*പട്ടയഭൂമിപ്രശ്‌നത്തിന് പരിഹാരമുണ്ടാകും : മന്ത്രി റോഷി അഗസ്റ്റിന്‍*

Keralanewsmedia

*പട്ടയഭൂമിപ്രശ്‌നത്തിന് പരിഹാരമുണ്ടാകും : മന്ത്രി റോഷി അഗസ്റ്റിന്‍*

*PRESS RELEASE KOLLAM 05.01.2026*

*പട്ടയഭൂമിപ്രശ്‌നത്തിന് പരിഹാരമുണ്ടാകും : മന്ത്രി റോഷി അഗസ്റ്റിന്‍*

കെ ഐ പി പട്ടയ ഭൂമിപ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് വേഗത്തിലാകും നടപടികളെന്ന് കെ ഐ പി കനാല്‍ പുറമ്പോക്ക് നിവാസികളുടെ കൈവശഭൂമിയുടെ പട്ടയം പരിശോധന നിര്‍വഹിക്കവെ വ്യക്തമാക്കി. പത്തനാപുരം റസ്റ്റ് ഹൗസില്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിനൊപ്പമാണ് കെ ഐ പി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്നായിരുന്നു സന്ദര്‍ശനം. ഇളപ്പുപാറ, കരിമ്പാലൂര്‍, വട്ടമണ്‍ പൊയ്ക, തച്ചകോട്, ചാച്ചിപുന്ന, ചെമ്പ്രാമണ്‍, മഞ്ചാംകുന്ന്, കുറുന്തമണ്‍, കറവൂര്‍, വഴങ്ങോട് തുടങ്ങി കെ ഐ പി കനാലിന് സമീപത്തുള്ള പട്ടയഭൂമിപ്രദേശത്തുള്ളവരുമായി ആശയവിനിമയം നടത്തി.

ജലസേചന വകുപ്പ് കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിച്ചു. ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. പരമാവധി ജനങ്ങള്‍ക്ക് പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെനയം. ലക്ഷക്കണക്കിന് പട്ടയങ്ങള്‍ നല്‍കിയെന്നും കൂട്ടിച്ചേര്‍ത്തു.

പി.എസ് സുപാല്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ,പുനലൂര്‍ ആര്‍ ഡി ഒ ജി.സുരേഷ് ബാബു, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ബീനാറാണി, വി എ എഫ് പി സി എല്‍ ചെയര്‍മാന്‍ ബെന്നി കക്കാട്, കെ ഐ പി പ്രൊജക്റ്റ് ചീഫ് എന്‍ജിനീയര്‍ സുജ ഗ്രേസന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സരിത ജോണ്‍ ബോസ്‌കോ തുടങ്ങിയവര്‍ പങ്കെടുത്തു. 

 (പി.ആര്‍.കെ നമ്പര്‍ 29/2026)

*പ്രവര്‍ത്തനലാഭത്തില്‍ കെഎസ്ആര്‍ടിസി മുന്നില്‍: മന്ത്രി കെ ബി ഗണേഷ് കുമാര്‍*

ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളുടെ പ്രവര്‍ത്തനലാഭത്തില്‍ കെഎസ്ആര്‍ടിസി ഏറെ മുന്നിലാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. പത്തനാപുരം ഡിപ്പോയില്‍നിന്നുള്ള വര്‍ക്കല ശിവഗിരി ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, കടയ്ക്കല്‍-തിരുവനന്തപുരം ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്‌പെഷ്യല്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസി നേടിയത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.25 കോടി രൂപയുടെ അധിക വരുമാനമാണ്. കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 8.5 കോടി രൂപയായി വര്‍ധിച്ചു. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓഫീസുകളെല്ലാം ഇ-ഓഫീസുകളായിമാറും. തീര്‍ഥാടനടൂറിസത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസം കൊട്ടാരക്കരയില്‍ നിന്നും ഗുരുവായൂരിലേക്ക് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ബസ് സര്‍വീസ് നടത്തും. എല്ലാ പ്രമുഖ ആരാധനാലയങ്ങളിലേക്കും ബജറ്റ് ടൂറിസം സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. പത്തനാപുരം കൊട്ടാരക്കര വഴി ആറ്റാന്‍കരയ്ക്ക് ബസ് സര്‍വീസ് നടത്താന്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുമായി കരാറില്‍ ഏര്‍പ്പെടുമെന്നും അദ്ദേഹം അറിയിച്ചു.

പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഷാനവാസ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം വിഷ്ണു ഭഗത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ ജയന്‍, എം.ജിയാസുദ്ദീന്‍, വാര്‍ഡ് അംഗങ്ങളായ റഹ്മത്ത് ദിലീപ്, ഫാറൂഖ് മുഹമ്മദ്, പത്തനാപുരം സര്‍വീസ് ബാങ്ക് പ്രസിഡന്റ് ഷൗബീല ഷാജഹാന്‍, കെഎസ്ആര്‍ടിസി ജീവനക്കാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 30/2026)

*ദേശീയ വിരവിമുക്ത ദിനാചരണം ജനുവരി ആറിന്*

ദേശീയ വിരവിമുക്ത ദിനാചരണത്തിനോടനുബന്ധിച്ച് ജനുവരി ആറിന് ജില്ലയിലെ ഒന്ന് മുതല്‍ 19 വയസുവരെ പ്രായമുള്ള എല്ലാവര്‍ക്കും ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ജില്ലയില്‍ 1,298 സ്‌കൂളുകളിലെയും (സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ സ്‌കൂളുകള്‍) 2,723 അങ്കണവാടികളിലുമായി 5,01,560 കുട്ടികള്‍ക്ക് മരുന്ന്‌നല്‍കും. അന്ന് ഗുളിക കിട്ടാത്ത കുട്ടികള്‍ക്ക് ജനുവരി 12ന് നല്‍കും; ആരോഗ്യകേന്ദ്രങ്ങള്‍ വഴിയാകും വിതരണം. ഒന്ന് മുതല്‍ രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് അര ഗുളികയും (200 മിലിഗ്രാം) രണ്ട് മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് ഒരു ഗുളികയുമാണ് (400 മില്ലിഗ്രാം) നല്‍കുന്നത്.

അസുഖമുള്ള കുട്ടികള്‍ക്ക് ഗുളിക നല്‍കില്ല. ഗുളിക കഴിച്ചതിന് ശേഷം ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറില്ലെങ്കിലും വിരകളുടെ തോത് കൂടുതലുള്ള കുട്ടികളില്‍ അപൂര്‍വമായി വയറുവേദന,ഛര്‍ദ്ദി, ചൊറിച്ചില്‍,ശരീരത്തില്‍ തടിപ്പുകള്‍ തുടങ്ങിയവ ഉണ്ടായേക്കാം.

വിരബാധ കുട്ടികളില്‍ വിളര്‍ച്ചയ്ക്കും പോഷകക്കുറവിനും കാരണമാകുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍1 മുതല്‍ 14 വരെയുള്ള 64% കുട്ടികളില്‍ വിരബാധയുണ്ടാകുവാന്‍ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മുതല്‍ ദേശീയ വിരവിമുക്ത ദിനം ആചരിക്കുകയും വര്‍ഷത്തില്‍ ആറുമാസത്തെ ഇടവേളകളിലായി രണ്ടു പ്രാവശ്യം സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിരനശീകരണത്തിനായി ആല്‍ബന്‍ഡസോള്‍ ഗുളികയും നല്‍കുന്നു.

*വിരബാധ*

മണ്ണില്‍കളിക്കുകയും പാദരക്ഷകള്‍ഉപയോഗിക്കുകയും ചെയ്യാതിരുന്നാല്‍ വിരബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും രോഗം കാരണമാകും.

*വിരബാധയുടെ ലക്ഷണങ്ങള്‍*

മലദ്വാരത്തിന് ചുറ്റുമുളള ചൊറിച്ചില്‍, മലത്തില്‍ വിരകള്‍, ഛര്‍ദ്ദിലില്‍ വിരകള്‍, വിളര്‍ച്ച, തളര്‍ച്ച, ഉത്സാഹക്കുറവ്, തൂക്കക്കുറവ്, മലബന്ധം, വയറുവേദന, ഉത്സാഹക്കുറവ്, ക്ഷീണം, വിളര്‍ച്ച, വയറുവേദന, തലകറക്കം, ഛര്‍ദ്ദി, പോഷകക്കുറവ്, വിശപ്പില്ലായ്മ, ഭാരക്കുറവ്, ശ്രദ്ധക്കുറവ്, വയറിളക്കം തുടങ്ങിയവ ഉണ്ടാകാം.

*പകരുന്ന രീതി*

പൊതുസ്ഥലത്ത് മലവിസര്‍ജനം ചെയ്യുകയോ വിസര്‍ജ്യങ്ങള്‍ മണ്ണില്‍ നിക്ഷേപിക്കുകയോ ചെയ്യുമ്പോള്‍, മണ്ണില്‍കളിക്കുന്ന കുട്ടികളുടെ കൈകളിലൂടെയും കാലുകളിലൂടെയും. മലദ്വാരത്തിനു ചുറ്റും നഖം കൊണ്ട് ചൊറിഞ്ഞ് നഖംകടിക്കുകയോ കൈകഴുകാതെ ഭക്ഷണം കഴിക്കുകയോ ചെയ്യുമ്പോള്‍, മലത്തില്‍വന്നിരുന്ന ഈച്ചകള്‍ തുറന്നുവെച്ചിരിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളില്‍ വന്നിരിക്കുമ്പോള്‍, വിസര്‍ജനമാലിന്യംകലര്‍ന്ന വെള്ളം തിളപ്പിക്കാതെ ഉപയോഗിക്കുമ്പോഴും വിരബാധയുണ്ടാകാം. വിരബാധയുള്ള കുട്ടികളുടെ അടിവസ്ത്രങ്ങള്‍ കഴുകാതെ ഉപയോഗിക്കുന്നതിലൂടെയും പകരാം.

*വിരബാധ എങ്ങനെ തടയാം?*

ഭക്ഷണത്തിനു മുന്‍പും മലവിസര്‍ജനത്തിനു ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ നന്നായി കഴുകിയതിനുശേഷം ഉപയോഗിക്കുക. മനുഷ്യരുടെയും മൃഗങ്ങളുടെയും വിസര്‍ജ്യങ്ങള്‍ ശരിയായി സംസ്‌ക്കരിക്കുക. മാംസം നന്നായി പാചകം ചെയ്തുമാത്രം ഉപയോഗിക്കുക. കൃത്യമായ ഇടവേളകളില്‍ നഖങ്ങള്‍ വെട്ടി കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നുവെന്ന് രക്ഷകര്‍ത്താക്കള്‍ ശ്രദ്ധിക്കണം. അടിവസ്ത്രങ്ങള്‍ ദിവസേന കഴുകി ഉപയോഗിക്കുക. വീടിനു പുറത്തു പോകുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. ഭക്ഷണം അടച്ചു സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക. തുറസായ സ്ഥലത്തു മലമൂത്ര വിസര്‍ജ്ജനം പാടില്ല. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുക. ആറുമാസത്തിലൊരിക്കല്‍ വിരനശീകരണത്തിനായി മരുന്ന് കഴിക്കുക.

(പി.ആര്‍.കെ നമ്പര്‍ 31/2026)

*അപ്രന്റിസ്ഷിപ്പ് മേള*

 കൊല്ലം ആര്‍ ഐ സെന്ററിന്റ ആഭിമുഖ്യത്തില്‍ ജനുവരി 12ന് ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ്പ് മേള നടത്തും. ജില്ലയിലെ സര്‍ക്കാര്‍ -സഹകരണ-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഐടിഐ യോഗ്യത ഉള്ളവരെ അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കും. ഫോണ്‍: 0474-2713332.

(പി.ആര്‍.കെ നമ്പര്‍ 32/2026)

*ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്*

സ്‌കില്‍ ആന്‍ഡ് നോളജ് ഡവലപ്‌മെന്റ് സെന്റര്‍, കേരള നോളജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍സി/പ്ലസ്ടു. കാലാവധി: ആറ് മാസം. പഠനകേന്ദ്രം: പെരുമണ്‍ എന്‍ജിനീയറിംഗ് കോളേജ്. ഫോണ്‍: 9496244701.

(പി.ആര്‍.കെ നമ്പര്‍ 33/2026)

*കണക്ട് ടു വര്‍ക്ക് പദ്ധതി: അപേക്ഷ ക്ഷണിച്ചു*

എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നിലവില്‍ നൈപുണ്യ വികസന പരിശീലനത്തില്‍ പങ്കെടുക്കുന്നവരോ, യു.പി.എസ്.സി., കേരള പി.എസ്.സി, സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ്, കര, നാവിക, വ്യോമസേന, ബാങ്ക്, റെയില്‍വെ, മറ്റ് കേന്ദ്ര/ സംസ്ഥാന പൊതുമേഖലാ റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നടത്തുന്ന മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കാണ് അവസരം. പ്രതിമാസം 1000 രൂപ ലഭിക്കും. https://www.eemployment.kerala.gov.in/ മുഖേന അപേക്ഷിക്കാം. ഫോണ്‍: 0474 2457212.

(പി.ആര്‍.കെ നമ്പര്‍ 34/2026)

*ടിബി/എച്ച്‌ഐവി ബോധവത്ക്കരണ- പരിശോധന ക്യാമ്പ്*

ജോയ് ആലുക്കാസില്‍ ടിബി/എച്ച്‌ഐവി ബോധവത്ക്കരണ ക്ലാസും പരിശോധന ക്യാമ്പും നടത്തി. ജില്ലാ ടിബി/എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ.എം.സാജന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍ ഡെക്‌സി സേവ്യര്‍, ദിശ ഡി.എം.ഡി.ഒ കെ.ബി.അഭിലാഷ് കുമാര്‍ ക്ലാസെടുത്തു. 250 ജീവനക്കാര്‍ പരിശോധനയ്ക്ക് വിധേയമായി. ജില്ലാ ടിബി സെന്ററും ജോയ് ആലുക്കാസ് ഫൗണ്ടേഷനും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അസിസ്റ്റന്റ് മാനേജര്‍ ജി.സുര്‍ജിത്ത് അധ്യക്ഷനായി. പിആര്‍ഒ വിശ്വേശരന്‍ പിള്ള, അസിസ്റ്റന്റ് മാനേജര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(പി.ആര്‍.കെ നമ്പര്‍ 35/2026)

*അഭിമുഖം*

കരുനാഗപ്പള്ളി ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ് /ഐ.ടി വിഷയത്തില്‍ ബി ടെക്, എം ടെക് (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). ഫിസിക്കല്‍ എജ്യൂക്കേഷന്‍ യോഗ്യത: യു.ജി.സി നിശ്ചിത യോഗ്യത അല്ലെങ്കില്‍ ഫിസിക്കല്‍ എജ്യൂക്കേഷനില്‍ ഫസ്റ്റ് ക്ലാസോടുകൂടി ബിരുദാനന്തര ബിരുദം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ഒമ്പതിന് രാവിലെ 10ന് എഴുത്ത് പരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in. ഫോണ്‍: 0476 2665935.

(പി.ആര്‍.കെ നമ്പര്‍ 36/2026)

*റേഷന്‍ കട ലൈസന്‍സി: അപേക്ഷ ക്ഷണിച്ചു*

കല്ലുവാതുക്കല്‍ പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് പുതിയ പാലം 1207447 നമ്പര്‍ റേഷന്‍ കടയ്ക്ക് ഭിന്നശേഷി സംവരണ വിഭാഗത്തില്‍നിന്ന് ലൈസന്‍സിയെ സ്ഥിരമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 30 വൈകിട്ട് മൂന്നിനകം നേരിട്ടോ തപാല്‍മുഖേനയോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. നിശ്ചിതമാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ/ താലൂക്ക് സപ്ലൈ ഓഫീസുകളിലും www.civilsupplieskerala.gov.in ലും ലഭ്യമാണ്.

(പി.ആര്‍.കെ നമ്പര്‍ 37/2026)  

*വിമുക്തഭടന്മാര്‍ക്ക് തൊഴിലവസരം*

ഡയറക്ടറേറ്റ് ജനറല്‍ റീസെറ്റില്‍മെന്റിന്റെ ആഭിമുഖ്യത്തില്‍ വിമുക്തഭടന്മാര്‍ക്കായി ജനുവരി 20ന് രാവിലെ ഏഴു മുതല്‍ കൊച്ചി നേവല്‍ ബേസില്‍ ട്രാവന്‍കൂര്‍ ഗേറ്റില്‍ തൊഴില്‍മേള നടത്തും. വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, ബയോഡേറ്റയുടെ അഞ്ച് പകര്‍പ്പുകളുമായി ഹാജരാകണം. വിവരങ്ങള്‍ക്ക് 020-26341217 (ജോയിന്റ് ഡയറക്ടര്‍, ഡി.ആര്‍.ഇസെഡ്), 011-20863432 (ജോയിന്റ് ഡയറക്ടര്‍, എസ് ഇ) നമ്പറുകളില്‍ ബന്ധപ്പെടാം.

(പി.ആര്‍.കെ നമ്പര്‍ 38/2026)    

*പ്രോജക്ട് അസിസ്റ്റന്റ്*

കണത്താര്‍കുന്നം ഹാച്ചറിയില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിഷറീസ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി: 35 വയസ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളപേപ്പറില്‍ അപേക്ഷയും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജനുവരി ഒമ്പതിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2792850.

(പി.ആര്‍.കെ നമ്പര്‍ 39/2026)