തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാർത്താ സമ്മേളനം
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ വാർത്താ സമ്മേളനം
ഒക്ടോബർ 10, തിരുവനന്തപുരം
സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഉയർത്തി അയൽക്കൂട്ട കുടുംബങ്ങളുടെ വരുമാനം വർധിപ്പിക്കാനും, കുടുംബശ്രീ അംഗങ്ങൾക്കും കുടുംബങ്ങളിലെ തൊഴിൽ സന്നദ്ധരായ സ്ത്രീകൾക്കും നൈപുണ്യ പരിശീലനത്തിലൂടെ പുത്തൻ തൊഴിലവസരങ്ങൾ നേടാനുള്ള ശേഷി ആർജിക്കാനും വേണ്ടിയാണ് വിജ്ഞാന കേരളം -കുടുംബശ്രീ തൊഴിൽ ക്യാമ്പയിന് രൂപം നൽകിയിരിക്കുന്നത്. ക്യാമ്പയിന്റെ ആദ്യഘട്ടത്തിൽ ഒരു ലക്ഷം സ്ത്രീകൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിട്ടത്. ക്യാമ്പയിന്റെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലകളിൽ നിന്നു ലഭിച്ച റിപ്പോർട്ടുകൾ പ്രകാരം നാളിതു ആകെ 141323 തൊഴിലുകൾ കണ്ടെത്താനും, വിവിധ തൊഴിൽ മേഖലകളിലായി ആകെ 55913 പേർക്ക് ഇതിനോടകം തൊഴിൽ ലഭ്യമാക്കാനും സാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തൊഴിലുകൾ കണ്ടെത്തിയത് കണ്ണൂർ ജില്ലയിലാണ്, 15641 തൊഴിലുകൾ.
റിലയൻസുമായി കൈകോർത്ത് 10000 വനിതകൾക്ക് തൊഴിലൊരുക്കും
കുടുംബശ്രീയും രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയുമായി കൈകോർത്ത് പതിനായിരം വനിതകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിക്കുകയാണ്. തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീയും റിലയൻസുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടത്തിൽ ഇത്രയും പേർക്ക് തൊഴിൽ ലഭ്യമാക്കുന്നത്. ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനവും, വർക്ക് ഫ്രം ഹോമായി കസ്റ്റമർ കെയർ ടെലി കോളിംഗും ഉൾപ്പെടെയുള്ള തൊഴിലുകളിലേക്കാണ് കുടുംബശ്രീ വനിതകളെ പരിഗണിക്കുക. തൊഴിലിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ പരിശീലനവും റിലയൻസ് നൽകും, ആകർഷകമായ വേതനവും ലഭ്യമാക്കും. ഇതിനായി കുടുംബശ്രീയും റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസസ് ലിമിറ്റഡും തമ്മിൽ ധാരണാ പത്രം ഒപ്പുവച്ചു. തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ സാന്നിധ്യത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച് ദിനേശൻ, റിലയൻസ് പ്രോജക്ട്സ് ആൻഡ് പ്രോപ്പർട്ടി മാനേജ്മെന്റ് സർവീസസ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് റിലയൻസ് ജിയോ കേരള ബിസിനസ് ഹെഡ് ഹേമന്ത് അംബോർക്കർ എന്നിവരാണ് ധാരണാ പത്രം കൈമാറിയത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ റിലയൻസ് ടെലികോം ഡിവിഷനായ ജിയോയുടെ വിവിധ വിഭാഗങ്ങളിൽ നിന്നു ലഭ്യമാകുന്ന ഡിജിറ്റൽ ഉൽപന്നങ്ങളുടെ വിപണനവും മറ്റ് ഡിജിറ്റൽ സേവനങ്ങളും നൽകുന്നതിനാണ് കുടുംബശ്രീ വനിതകളുടെ സേവനം പ്രയോജനപ്പെടുത്തുന്നത്. തൊഴിൽ അവസരങ്ങളുടെ എണ്ണത്തിന് അനുസൃതമായി യോഗ്യരായ കുടുംബശ്രീ വനിതകളുടെ പട്ടിക അതത് കുടുംബശ്രീ സി.ഡി.എസുകൾ വഴി റിലയൻസിന് ലഭ്യമാക്കും. ഫ്രീലാൻസ് മാതൃകയിലായിരിക്കും ഇവരുടെ ജോലി. ചെയ്യുന്ന ജോലിക്കനുസരിച്ചാണ് ഇവർക്കുള്ള വേതനം ലഭിക്കുന്നത്. നിലവിൽ ജിയോയിൽ ഈ രംഗത്ത് തൊഴിൽ ചെയ്യുന്നവർക്ക് പ്രതിമാസം 15000 രൂപയിലേറെ വരുമാനം ലഭിക്കുന്നുണ്ട്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ ജിയോ കസ്റ്റമർ അസോസിയേറ്റ്സിന്റെ കീഴിൽ ടെലികോളിങ്ങ് മേഖലയിൽ മുന്നൂറു പേർക്ക് വർക്ക് ഫ്രം ഹോം ജോലിയും നൽകുന്നുണ്ട്. പുറത്തു പോയി ജോലി ചെയ്യാൻ താത്പര്യമില്ലാത്ത വീട്ടമ്മമാരായ കുടുംബശ്രീ വനിതകൾക്ക് ഇത് ഏറെ സഹായകമാകും.
ഫ്ലിപ്കാർട്ടും ലുലുവും മുതൽ എൽഐസിയും മക് ഡൊണാൾഡ്സും വരെ
റിലയൻസിന് പുറമേ മൈ ജി, ലുലു ഹൈപ്പർ മാർക്കറ്റ് ,ട്രാവൻകൂർ മെഡിസിറ്റി, പോപ്പുലർ ഹുണ്ടായി, കിംസ് ഹോസ്പിറ്റൽ, അരൂർ എക്സ്പോർട്ടിങ്ങ് കമ്പനി, ഇൻഫോപാർക്ക് ചേർത്തല, മക് ഡൊണാൾഡ്, ചെമ്മണ്ണൂർ ഇന്റർനാഷനൽ, ടി വി എസ് ഗ്രൂപ്പ്, കല്യാൺ സിൽക്സ്, നിക്ഷാൻ, കെൽട്രോൺ, ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, മാങ്ങോട് മെഡിക്കൽ കോളേജ്, ഗ്രാന്റ് ഹൈപ്പർ മാർക്കറ്റ് മിഡിൽ ഈസ്റ്റ്, അജ്ഫാൻ, ഫ്ലിപ്കാർട്, മലബാർ ഗ്രൂപ്പ്, സൈലം, പോപ്പി, ജോൺസ്, പഗോഡാ റിസോർട്ട്സ്, റമദാ, കോക്കോടഫ്റ്റ് ഉൾപ്പെടെ വിവിധ കയർ കമ്പനികൾ, ഹൗസ് ബോട്ട് അസോസിയേഷന്റെ ഭാഗമായ ഹൌസ് ബോട്ടുകൾ തുടങ്ങി നിരവധി സ്വകാര്യ സ്ഥാപനങ്ങളിൽ മികച്ച വേതനത്തോടെ കുടുംബശ്രീ അംഗങ്ങൾക്ക് തൊഴിൽ ലഭ്യമായിട്ടുണ്ട്. ഈ പ്രവർത്തനം തുടരുകയാണ്.
ഇതിന് പുറമേ LIC ബീമാ സഖി പദ്ധതി പ്രകാരം 1070 ബീമാ സഖി തൊഴിലവസരങ്ങൾ ലഭ്യമായിട്ടുണ്ട്. ഇതിലേക്ക് 872 പേരെ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് ഉടൻ LIC മുഖേന പരിശീലനം നൽകി നിയമിക്കും.ബാങ്കിംഗ് സേവനങ്ങൾ വാതിൽപ്പടി എത്തിക്കുന്ന ബിസിനസ് കറസ്പോൺഡന്റ് സഖി (ബി സി സഖി) പദ്ധതി പ്രകാരം കാനറാ ബാങ്കിന് വേണ്ടി 350 പേരെ നിയമിക്കുന്നതിന് മഗ്നോട് എന്ന ഏജൻസിയുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കൂടാതെ കേരള ഗ്രാമീൺ ബാങ്ക് (332), ഇന്ത്യൻ ഓവർസീസ് ബാങ്ക് (305), ഇന്ത്യൻ ബാങ്ക് (15), ബാങ്ക് ഓഫ് ബറോഡ (22) എന്നീ ബാങ്കുകൾക്ക് വേണ്ടി ആകെ 674 പേരെ നിയമിക്കുന്നതിനു ഇന്റഗ്ര എന്ന ഏജൻസിയുമായി കരാർ ഒപ്പ് വയ്ക്കുന്നത് അന്തിമ ഘട്ടത്തിലാണ്. കേരള ബാങ്കിനും, ഫെഡറൽ ബാങ്കിനും വേണ്ടി ബി സി സഖി പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകൾ നടന്നു വരുന്നു. ഇതിലൂടെ ആകെ 2025 തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു.
സാന്ത്വന മിത്ര - കുടുംബശ്രീ സാമൂഹ്യാധിഷ്ഠിത പരിചരണ സേവകർ
വിജ്ഞാന കേരളം-കുടുംബശ്രീ തൊഴിൽ ക്യാമ്പയിന്റെ ഭാഗമായി പാലിയേറ്റീവ് കെയർ രംഗത്തും ക്രിയാത്മകമായ മുന്നേറ്റം നടത്താൻ കുടുംബശ്രീ ഒരുങ്ങുകയാണ്. ഈ മേഖലയിലെ തൊഴിൽ അവസരങ്ങൾ കണ്ടെത്തുകയും അവ കുടുംബശ്രീ അംഗങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി പുതിയൊരു പദ്ധതിക്ക് കൂടി കുടുംബശ്രീ തുടക്കമിടുന്നു. സംസ്ഥാനത്ത് ഓരോ തദ്ദേശ സ്ഥാപനത്തിലും സാന്ത്വന പരിചരണം ആവശ്യമായ എല്ലാവർക്കും ശാസ്ത്രീയമായ ഗൃഹകേന്ദ്രീകൃത പരിചരണം ലഭ്യമാക്കുന്നതിന് പരിശീലനം ലഭിച്ച കുടുംബശ്രീ സാമൂഹ്യാധിഷ്ഠിത പരിചരണ സേവകരുടെ സംസ്ഥാനത്തുടനീളം രൂപീകരിക്കുകയാണ്. അൻപതിനായിരം പേർക്ക് പരിശീലനം നൽകി രംഗത്തിറക്കാനാണ് ലക്ഷ്യമിടുന്നത്, ആദ്യഘട്ടമായി പതിനായിരം പേർക്കുള്ള പരിശീലനം ഉടൻ ആരംഭിക്കും.
കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം (സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടം) വഴി ഇത്തരം കുടുംബങ്ങളെ കണ്ടെത്തി പാലിയേറ്റീവ് കെയർ ആവശ്യമായ കുടുംബങ്ങൾക്ക് മിതമായ നിരക്കിൽ അതു ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യാധിഷ്ഠിത പരിചരണ സംവിധാനം രൂപീകരിക്കുന്നത്. ഹോം നഴ്സ് സേവനം ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും മികച്ച പരിശീലനം ലഭിച്ചവരുടെ സേവനം നിശ്ചിത ഫീസ് ഈടാക്കി നൽകുന്ന കുടുംബശ്രീ സംരംഭത്തിന് രൂപംനൽകും. ഇത്തരം സേവനം നൽകുന്നവരെ “സാന്ത്വനമിത്ര” എന്ന പേരിലായിക്കും. സംസ്ഥാന ആരോഗ്യ വകുപ്പിൻ്റെ സാങ്കേതിക നേതൃത്വവും പരിശീലനവും സാന്ത്വനമിത്ര ക്ക് നൽകും. കേരള ത്തിലെ പൊതുജനാരോഗ്യ രംഗത്ത് ആരോഗ്യ വകുപ്പിൻ്റെയും തദേശസ്വയംഭരണ വകുപ്പിൻ്റേയും വിജ്ഞാന കേരളത്തിൻ്റെയും സംയുക്ത സംരംഭമായിരിക്കും.
പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കിടപ്പുരോഗികളുളള കുടുംബങ്ങളിൽ പരിചരണ സേവനം ആവശ്യമുള്ളവരെ കണ്ടെത്തും. ഇതിനായി കുടുംബശ്രീ എ.ഡി.എസുകൾ (ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി) മുഖേന ഒാരോ വാർഡിലും ഗൃഹസന്ദർശനം നടത്തും. കിടപ്പുരോഗികളുടെ എണ്ണം, ആവശ്യമായ സേവനം എന്നീ വിവരങ്ങൾ ശേഖരിച്ച് അന്തിമ ലിസ്റ്റ് അത് സി.ഡി.എസിന് കൈമാറുകയും ചെയ്യും. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സി.ഡി.എസ് തലത്തിൽ പ്രവർത്തിക്കുന്ന തൊഴിൽ കേന്ദ്രത്തിൽ ഈ കുടുംബങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യും. കൂടാതെ അയൽക്കൂട്ട കുടുംബങ്ങളിൽ നിന്നും പാലിയേറ്റീവ് കെയർ മേഖലയിൽ ജോലി ചെയ്യാൻ താൽപ്പര്യമുളള അംഗങ്ങളെ കണ്ടെത്തി അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകി പാലിയേറ്റീവ് കെയർ ആവശ്യമായവരിലേക്ക് സേവനങ്ങൾ എത്തിക്കുകയും ചെയ്യുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പരിശീലനം പൂർത്തിയാക്കിയവരുടെ പട്ടിക സി.ഡി.എസിനു കൈമാറുകയും അത് തൊഴിൽ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്യുകയും ചെയ്യും. പ്രാഥമിക പരിശീലനം പൂർത്തീകരിച്ച് പരിചരണ സേവകരായി പ്രവർത്തിച്ചു വരുന്ന കുടുംബശ്രീ അംഗങ്ങളെ ഒരു വർഷത്തിനുളളിൽ സർട്ടിഫൈഡ് കെയർ ടേക്കർമാരാക്കി മാറ്റുന്നതിനായി അനുയോജ്യമായ കോഴ്സുകളിൽ പരിശീലനം ലഭ്യമാക്കുന്നതാണ്. കുടുംബശ്രീയും കെ-ഡിസ്കും സംയുക്തമായാണ് ഇതു നടപ്പാക്കുക.
കേരള പാലിയേറ്റീവ് കെയർ ഗ്രിഡ് ഡാറ്റാ പ്രകാരം കേരളത്തിൽ 1.96 ലക്ഷം കിടപ്പുരോഗികളാണുള്ളത്. നിലവിൽ സാന്ത്വന സേവന പരിചരണ മേഖലയിൽ വിവിധ പദ്ധതികളിലൂടെ കുടുംബശ്രീ മികവ് തെളിയിച്ചിട്ടുണ്ട്. ആശ്രയ-അഗതിരഹിത കേരളം, സാന്ത്വനം, ബഡ്സ് സ്ഥാപനങ്ങൾ, അതിദാരിദ്ര്യ ലഘൂകരണം എന്നീ പദ്ധതികളുടെ ഭാഗമായി കുടുംബശ്രീ നിർവഹിച്ചു വരുന്ന മാതൃകാ പ്രവർത്തനങ്ങൾ ഇതിന് ഉദാഹരങ്ങളാണ്. ഏറ്റവും ഒടുവിലായി വിവിധ ഗാർഹിക പരിചരണങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന കെ4 കെയർ പദ്ധതിയും സംസ്ഥാനത്ത് കുടുംബശ്രീയുടെ കീഴിൽ വിജയകരമായി നടപ്പാക്കി വരികയാണ്. പ്രശസ്ത പരിശീലന സ്ഥാപനങ്ങളായ നിപ്മർ, എച്ച്.എഫ്.എൽ.പി.പി.റ്റി, ആസ്പിറന്റ് ലേണിങ്ങ് അക്കാദമി എന്നിവയിലൂടെ കുടുംബശ്രീ വനിതകൾക്ക് മികച്ച തൊഴിൽ വൈദഗ്ധ്യ പരിശീലനം നൽകുകയും അവർ കെ 4 കെയർ എക്സിക്യൂട്ടീവ് എന്ന പേരിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. നിലവിൽ 895 കുടുംബശ്രീ വനിതകൾ കെ 4 കെയർ എക്സിക്യൂട്ടീവുകളായി ഈ രംഗത്ത് മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ട് തൊഴിലും വരുമാനവും കണ്ടെത്തുന്നു. ഇതിന് പുറമേയാണ് പുതിയ പദ്ധതി കൂടി നിലവിൽ വരുന്നത്. കെ ഫോർ കെയർ പദ്ധതിക്കായി എല്ലാ മേഖലയിലും രണ്ട് മാസം നീണ്ട പരിശീലനം പൂർത്തിയാക്കിയ പ്രഫഷണലുകളെയാണ് സജ്ജമാക്കുന്നത്. സാന്ത്വനമിത്ര പദ്ധതിയിൽ 7 ദിവസത്തെ പരിശീലനം നേടിയവരെയും സജ്ജമാക്കുന്നു.













