വാഗ്ദാനങ്ങൾ പാലിച്ചു. വൺബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവെച്ച് ട്രംപ്
വിദേശം
വാഷിംഗ്ടൺ: യു.എസ്. പ്രസിഡന്റ്
ഡോണൾഡ് ട്രംപ് ഒപ്പുവച്ചതോടെ 'വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' നിയമമായി. അമേരിക്കയുടെ സ്വാതന്ത്ര്യദിനമായ ജൂലൈ 4-നാണ് വൈറ്റ് ഹൗസിൽ നടന്ന ഗംഭീര ചടങ്ങിൽ ട്രംപ് ബില്ലിൽ ഒപ്പുവച്ചത്.നികുതി ഇളവുകൾ സ്ഥിരമാക്കുക, കുടിയേറ്റ നിയന്ത്രണ നടപടികൾക്ക് കൂടുതൽ ധനസഹായം, സൈന്യത്തിന് ചെലവ് വർദ്ധിപ്പിക്കൽ, ക്ലീൻ എനർജി ഫണ്ടിംഗിൽ വെട്ടിക്കുറവ്, മെഡിക്കെയ്ഡ് പോലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ വെട്ടിക്കുറവ് എന്നിവയാണ് ബില്ലിൻ്റെ പ്രധാന ഘടകങ്ങൾ.മണിക്കൂറുകൾ നീണ്ട ചർച്ചകൾക്ക് ശേഷം സെനറ്റിലും കോൺഗ്രസിലും ബിൽ പാസായി. 214 എതിർ വോട്ടിന് 218 അനുകൂല വോട്ടാണ് ബിൽ കോൺഗ്രസിൽ നേടിയത്.
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഉണ്ടായിരുന്ന ഭിന്നതകൾ മറികടന്നാണ് ബിൽ പാസായത്.
'വാഗ്ദാനം നൽകി, വാഗ്‌ദാനം പാലിച്ചു,' എന്നായിരുന്നു ബിൽ ഒപ്പുവച്ച ശേഷം ട്രംപിന്റെ പ്രതികരണം. ട്രംപും സഖ്യകക്ഷികളും ബില്ലിന്റെ വിജയത്തെ ആഘോഷിച്ചു.













