തിരുജയന്തി : ശിവഗിരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Keralanewsmedia
തിരുജയന്തി : ശിവഗിരിയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വിദേശരാജ്യങ്ങളില്‍ നിന്നും ഭക്തരെത്തും. ജയന്തി ഘോഷയാത്ര
ഭക്തിനിര്‍ഭരവും ആകര്‍ഷകവുമാകും.
ശിവഗിരി : വിശ്വഗുരുവിന്‍റെ തിരുജയന്തിയുടെ അലയടികള്‍ വിശ്വമാകെ നിറയുന്ന വേളയിലെ ചതയ ദിന ആഘോഷത്തിന് ശിവഗിരി കുന്നുകള്‍ തയ്യാറായി. 171 ാമത് ഗുരുദേവ ജയന്തി ആഘോഷത്തില്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശരാജ്യങ്ങളില്‍ നിന്നും വിവിധ ഗുരുദേവ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും ശിവഗിരി ബന്ധുക്കളും ഗുരുവിന്‍റെ അവതാരം കൊണ്ട് ഭക്തിനിര്‍ഭരമായ ചെമ്പഴന്തി ഗുരുകുലത്തിലും മഹാസമാധി കൊണ്ട് പുണ്യം നിറഞ്ഞ ശിവഗിരിയിലും എത്തിച്ചേരുമെന്നുള്ള അറിയിപ്പുകള്‍ ശിവഗിരി മഠത്തില്‍ ലഭിച്ചിട്ടുണ്ട്.
ജയന്തി സമ്മേളനങ്ങളില്‍ വിദേശരാജ്യത്തില്‍ നിന്നുള്ള അതിഥികളും പങ്കെടുക്കുന്നുണ്ട്. ജയന്തി മുതല്‍ തുടക്കം കുറിക്കുന്ന ജപ യജ്ഞത്തിന് ശിവഗിരിയില്‍ വൈദിക മഠത്തിനു മുന്നില്‍ പന്തലുയര്‍ന്നു. എത്തിച്ചേരുന്ന ഭക്തര്‍ക്കെല്ലാം ഗുരുദേവ മന്ത്രം ജപിച്ചുകൊണ്ട് ജപയജ്ഞത്തില്‍ പങ്കെടുക്കുവാനാകും. ബോധനന്ദ സ്വാമി സമാധി ദിനം വരെ ജപയജ്ഞം തുടരും. വിവിധ വര്‍ണ്ണ വൈദ്യുതി ദീപങ്ങള്‍ വൃക്ഷ ശിഖരങ്ങളിലൂടെ വര്‍ണ്ണവിസ്മയം തീര്‍ക്കുന്നു. കൊടിതോരണങ്ങളും പീതപതാകകളും ശിവഗിരിയിലും പരിസരങ്ങളിലും നേരത്തെ തന്നെ സ്ഥാനം പിടിച്ചു കഴിഞ്ഞു. ജയന്തിയോട് അനുബന്ധിച്ച് ഉയര്‍ത്തുന്നതിനുള്ള ധര്‍മ്മ പതാകയും കൊടിക്കയറും നാളെ രാവിലെ മുരുക്കുംപുഴ കാളകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നും രഥഘോഷയാത്രയായി വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി 11.30ന് മഹാസമാധിയില്‍ എത്തിക്കും. 7നു 10 മണിക്ക് ജയന്തി സമ്മേളനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറും 11.30ന് വിശ്വസാഹോദര്യ സമ്മേളനം കൃഷിമന്ത്രി പി.പ്രസാദുമാണ് ഉദ്ഘാടനം ചെയ്യുക. ചെമ്പഴന്തി ഗുരുകുലത്തില്‍ ജയന്തി സമ്മേളനം 6.30 നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5 ന് ശിവഗിരിയില്‍ ചതയദീപം തെളിച്ച ശേഷം വര്‍ണ്ണശബളമായ ജയന്തി ഘോഷയാത്ര പുറപ്പെടും. മുന്‍വര്‍ഷങ്ങളിനേക്കാള്‍ ഘോഷയാത്ര ആകര്‍ഷകമാകുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തു കഴിഞ്ഞു. 5.30 നു തിരിക്കുന്ന ഘോഷയാത്ര രാത്രി 10 ന് മഹാസമാധിയില്‍ തിരികെ പ്രവേശിക്കും. വിവിധ ഫ്ളോട്ടുകളും വാദ്യമേളകളും പലതരം കലാരൂപങ്ങളും ഘോഷയാത്ര ഏറെ ആകര്‍ഷകമാക്കും.













