അപകീർത്തിക്കേസിൽ രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

National

അപകീർത്തിക്കേസിൽ രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി

*അപകീർത്തിക്കേസിൽ രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി* റിപ്പോട്ടർ : സുമേഷ് കഷ്ണൻ - ന്യൂഡൽഹി: അപകീർത്തി കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. 2000 കിലോമീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞുവെന്ന് ചോദിച്ച കോടതി, നിങ്ങളൊരു യഥാർത്ഥ ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയുകയില്ലായിരുന്നുവെന്നും തുറന്നടിച്ചു. ഇന്ത്യൻ ആർമിയുമായി ബന്ധപ്പെട്ട പരാമർശത്തിലെടുത്ത അപകീർത്തി കേസ് റദ്ദാക്കണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. ഇന്ത്യയുടെ 2000 കിലോമീറ്ററോളം ഭൂമി ചൈനക്ക് അടിയറവ് വെച്ചെന്ന ഭാരത്ജോഡോ യാത്രാവേളയിൽ നടത്തിയ പരാമർശത്തിന്മേലായിരുന്നു അപകീർത്തി കേസെടുത്തത്. ജസ്റ്റിസ് ദീപങ്കർ ദത്തയും ജസ്റ്റിസ് എ.ജി. മസിഹും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 ജൂണിൽ ലഡാക്കിലെ ഗൽവാൻ താഴ്‌വരയിലുണ്ടായ സംഘർഷങ്ങളെയും 20 ഇന്ത്യൻ സൈനികരുടെ മരണത്തെയും കുറിച്ചായിരുന്നു പരാമർശം. സംഘർഷത്തിന് ശേഷം 2,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ചൈന കൈയടക്കിയെന്നായിരുന്നു രാഹുലിൻ്റെ പരാമർശം. ഇതിന് നരേന്ദ്രമോദി സർക്കാരിനെയാണ് താൻ കുറ്റപ്പെടുത്തിയതെന്നും രാഹുൽ ഗാന്ധി അവകാശപ്പെട്ടിരുന്നു. ആ സമയം നിങ്ങൾ അവിടെയുണ്ടായിരുന്നോവെന്നും നിങ്ങൾക്ക് ഇതുസംബന്ധിച്ച് വിശ്വസനീയമായ തെളിവുകളുണ്ടോയെന്നും കോടതി രാഹുൽ ഗാന്ധിയോട് ചോദിച്ചു. പരാതിയിൽ പോലീസ് രാഹുൽ ഗാന്ധിക്ക് വാദം കേൾക്കാൻ അനുവാദം നൽകാതെ കേസെടുത്തതുൾപ്പെടെയുള്ള നടപടിക്രമങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കണമെന്ന ഹർജി നൽകിയത്.