കർഷക ദിനാചരണ നിറവിൽ കൊട്ടാരക്കര
Keralanewsmedia
_കർഷക ദിനാചരണ നിറവിൽ കൊട്ടാരക്കര_
*മൂല്യവർധിത കാർഷിക ഉത്പന്നങ്ങളുടെ ഉൽപാദനത്തിന് പ്രാധാന്യം നൽകണം: മന്ത്രി കെ എൻ ബാലഗോപാൽ*
പുതിയ കൃഷി രീതികൾ നടപ്പാക്കുന്നതിനോടൊപ്പം മൂല്യവർധിത കാർഷിക ഉത്പന്നങ്ങളുടെ ഉൽപാദനത്തിനും വിപണനത്തിനും കർഷകർ പ്രാധാന്യം നൽകണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ വിവിധ കൃഷിഭവനുകളില്‍ ചിങ്ങം ഒന്നിനോടനുബന്ധിച്ച കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മികച്ച കർഷകരും കൃഷിഭൂമിയും കാർഷിക വിപണിയുമുള്ള പ്രദേശമാണ് കൊട്ടാരക്കര. പരമ്പരാഗത കാർഷികവിളകളോടൊപ്പം കൂടുതൽ വരുമാനം ലഭിക്കുന്ന റംബൂട്ടാൻ, പാഷൻ ഫ്രൂട്ട്, ഡ്രാഗൺ ഫ്രൂട്ട്, അവകാഡോ എന്നീ പഴവർഗങ്ങളുടെ കൃഷിയും വ്യാപകമാണ്. കേരളത്തിന്റെ സവിശേഷമായ കാലാവസ്ഥയും ഭൂപ്രകൃതിയും അത്യപൂർവമായ പല കാർഷിക- സസ്യ വിളകളുടെ കൃഷിക്ക് അനുയോജ്യമാണ്. ഇത് പ്രയോജനപ്പെടുത്താനാകണം. പ്രത്യേക വിളകൾ കൃഷി നടത്താൻ സർക്കാർ നടപ്പാക്കുന്ന പദ്ധതികളിലേക്ക് മികച്ച കർഷകരെ കണ്ടെത്തും. മൂല്യവർധിത ഉത്പന്നങ്ങൾക്ക് വലിയ വിപണിയുണ്ട്. ഈ മേഖലയിലെ യുവാക്കളുടെ പല സംരംഭങ്ങളും മികച്ച പ്രവർത്തനം നടത്തുന്നു. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പദ്ധതികൾ നടപ്പാക്കും. ഇടനിലക്കാരെ ഒഴിവാക്കി വിവണനം നടത്താൻ സർക്കാർ വഴിയൊരുക്കുന്നു. സംസ്ഥാനത്ത് നെല്ല് ഉൾപ്പെടെ എല്ലാ കാർഷിക ഉൽപ്പന്നങ്ങൾക്കും മതിയായ വില നൽകാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കരീപ്രയിൽ ഭൂമി വികസന ബോർഡുമായി ചേർന്ന് ചെക്ക് ഡാമിന്റെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ അഞ്ചു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുകയാണ്. കാർഷിക മേഖലയിൽ യന്ത്രവത്ക്കരണം പ്രോത്സാഹിപ്പിക്കാനും സ്ത്രീകൾക്ക് കൃഷി സംബന്ധമായ പരിശീലനവും നൽകാൻ കൃഷിശ്രീ, ഷീ വർക്ക് സ്പേസ് എന്നീ പദ്ധതിളും നടപ്പാക്കുന്നു. കൊട്ടാരക്കര ശ്രീധരൻ നായർ, ഭരത് ഗോപി എന്നിവരുടെ പേരിൽ കിള്ളൂരിൽ തിയേറ്റർ സമുച്ചയം, പൊങ്ങുംപാറയിൽ ഇക്കോ ടൂറിസം പദ്ധതി എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടനെ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവകര്‍ഷകര്‍ മുതല്‍ മുതിര്‍ന്ന കര്‍ഷകരെ വരെ വ്യത്യസ്ത ചടങ്ങുകളിലായി മന്ത്രി ആദരിച്ചു, കാർഷികോപകരണങ്ങൾ വിതരണം ചെയ്തു. വിവിധ കൃഷിഭവനകളുടെ നേതൃത്വത്തിൽ കാർഷിക വിജ്ഞാന ക്ലാസുകൾ, വിളംബര ഘോഷയാത്ര, കാർഷിക സെമിനാർ, വിളംബര ജാഥ തുടങ്ങിയവ സംഘടിപ്പിച്ചു. ആഴ്‌ച ചന്തയുടെ നേതൃത്വത്തിൽ വിവിധയിനത്തിലെ ഫലവൃക്ഷതൈകൾ, പച്ചക്കറി- പുഷ്‌പ തൈകൾ, ജൈവപച്ചക്കറികൾ എന്നിവയുടെ വിൽപന സ്റ്റാളും ദിനാചരണത്തോടനുബന്ധിച്ച് പ്രവർത്തിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.കെ ജ്യോതി നെടുവത്തൂരും ആർ പ്രശാന്ത് വെളിയത്തും എസ് എസ് സുവിധ കരീപ്രയിലും ഷീബ ചെല്ലപ്പൻ ഉമ്മന്നൂരും ബിജു എബ്രഹാം എഴുകോണിലും ബിന്ദു ജി നാഥ് മൈലത്തും സജി കടുക്കാല കുളക്കടയിലും കൊട്ടാരക്കര നഗരസഭ അധ്യക്ഷൻ കെ ഉണ്ണികൃഷ്ണൻ മേനോൻ കൊട്ടാരക്കരയിലും അധ്യക്ഷരായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രഞ്ജിത്ത് കുമാർ, ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, സ്ഥിരം സമിതി അധ്യക്ഷർ, ജില്ലാ- ബ്ലോക്ക്- ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, തുടങ്ങിയവർ പങ്കെടുത്തു.













