ശിവഗിരി തീര്‍ത്ഥാടനകാലം ഡിസംബര്‍ 15 മുതല്‍ : ഒരുക്കങ്ങളായി
റിപ്പോർട്ട് :സജീവ് ഗോപാലൻ
ശിവഗിരി തീര്‍ത്ഥാടനകാലം ഡിസംബര്‍ 15 മുതല്‍ : ഒരുക്കങ്ങളായി
ശിവഗിരി : മഹാതീര്‍ത്ഥാടനത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങളായി. തീര്‍ത്ഥാടനകാലമായി മുന്‍വര്‍ഷങ്ങളില്‍ എന്നപോലെ ഡിസംബര്‍ 15 മുതല്‍ 2026 ജനുവരി 5 വരെ തുടരും. നവംബറിന്‍റെ ആരംഭം മുതല്‍ നാടാകെ ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യപ്രചാരണ സമ്മേളനങ്ങളും സെമിനാറുകളും ആരംഭിക്കും. ഗുരുദേവ ദര്‍ശനവും ശിവഗിരി മഠവും ആഗോളതല ശ്രദ്ധാകേന്ദ്രമായിട്ടുള്ള പശ്ചാത്തലത്തിലാണ് ഇക്കൊല്ലത്തെ തീര്‍ത്ഥാടനമെന്ന പ്രത്യേകത കൂടിയുണ്ട്. ആലുവ സര്‍വമത സമ്മേളന ശതാബ്ദിയുടെ ഭാഗമായി വത്തിക്കാനിലും ഡല്‍ഹിയിലും ലണ്ടനിലും ഗള്‍ഫ് രാജ്യങ്ങളിലും ആസ്ട്രേലിയയിലും ശിവഗിരി മഠം സംഘടിപ്പിച്ച ലോകമത പാര്‍ലമെന്‍റുകളും ശിവഗിരിയില്‍ കഴിഞ്ഞവര്‍ഷം നടന്ന ആഗോള പ്രവാസി സംഗമവും ഗുരു ഗാന്ധി സമാഗമ ശതാബ്ദിയുടെ ഭാഗമായി തുഷാര്‍ ഗാന്ധി പങ്കെടുത്ത ശിവഗിരി സമ്മേളനവും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡല്‍ഹി വിജ്ഞാന്‍ ഭവന്‍ സമ്മേളനവും ശിവഗിരിയില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്ത ഗുരുദേവ പരിനിര്‍വ്വാണ ശതാബ്ദി സമ്മേളനവും ഒക്കെ ആഗോളതല ശ്രദ്ധ നേടുകയുണ്ടായി. ലോകമെമ്പാടുമുള്ള ഗുരുദേവ പ്രസ്ഥാനങ്ങളും ഗുരുദേവ ഭക്തരും ശിവഗിരി ബന്ധുക്കളുമൊക്കെ ഒന്നായി ചേര്‍ന്നുള്ള പിന്തുണയോടെയാണ് ഈ പരിപാടികളെല്ലാം വന്‍ വിജയമായത്. ഈ വിധം തീര്‍ത്ഥാടന വിജയത്തിന് വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു കഴിഞ്ഞു. തീര്‍ഥാടന കമ്മിറ്റി ഓഫീസ് നാളെ(28102025) 9.30 ന് ഉദ്ഘാടനം ചെയ്യുന്നതോടെ കമ്മറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാകും.













