ഇന്ത്യക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയ യുഎസ് നടപടി; ട്രംപിനെതിരെ ആഞ്ഞടിച്ച് ചൈനീസ് അംബാസഡർ
ഇന്റർനാഷണൽ
ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ അധിക ചുങ്കം ചുമത്തിയ ഡൊണാൾഡ് ട്രംപിന്റെ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സു ഫെയ്ഹോങ്. അമേരിക്കൻ ഭരണകൂടത്തെ ‘ബുള്ളി’ (വഴക്കാളി) എന്ന പദമുപയോഗിച്ചാണ് അദ്ദേഹം വിമർശിച്ചത്. ‘അവർക്ക് ഒരു ഇഞ്ച് വിട്ടു നൽകിയാൽ, അവർ ഒരു മൈൽ കൈക്കലാക്കും’ എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ബ്രസീൽ പ്രസിഡന്റ് ലുലയുടെ മുഖ്യ ഉപദേഷ്ടാവ് സെൽസോ അമോറിമും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള ചർച്ചയിൽ നിന്നുള്ള ഒരു ഉദ്ധരണിയും അദ്ദേഹം പോസ്റ്റിൽ ചേർത്തിരുന്നു. മറ്റ് രാജ്യങ്ങളെ അടിച്ചമർത്താൻ താരിഫുകളെ ആയുധമായി ഉപയോഗിക്കുന്നത് യുഎൻ ചാർട്ടറിനെ ലംഘിക്കുന്നതിന് തുല്യമാണ്. ഇത് ഡബ്ല്യുടിഒ നിയമങ്ങളെ ദുർബലപ്പെടുത്തും. യുഎസ് നടപടി ജനവിരുദ്ധവും സുസ്ഥിരമല്ലാത്തതുമാണെന്നും പോസ്റ്റിൽ പറയുന്നു.ഇന്ത്യയെ ലക്ഷ്യമിട്ടുള്ള പകരച്ചുങ്കത്തിന് മറുപടിയായി ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കിടയിൽ നയതന്ത്രപരമായ നീക്കങ്ങൾ സജീവമാണ്. റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നു എന്ന കാര്യം പറഞ്ഞാണ് ഇന്ത്യക്ക് മുകളിലുള്ള താരിഫ് ട്രംപ് അന്യായമായി ഉയർത്തിയത്. ട്രംപിന്റെ അടുത്ത സുഹൃത്ത് എന്ന് പറഞ്ഞു നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നിലവിലെ സാഹചര്യത്തിനെ എങ്ങനെ ഫലപ്രദമായി നേരിടും എന്നാണ് ചോദ്യങ്ങൾ ഉയരുന്നത്.













