കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ
കൊൽക്കത്ത ലോ കോളേജ് കൂട്ടബലാത്സംഗം; സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ
കൊൽക്കത്തെ: കൊൽക്കത്തയിലെ സൗത്ത് കൊൽക്കത്ത ലോ കോളേജിൽ ഒന്നാം വർഷ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ, ശനിയാഴ്ച പോലീസ് കോളേജിലെ സെക്യൂരിറ്റി ഗാർഡായ പിനാകി ബാനർജിയെ (55) അറസ്റ്റ് ചെയ്തു.ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. മുൻപ് മുഖ്യപ്രതിയായ മുൻ വിദ്യാർത്ഥിയും തൃണമൂൽ കോൺഗ്രസ് ഛത്ര പരിഷത്തിന്റെ മുൻ യൂണിറ്റ് പ്രസിഡന്റുമായ മനോജിത് മിശ്ര (31), ഒന്നാം വർഷ വിദ്യാർത്ഥിയായ സായിബ് അഹമ്മദ് (19), രണ്ടാം വർഷ വിദ്യാർത്ഥിയായ പ്രമിത് മുഖർജി (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരുന്നത്.ജൂൺ 25-ന് കോളേജ് ക്യാമ്പസിലെ സെക്യൂരിറ്റി ഗാർഡിൻ്റെ മുറിക്കുള്ളിൽ 24 വയസ്സുള്ള വിദ്യാർത്ഥിനിയെ മണിക്കൂറുകളോളം ആക്രമിക്കുകയായിരുന്നു.
പ്രധാന പ്രതി മിശ്ര വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വിദ്യാർത്ഥിനിയെ ഭീഷണിപ്പെടുത്തുകയും, സെക്യൂരിറ്റി ഗാർഡിന്റെ മുറിയിൽ വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും ചെയ്തു.
മറ്റ് രണ്ട് വിദ്യാർത്ഥികൾ അകത്ത് നോക്കി നിന്നുവെന്നും, ഗാർഡ് പ്രധാന ഗേറ്റ് പൂട്ടിയ ശേഷം മുറിക്ക് പുറത്തിരുന്നുവെന്നും അതിജീവിതയുടെ പരാതിയിൽ പറയുന്നു.സംഭവം വെള്ളിയാഴ്ച പുറത്തുവന്നതോടെ വ്യാപക പ്രതിഷേധം ഉയർന്നു. മെഡിക്കൽ പരിശോധനയിൽ ലൈംഗിക പീഡനത്തിന്റെയും ആക്രമണത്തിന്റെയും തെളിവുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം തുടരുകയാണ്.













