ഒരുപിടി മണ്ണിന് പരസ്പരം വെട്ടുന്നവർ കണ്ണ് തുറന്നു ഇത് കാണൂ

റിപ്പോർട്ട്‌ :ബിജു കൊപ്പം

ഒരുപിടി മണ്ണിന് പരസ്പരം വെട്ടുന്നവർ കണ്ണ് തുറന്നു ഇത് കാണൂ

ഒരുപിടി മണ്ണിന് പരസ്പരം വെട്ടുന്നവർ കണ്ണ് തുറന്നു ഇത് കാണൂ

നെടുമങ്ങാട്:ചെറിയ അതിർത്തിത്തർക്കങ്ങൾ പരസ്പരം വെട്ടിച്ചാകുന്ന ഇക്കാലത്ത്, അജയകുമാർ എന്ന കായികപ്രേമി കുട്ടികൾക്കു കളിക്കാനായി വിട്ടുനൽകിയത് ലക്ഷങ്ങൾ വിലയുള്ള സ്വന്തം ഭൂമി. നെടുമങ്ങാട്‌ നഗരസഭാപരിധിയിലെ ഐഎസ്‌ആർഒ ജങ്ഷനു സമീപത്തെ ഉഴപ്പാക്കോണത്താണ് മുൻ വോളിബോൾ കളിക്കാരൻകൂടിയായ അജയകുമാർ 13 സെന്റ് സ്ഥലം കളിക്കളത്തിനു സൗജന്യമായി നൽകിയത്. ഇവിടെ സെന്റിന് അഞ്ചു ലക്ഷത്തിലധികം രൂപ നിലവിൽ വിലയുണ്ട്.

തന്റെ സ്വപ്നങ്ങൾ പുതുതലമുറയിലൂടെ യാഥാർത്ഥ്യമാകട്ടേയെന്ന പ്രതീക്ഷ മാത്രമാണ് അജയകുമാറിനുള്ളത്. നെടുമങ്ങാട് നഗരസഭയുടെ കളിസ്ഥലങ്ങളിലെ കായികോപകരണങ്ങൾ കുട്ടികൾക്കു പ്രയോജനംചെയ്യാതെ തുരുമ്പെടുത്തു നശിക്കുന്നതിൽ മനംനൊന്താണ് അജയന്‍റെ ഇഷ്ടദാനം.

പ്രീഡിഗ്രിക്ക് കാട്ടാക്കട ക്രിസ്ത്യൻ കോളേജിലും ഡിഗ്രിക്ക് യൂണിവേഴ്‌സിറ്റി കോളേജിലും പഠിച്ചിരുന്ന കാലം മുതൽ അജയന് കമ്പം വോളിബോളിനോടായിരുന്നു. യൂണിവേഴ്‌സിറ്റി താരമാകുക എന്നതായിരുന്നു ലക്ഷ്യം. ചില സ്മാഷുകളും ഡിഫൻസുകളുമൊക്കെ നഷ്ടപ്പെട്ടതിനാൽ ആ സ്വപ്നം പൊലിഞ്ഞു. എങ്കിലും തന്റെ നാട്ടിൽ കളിച്ചുവളരുന്ന തലമുറയ്ക്ക് ഒരു കളിക്കളം എന്നത് അജയന്റെ സ്വപ്നമായിരുന്നു. അതാണ് അദ്ദേഹത്തിന്റെ 62-ാം വയസ്സിൽ ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്.

സ്ഥലമേറ്റെടുത്ത നഗരസഭ, വൈകാതെ ഇവിടെ കുട്ടികൾക്കായി താത്‌കാലിക കളിസ്ഥലമൊരുക്കി. വാർഡ് കൗൺസിലർ പി.ഹരികേശൻ നായരുടെ ഇടപെടൽ കളിസ്ഥലം ദ്രുതഗതിയിൽ യാഥാർഥ്യമാവുന്നതിനു വഴിയൊരുക്കി.

വോളിബോൾ, ഫുട്‌ബോൾ, ഷട്ടിൽ ബാഡ്മിൻറൺ തുടങ്ങിയവ കളിക്കാനായി രാവിലെയും വൈകുന്നേരവും കുട്ടികളുടെ ഒരു വലിയ നിരതന്നെ ഇവിടെയെത്തുന്നുണ്ട്. ആകാശവട്ടത്തിലേക്ക് കാൽപ്പന്ത് അടിച്ചുയർത്തിക്കൊണ്ടാണ് നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ കളിക്കളത്തിന്റെ ഉദ്ഘാടനം നടത്തിയത്.കൃഷിയും സ്പോർട്‌സും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭർത്താവിന്റെ തീരുമാനത്തിനു പൂർണ പിന്തുണയുമായി ഭാര്യ പത്മകുമാരിയും അച്ഛന്റെ കായികസ്വപ്നങ്ങൾക്കു ചിറകേകാൻ മക്കളായ മിഥുൻ ശങ്കറും അരുൺ ശങ്കറും ഒപ്പംചേരുന്നു