ശബരിമലയുടെ സുരക്ഷ ഉറപ്പാക്കി സിസിടിവി വലയം
റിപ്പോർട്ട് : സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
പത്തനംതിട്ട: മണ്ഡല-മകരവിളക്ക്തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുള്ളത് അതീവ സുരക്ഷാ സന്നാഹങ്ങൾ.തീർത്ഥാടകരുടെ സുരക്ഷിതമായ യാത്രയും ദർശനവും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സന്നിധാനവും പരിസര പ്രദേശങ്ങളും 24 മണിക്കൂറും നിരീക്ഷണ വലയത്തിലാണ്. ഇതിനായി പോലീസ്, ദേവസ്വം ബോർഡ് അധികൃതർ സംയുക്തമായി 450-നടുത്ത് സി.സി.ടി.വി. ക്യാമറകളാണ് പ്രധാനകേന്ദ്രങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്.പോലീസിന്റെയും ദേവസ്വം ബോർഡിന്റെയും നേതൃത്വത്തിൽ പ്രത്യേകം സജ്ജീകരിച്ച കൺട്രോൾ റൂമുകൾ മുഖേനയാണ് ഈ നിരീക്ഷണ സംവിധാനം ഏകോപിപ്പിക്കുന്നത്.24 മണിക്കൂറും കണ്ണിമവെട്ടാതെ ശബരിമലയുടെ മുക്കും മൂലയും ഈ കൺട്രോൾ റൂമുകളിൽ നിരീക്ഷിക്കപ്പെടുന്നു. ഏതെങ്കിലും തരത്തിലുള്ള അടിയന്തര സംഭവങ്ങളോ തിരക്ക് വർധിക്കുന്ന സാഹചര്യങ്ങളോ ഉണ്ടായാൽ ഉടനടി നടപടിയെടുക്കാൻ ഈ സംവിധാനം ഏറെ സഹായകരമാണ്.പോലീസ് സംവിധാനത്തിന്റെ ഭാഗമായി ചാലക്കയം മുതൽ പാണ്ടിത്താവളം വരെ പ്രധാന ഇടങ്ങളെല്ലാം ഉൾക്കൊള്ളുന്ന വിധത്തിൽ 90-നടുത്ത് ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.തീർത്ഥാടന പാതയിലും പ്രധാന വിശ്രമ കേന്ദ്രങ്ങളിലുമായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേവസ്വം ബോർഡ് 345 ക്യാമറകൾ ക്രമീകരിച്ചിരിക്കുന്നു.
മരക്കൂട്ടം, നടപ്പന്തൽ, സോപാനം, ഫ്ളൈ ഓവർ, മാളികപ്പുറം, പാണ്ടിത്താവളം ഉൾപ്പെടെയുള്ള പരമാവധിയിടങ്ങൾനിരീക്ഷണ പിരിധിയിൽ കൊണ്ടുവരും വിധമാണ് ദേവസ്വം ബോർഡ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
പോലീസും ദേവസ്വം ബോർഡും പരസ്പരം സഹകരിച്ച് വിവരങ്ങൾ പങ്കുവെക്കുകയും സംയുക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ പഴുതടച്ച സുരക്ഷാ നിരീക്ഷണം സാധ്യമാക്കുന്നത്.
ഈ സംവിധാനം വഴി തിരക്ക് നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനും ആവശ്യമെങ്കിൽ പെട്ടെന്നുള്ള രക്ഷാപ്രവർത്തനങ്ങൾക്കും അധികൃതർക്ക് സാധിക്കും. ഇത് ഭക്തർക്ക് പൂർണ്ണ സുരക്ഷിതത്വവുംആത്മവിശ്വാസവും നൽകുന്നു.













