കൊട്ടാരക്കരയിൽ ഐ.ടി ക്യാമ്പസ്; ജൂലൈ രണ്ടിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും സോഹോ ക്യാമ്പസ് സന്ദർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ
കൊട്ടാരക്കരയിൽ ഐ.ടി ക്യാമ്പസ്; ജൂലൈ രണ്ടിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും സോഹോ ക്യാമ്പസ് സന്ദർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം: രാജ്യാന്തര ഐ.ടിക
മ്പനിയായ സോഹോ കോർപ്പറേഷന്റെ ഇന്ത്യയിലെ രണ്ടാമത്തെ റസിഡൻഷ്യൽ ഐ.ടി ക്യാമ്പസ് കൊട്ടാരക്കര നെടുവത്തൂരിൽ ജൂലൈ രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ.ക്യാമ്പസ് സന്ദർശിച്ച് അവസാനഘട്ട നിർമാണപ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു അദ്ദേഹം. പ്രാദേശികതലത്തിൽ യുവതയുടെ തൊഴിൽനൈപുണ്യം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സോഹോ കോർപറേഷൻ്റെ കേരളത്തിലെ ആദ്യ ഐ.ടി കേന്ദ്രമാണിത്.
ഒന്നര വർഷം മുൻപ് കൊട്ടാരക്കര ഐ.എച്ച്.ആർ.ഡി ക്യാമ്പസിൽ സ്റ്റാർട്ട് അപ് മിഷന്റെ സഹകരണത്തോടെ സ്ഥാപിച്ച ആർ ആൻഡ് ഡി കേന്ദ്രത്തിന്റെ തുടർച്ചയാണ് ക്യാമ്പസ്.ആദ്യഘട്ടത്തിൽ 250 പേർക്ക് ജോലി ലഭ്യമാക്കും. വൻനഗരങ്ങൾ കൂടാതെ ഗ്രാമ-ചെറു പട്ടണങ്ങളിലെ തൊഴിൽനൈപുണ്യമുള്ളവരുടെ സേവനം ഐ.ടി മേഖലയിൽ ഉറപ്പാക്കാൻ കഴിയുന്ന പദ്ധതികൾ നടപ്പാക്കുക സർക്കാരിന്റെ ലക്ഷ്യമാണ്.
റോബോട്ടിക്സ്, എ ഐ, പ്രോഡക്റ്റ് ഡെവലപ്മന്റ് മേഖലകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുകയെന്നും മറ്റ് പ്രദേശങ്ങൾക്ക് അനുകരണീയ മാതൃകയാണ് ഐ.ടി കേന്ദ്രമെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല പഞ്ചായത്ത് അംഗം വി സുമലാൽ, നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി, സ്റ്റാർട്ട് അപ് മിഷൻ സി.ഇ.ഒ അനൂപ് അംബിക, സോഹോ കോർപറേഷൻ പ്രോഗ്രാം മാനേജർ മഹേഷ് ബാല എന്നിവർ പങ്കെടുത്തു.













