കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന 'ഇടം' പ്രദർശനത്തിൽ പ്രശസ്ത കലാകാരൻ ടോം വട്ടക്കുഴിയുടെ സൃഷ്ടികളും.

Keralanewsmedia:online

കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന 'ഇടം' പ്രദർശനത്തിൽ പ്രശസ്ത കലാകാരൻ ടോം  വട്ടക്കുഴിയുടെ സൃഷ്ടികളും.

കൊച്ചി : കൊച്ചി-മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന 'ഇടം' പ്രദർശനത്തിൽ കൊച്ചി കേന്ദ്രീകരിച്ച് കലാപ്രവർത്തനം നടത്തുന്ന പ്രശസ്‌ത കലാകാരൻ ടോം വട്ടക്കുഴിയുടെ സൃഷ്ടികളും.പ്രകാശദീപ്തവും അന്തർദർശനപരവുമായ ചിത്രകലാ ശൈലിക്ക് പേരുകേട്ട ടോം വട്ടക്കുഴി, സൂക്ഷ്മ യാഥാർത്ഥ്യത്തെ, പ്രകാശവും സ്മ‌രണയും സംബന്ധിച്ച നിശബ്ദവും ധ്യാനാത്മകവുമായ ബോധതലവുമായി ലയിപ്പിക്കുന്ന സൃഷ്ടികളാണ് അവതരിപ്പിക്കുന്നത്.ഗാന്ധിയുടെ മരണം, ലെനിനും കർഷകനും, മൃദുവാംഗിയുടെ ദുർമൃത്യു (നാടകം), കാത്ത് കിടക്കുന്നു, സകലതിനും പൊരുൾ തുടങ്ങി നിരവധി കഥാ-ചിത്രങ്ങൾ ഈ പ്രദർശനത്തിലുണ്ട്.കഴിഞ്ഞ ജൂലൈയിൽ ടോം വട്ടക്കുഴിയുടെ ഏകാംഗ പ്രദർശനം, 'ദി ഷാഡോസ് ഓഫ് അബ്സെൻസ്' (അസാന്നിധ്യത്തിന്റെ നിഴലുകൾ), കൊൽക്കത്തയിലെ ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കണ്ടംപററി ഇന്ത്യൻ ആർട്ടിൽ അസ്‌താഗുരുവിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു. കേരളത്തിന്റെ ദൈനംദിന ലോകങ്ങളുടെഉള്ളുതൊടുന്ന തരത്തിൽ ആർദ്രതയോടും ആഴത്തോടും കൂടി ഗാർഹികത, ഓർമ്മ, മനുഷ്യ വികാരം എന്നിവയെക്കുറിച്ചുള്ള സ്മ‌രണകളുണർത്തുന്ന അന്വേഷണം കൊണ്ടുതന്നെ ഈ പ്രദർശനം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.കഥാചിത്രങ്ങൾ എന്ന് താൻ പരാമർശിക്കുന്ന നിരവധി സൃഷ്ടികൾ, വാസ്തവത്തിൽ മലയാള ആനുകാലിക പ്രസിദ്ധീകരണങ്ങൾക്കു വേണ്ടി ചെയ്ത ചിത്രീകരണങ്ങളാണ് എന്ന് ടോം വട്ടക്കുഴി പറഞ്ഞു. ' ഈ സൃഷ്ടികൾ ഓരോന്നും ഓരോ സ്വതന്ത്ര ചിത്രമായിനിലകൊള്ളുമ്പോൾത്തന്നെ, ആ ചിത്രങ്ങൾക്ക് പ്രചോദനമായ സാഹിത്യസൃഷ്ടിയോടൊപ്പം നോക്കുമ്പോൾ അവ പരസ്പരം സമ്പുഷ്ടമാക്കുന്ന ഒരു സംഭാഷണത്തിലേർപ്പെടുന്നത് നമുക്ക് കാണാനാവും. ഒരു ചിത്രകാരൻ എന്ന നിലയിൽ എൻറെ ദൃശ്യ പദാവലി വികസിപ്പിക്കാനും പരിഷ്കരിക്കാനും ഇതെന്നെ ഏറെ സഹായിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.ക്യൂബ് ആർട്ട് സ്പെയ്‌സസ്, അർമാൻ കളക്ടീവ് & കഫേ, മട്ടാഞ്ചേരിയിലെ ബസാർ റോഡിലുള്ള ഗാർഡൻ കൺവെൻഷൻ സെന്റർ എന്നിവിടങ്ങളിലാണ് 'ഇടം' പ്രദർശിപ്പിക്കുന്നത്.