വടക്കൻ കേരളത്തിൽ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ. പരസ്യപ്രചാരണം സമാപിച്ചു. നാളെ നിശബ്ദ പ്രചാരണം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

വടക്കൻ കേരളത്തിൽ കലാശക്കൊട്ട് ആവേശമാക്കി മുന്നണികൾ.  പരസ്യപ്രചാരണം സമാപിച്ചു. നാളെ നിശബ്ദ പ്രചാരണം

കോഴിക്കോട്: രണ്ടാംഘട്ട വോട്ടെടുപ്പ്നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.

ആവേശം നിറഞ്ഞുനിന്ന കൊട്ടിക്കലാശത്തിനിടെ പലയിടത്തും പ്രവർത്തകർ തമ്മിൽ കയ്യാങ്കളിയുണ്ടായി.ഒഞ്ചിയത്തും പൂക്കോട്ടൂരിലും സംഘർഷമുണ്ടായി. ഏഴ് ജില്ലകളിലും നാളെ നിശബ്ദ പ്രചാരണം നടക്കും. വ്യാഴാഴ്ചയാണ് വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ്.

പ്രാദേശിക പ്രശ്നങ്ങൾക്കൊപ്പം ദേശീയ സംസ്ഥാന രാഷ്ട്രീയവും സജീവ ചർച്ചയായ പ്രചാരണദിനങ്ങൾക്കൊടുവിൽ പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം.

ശബരിമലയും ജമാഅത്തെ ഇസ്ലാമി -യുഡിഎഫ് ബന്ധവും ഡീൽആരോപണങ്ങളുമെല്ലാം കൊണ്ട് സജീവമായ വടക്കൻ കേരളത്തിൽ അവസാന മണിക്കൂറുകളിലും ആവേശം അലയടിച്ചു.പൊതു തെരഞ്ഞെടുപ്പുകളിൽ കാണുന്ന കേന്ദ്രീകൃത കൊട്ടിക്കലാശ രീതിക്ക് പകരം വാർഡുതലങ്ങളിൽ റോഡ് ഷോ നടത്തി പരമാവധി പിന്തുണ ഉറപ്പിക്കാനുളള ശ്രമത്തിലായിരുന്നു സ്ഥാനാർത്ഥികളും മുന്നണികളും.

അവസാന മണിക്കൂറുകളിലെ ആവേശം പലയിടത്തും പ്രവർത്തകർ തമ്മിലുള്ള സംഘർഷത്തിലേക്കും നയിച്ചു. കണ്ണൂർ പഴയങ്ങാടിയിലുംകോഴിക്കോട് വടകര, കാരശേരി എന്നിവടങ്ങളിലും പാലക്കാട് ജില്ലയിലെ മണ്ണാർക്കാടും യുഡിഎഫ് എൽഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി ഉണ്ടായി.

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12391വാർഡുകളിലേക്കാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്.

കണ്ണൂർ ജില്ലയിലെ 14 വാർഡുകളിലും കാസർകോട് ജില്ലയിലെ രണ്ട് വാർഡുകളിലും സ്ഥാനാർത്ഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. മറ്റാരും പത്രിക നൽകാതെ തെരഞ്ഞെടുക്കപ്പെട്ട 16 പേരിൽ 15 പേരും ഇടതുമുന്നണി സ്ഥാനാർത്ഥികളുമാണ്.

രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്നടക്കുന്ന 18274 പോളിങ് സ്റ്റേഷനുകളിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളാണ്. കണ്ണൂർ ജില്ലയിലാണ് പ്രശ്‌ന ബാധിത ബൂത്തുകൾ കൂടുതൽ ഉള്ളത്, 1025. പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ട് മണിമുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.