പുനര്‍ഗേഹം പദ്ധതി മുട്ടത്തറയിലെ ഭവന സമുച്ചയം ആഗസ്റ്റ് ഏഴിന് കൈമാറുമെന്ന് മുഖ്യമന്ത്രി
Keralam
*പുനര്‍ഗേഹം പദ്ധതി മുട്ടത്തറയിലെ ഭവന സമുച്ചയം ആഗസ്റ്റ് ഏഴിന് കൈമാറുമെന്ന് മുഖ്യമന്ത്രി* കടലാക്രമണ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ ജനങ്ങളെയും സുരക്ഷിത മേഖലയിലേക്ക് പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പുനര്‍ഗേഹം പദ്ധതിയില്‍ മറ്റൊരു അഭിമാനകരമായ മുന്നേറ്റം കൂടി സാധ്യമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുനര്‍ഗേഹത്തിന്റെ ഭാഗമായി മുട്ടത്തറയില്‍ നിര്‍മിച്ച ഭവന സമുച്ചയം ഈ മാസം ഏഴിന് ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
2023ലാണ് ഭവന സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. ഇത്തരമൊരു ബൃഹത്ത് പദ്ധതി ഈ കാലയളവിനുള്ളില്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് കൈമാറാന്‍ സാധിച്ചു എന്നത് അഭിമാനകരമായ കാര്യമാണ്. ക്ഷീരവികസന വകുപ്പ് ഫിഷറീസ് വകുപ്പിന് കൈമാറിയ എട്ട് ഏക്കര്‍ ഭൂമിയിലാണ് 400 ഫ്ലാറ്റ് യൂണിറ്റുകള്‍ ഉള്‍ക്കൊള്ളുന്ന സമുച്ചയം നിര്‍മിച്ചത്. മറ്റു പൊതു സൗകര്യങ്ങള്‍, പാര്‍ക്കിങ്, കളിസ്ഥലം എന്നിവയും ഇതിനോട് ചേര്‍ന്ന് നിര്‍മിക്കുന്നുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ആകെ 81 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു.ആദ്യഘട്ടമായി പൂര്‍ത്തീകരിച്ച 332 ഫ്ലാറ്റുകളാണ് ഇപ്പോള്‍ കൈമാറുക. 68 എണ്ണം രണ്ടാം ഘട്ടമായി പൂര്‍ത്തീകരിക്കും. തീരദേശ ജനതയ്ക്ക് പ്രത്യാശയേകുന്ന ഭവന സമുച്ചയത്തിന് ‘പ്രത്യാശ’ എന്നാണ് പേര് നല്‍കിയത്. ഓരോ ഫ്ലാറ്റ് യൂണിറ്റിനും 51.30 ച.മീറ്റര്‍ വിസ്തീര്‍ണമുണ്ട്. അത്തരത്തിലുള്ള എട്ട് യൂണിറ്റുകള്‍ ഉള്‍കൊള്ളുന്നതാണ് ഒരു കെട്ടിടം. അപ്രകാരമുള്ള 50 ചെറു കെട്ടിടങ്ങളാണ് സമുച്ചയത്തിന്റെ ഭാഗമായുണ്ടാവുക.
ഓരോ ഫ്ലാറ്റിലും ഒരു ഇരുപ്പുമുറിയും ഭക്ഷണമുറിയും, രണ്ട് ബെഡ് റൂമുകള്‍, ശൗചാലയം, അടുക്കള എന്നീ സൗകര്യങ്ങളുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ തീരദേശ മേഖലയ്ക്കായി നടത്തിവരുന്ന വിവിധ വികസന ക്ഷേമ നടപടികളുടെ തുടര്‍ച്ചയാണ് ഈ പദ്ധതി. സുരക്ഷിത മേഖലയില്‍ സൗകര്യപ്രദമായ ഭവനമൊരുക്കി തീരദേശ ജനതയ്ക്ക് ഭയരഹിത ജീവിതം ഉറപ്പാക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിലൂടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.













