മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരജനത 414 ദിവസമായി നടത്തുന്ന സമരം ഇന്ന് അവസാനിക്കും.
Keralanewsmedia:online
കൊച്ചി: മുനമ്പം ഭൂമി പ്രശ്നം ഉന്നയിച്ച് തീരജനത 414 ദിവസമായി നടത്തുന്ന സമരം ഇന്ന് അവസാനിക്കും.താൽക്കാലികാടിസ്ഥാനത്തിൽ ഭൂനികുതി സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് നാനൂറിലേറെ ദിവസം നീണ്ട സമരം അവസാനിപ്പിക്കുന്നത്.മന്ത്രിമാരായ പി രാജീവും കെ രാജനും ഇന്ന് സമരപ്പന്തലിൽ എത്തും.അതേസമയം സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ ബദൽ സമരം ആരംഭിക്കുമെന്ന് ഒരു വിഭാഗം പ്രഖ്യാപിച്ചു. 414 ദിവസങ്ങളായി നടന്ന സമരത്തെ ചൊല്ലി ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങളും നാടകങ്ങളും അരങ്ങേറി.2019 സെപ്റ്റംബറിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡ് റജിസ്റ്ററിൽ ചേർക്കുന്നത്.2021 മുതൽ റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ട ജനതയക്ക് 2022 ൽ കരമടയ്ക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് അനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു.തുടർന്നിങ്ങോട്ട് ഭൂമിയുടെ അവകാശത്തെ ചൊല്ലിയുള്ള ആശങ്കയിൽ ആയിരുന്നു മുനമ്പം ജനത. പിന്നീടാണ് 414 ദിവസം നീണ്ടുനിന്ന സമരം ആരംഭിച്ചത്.മാസങ്ങളും വർഷങ്ങളും നീണ്ട നിയമവ്യവഹരാത്തിനൊടുവിൽ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനു പിന്നാലെയാണ് താൽക്കാലികാടിസ്ഥാനത്തിൽ നികുതി സ്വീകരിക്കാൻ സിംഗിൾ ബെഞ്ച് അനുവദിച്ചത്.













