റാണ് നിയമ നിര്‍മ്മാണത്തിനായി വിനിയോഗിക്കപ്പെട്ടത്. റൂള്‍ 50 പ്രകാരമുള്ള നടപടികളിന്മേല്‍ 11 മണിക്കൂര്‍ 13 മിനിറ്റും വിനിയോഗിക്കുകയുണ്ടായി എന്നത് എടുത്തുപറയേണ്ടതാണ്.

 സഭയുടെ മേശപ്പുറത്ത് വയ്ക്കപ്പെട്ട 2024-ലെ കേരള സഹകരണ സംഘങ്ങള്‍ (രണ്ടാം ഭേദഗതി)ചട്ടങ്ങള്‍ക്ക് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് നോട്ടീസ് നല്‍കിയ ഭേദഗതികള്‍ സഭ പരിഗണിക്കുകയും അവയില്‍ ചില ഭേദഗതികള്‍ ബന്ധപ്പെട്ട മന്ത്രി സ്വീകരിക്കുകയുമുണ്ടായി. ചട്ടങ്ങള്‍ നിയമസഭ പാസ്സാക്കിയ മൂലനിയമങ്ങള്‍ക്കനുസൃതവും കുറ്റമറ്റതുമാണെന്ന കാര്യം ഉറപ്പാക്കുവാന്‍ സഭയ്ക്ക് ചട്ടപ്രകാരം ലഭ്യമായിട്ടുള്ള അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ബഹുമാനപ്പെട്ട അംഗത്തിന്റെ ഭാഗത്തു

നിന്നുണ്ടായ ഇടപെടലിനെ ചെയര്‍ അഭിനന്ദിക്കുന്നു.  

 തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം സുതാര്യമായി നടത്തണമെന്നത് സംബന്ധിച്ച ചട്ടം 118 പ്രകാരമുള്ള ഗവണ്‍മെന്റ് പ്രമേയം ഈ സമ്മേളനകാലയളവില്‍ സഭ ഐകകണ്ഠ്യേന പാസ്സാക്കുകയുണ്ടായി. 

 സമ്മേളന കാലയളവില്‍ 15 ശ്രദ്ധക്ഷണിക്കലുകളും 83 സബ്മിഷനുകളും സഭ മുമ്പാകെ അവതരിപ്പിക്കുകയും ബന്ധപ്പെട്ട മന്ത്രിമാര്‍ മറുപടി പറയുകയും ചെയ്തു. സമ്മേളനത്തിലാകെ 774 രേഖകള്‍ സഭയുടെ മേശപ്പുറത്തുവയ്ക്കുകയും നിരവധി നിയമസഭാ കമ്മിറ്റികളുടേതായ 105 റിപ്പോര്‍ട്ടുകള്‍ സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. 

 ഇൗ സമ്മേളന കാലയളവില്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍

ക്കായി നീക്കിവച്ച ഒരു വെള്ളിയാഴ്ച 3 പുതിയ ബില്ലുകള്‍ ഉള്‍പ്പെടെ ആകെ 4 പ്രൈവറ്റ് മെമ്പര്‍ ബില്ലുകള്‍ സഭ പരിഗണിക്കുകയും 3 ബില്ലുകള്‍ തുടര്‍ചര്‍ച്ചയ്ക്കായി മാറ്റിവയ്ക്കുകയും ചെയ്തു.

 ഈ സമ്മേളന കാലത്ത് 10 ചോദ്യ ദിവസങ്ങളില്‍ ഉത്തരം ലഭിക്കുന്നതിനായി നക്ഷത്രചിഹ്നമിട്ടതും നക്ഷത്രചിഹ്നമിടാത്തതുമായി ആകെ 6456ചോദ്യങ്ങള്‍ക്കുള്ള നോട്ടീസുകളാണ് ലഭ്യമായത്. ഇതില്‍ 7 എണ്ണം വിവിധ കാരണങ്ങളാല്‍ നിരസിക്കുകയും 14 എണ്ണം പിന്‍വലിക്കുകയും ചെയ്തു. ശേഷിച്ചവയില്‍ 300 എണ്ണം നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ ലിസ്റ്റിലും 3974 എണ്ണം നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെടുത്തി ആകെ 4274 ചോദ്യങ്ങള്‍ അച്ചടിച്ചു. ഇതില്‍ നക്ഷത്രചിഹ്നമിട്ട 300 ചോദ്യങ്ങള്‍ക്കും നക്ഷത്രചിഹ്നമിടാത്ത 3709 ചോദ്യങ്ങള്‍ക്കും ബന്ധപ്പെട്ട വകുപ്പുമന്ത്രിമാര്‍ ഈ സമ്മേളനകാലത്തുതന്നെ ഉത്തരം ലഭ്യമാക്കിയിട്ടുണ്ട്. 565ചോദ്യങ്ങള്‍ക്കുള്ള മറുപടി ഇനിയും ലഭിക്കേണ്ടതുണ്ട്.

 ചോദ്യോത്തര വേളകളില്‍ 40 ചോദ്യങ്ങള്‍ വാക്കാല്‍ മറുപടി നല്‍കുന്നതിനായി പരിഗണിച്ചിട്ടുണ്ട്. 222അവസരങ്ങളിലായി 257 ഉപചോദ്യങ്ങള്‍ ഉന്നയിക്കപ്പെട്ടു. 

 പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിലെ നക്ഷത്രചിഹ്നമിടാത്ത ഒരു ചോദ്യത്തിന്റെ ഉത്തരത്തിലെ തെറ്റ് തിരുത്തിക്കൊണ്ടുള്ള പ്രസ്താവന ഈ സമ്മേളനത്തില്‍ സഭയില്‍ സമര്‍പ്പിക്കുക

യുണ്ടായി. ഈ സമ്മേളനത്തിലെ ചോദ്യങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഭൂരിപക്ഷം ചോദ്യങ്ങൾക്കും മറുപടി ലഭ്യമാക്കാൻ ബന്ധപ്പെട്ട മന്ത്രിമാർ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും ഇനിയും ഏതാനും മറുപടികൾകൂടി ലഭ്യമാക്കാനുണ്ടെന്നാണ് കാണുന്നത്. 

  ബഹുമാനപ്പെട്ട റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട ജലവിഭവ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട വൈദ്യുതി വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട വനം - വന്യജീവി വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട നിയമം, വ്യവസായം, കയര്‍ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട രജിസ്ട്രേഷന്‍, മ്യൂസിയം, ആര്‍ക്കിയോളജി വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട തുറമുഖ-സഹകരണ-ദേവസ്വം വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട മത്സ്യബന്ധനം, സാംസ്കാരികം, യുവജനകാര്യ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്ക വിഭാഗക്ഷേമ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി, ബഹുമാനപ്പെട്ട ന്യൂനപക്ഷക്ഷേമം, കായികം, വഖഫ്, ഹജ്ജ് തീര്‍ത്ഥാടന വകുപ്പുമന്ത്രി എന്നിവര്‍ ഈ സമ്മേളനത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഇതിനകം മറുപടി ലഭ്യമാക്കിയിട്ടുണ്ട്.

 നിയമസഭാ ചോദ്യങ്ങള്‍ക്ക് യഥാസമയം മറുപടി ലഭ്യമാക്കുന്നതില്‍ മറ്റ് മന്ത്രിമാര്‍ക്കും ഈ മാതൃക സ്വീകരിക്കാവുന്നതാണ്. ഇനിയും മറുപടി നല്‍കാനുള്ള ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണമായി ചട്ടം അനുശാസിക്കുന്നവിധം മറുപടി ലഭ്യമാക്കാന്‍ ശ്രദ്ധിക്കണമെന്ന് ചെയര്‍ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു.

 ഈ സമ്മേളന കാലയളവിൽ 2025 ഒക്ടോബർ 6ന് സഭാ സമ്മേളനം പുനരാരംഭിച്ചതു മുതൽ പ്രതിപക്ഷ അംഗങ്ങൾ ചോദ്യോത്തരവേളയില്‍ത്തന്നെ സഭാ നടപടികൾ തുടര്‍ച്ചയായി തടസ്സപ്പെടുത്തുകയുണ്ടായി. സഭാംഗങ്ങളുടെ പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായും സഭയുടെ അന്തസ്സിന് നിരക്കാത്ത വിധത്തിലും അക്രമാസക്തരായി ചെയറിന്റെ ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിക്കവേ പ്രതിരോധിച്ച സുരക്ഷാ സേനാംഗങ്ങളെ കൈയേറ്റം ചെയ്യുകയും ചീഫ് മാര്‍ഷലിനെ പരുക്കേല്പിക്കുകയും ചെയ്തതിനെ തുടർന്ന് പ്രതിപക്ഷത്തെ മൂന്ന് അംഗങ്ങളെ സമ്മേളനത്തിന്റെ ശേഷിക്കുന്ന കാലയളവിലേക്ക് സസ്പെൻഡ് ചെയ്യേണ്ട ദൗർഭാഗ്യകരമായ സാഹചര്യവും ഈ സമ്മേളനത്തില്‍ ഉണ്ടായിട്ടുണ്ട്.

 നിയമസഭാ സാമാജികരുടെ വാസസ്ഥലത്തെ പമ്പാ ബ്ലോക്കിന്റെ പുനര്‍നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഈ വര്‍ഷം തന്നെ നിര്‍മ്മാണം പൂര്‍ത്തികരിച്ച് താമസയോഗ്യമാക്കുന്നതാണ്.  

 കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് 2026 ജനുവരി ആദ്യവാരം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. വൈവിധ്യമാര്‍ന്ന പരിപാടികളും വമ്പിച്ച പൊതുജന പങ്കാളിത്തവും കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയ പുസ്തകോത്സവം മുന്‍ പതിപ്പുകളേക്കാള്‍ മികച്ച നിലയില്‍ സംഘടിപ്പിക്കുന്നതിനാവശ്യമായ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സാമാജികരെക്കൂടി ഉള്‍പ്പെടുത്തി വിവിധ കമ്മിറ്റികള്‍ രൂപീകരിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉൗര്‍ജ്ജിതമാക്കേണ്ടതുണ്ട്. അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് വന്‍ വിജയമാക്കിത്തീര്‍ക്കുന്നതിന് മുന്‍ പതിപ്പുകളില്‍ ഉണ്ടായിരുന്നതുപോലെ ഏവരുടെയും സഹായവും സഹകരണവും അഭ്യര്‍ഥിക്കുന്നു. 

 സഭയുടെ പതിനാലാം സമ്മേളന നടപടികള്‍ വിജയിപ്പിക്കുവാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാര്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, പ്രതിപക്ഷ ഉപനേതാവ്, വിവിധ കക്ഷി നേതാക്കള്‍, മറ്റ് സഭാംഗങ്ങള്‍ എന്നിവര്‍ കാണിച്ച സഹകരണത്തിന് നന്ദി രേഖപ്പെടുത്തുന്നു. അതുപോലെ സമ്മേളനം വിജയിപ്പിക്കുവാന്‍ ആവശ്യമായ സഹായ സഹകരണം നല്‍കിയ നിയമസഭാ സെക്രട്ടേറിയറ്റിലെയും ഗവ. സെക്രട്ടേറിയറ്റിലെ നിയമവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളിലെയും ഇതര വകുപ്പുതലങ്ങളിലെയും ഉദ്യോഗസ്ഥര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍, പത്ര-ദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സേനാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ചെയര്‍ നന്ദി അറിയിക്കുന്നു. 

 എല്ലാപേര്‍ക്കും ഹൃദ്യമായ ക്രിസ്തുമസ് - പുതുവത്സരാശംസകള്‍ നേരുന്നു.

 ഓര്‍ഡര്‍............. ഓര്‍ഡര്‍................

 സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിയുന്നു.