ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തമാകുന്നു. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ. ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട്ട്
ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം മഴ വീണ്ടും ശക്തമാകുന്നു. കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളപ്പൊക്ക ഭീതിയിൽ. ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട്ട്
കോട്ടയം: ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം കോട്ടയത്ത് മഴ വീണ്ടും ശക്തമാകുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഇന്ന് ഓറഞ്ച് അലെർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്രാവിലെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ജില്ലയിൽ പെയ്യുന്നത്. ഇന്നലെ പകൽ മുഴുവൻ മാറി നിൽക്കുകയും ദിവസങ്ങൾക്കു ശേഷം മണിക്കൂറുകൾ വെയിൽ തെളിയുകയും ചെയ്തുവെങ്കിലും കിഴക്കൻ വെള്ളത്തിൻ്റെ വരവിനു കുറവൊന്നുമുണ്ടായില്ല.
അതിവേഗമാണു ജില്ലയിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ മുങ്ങുന്നത്.
മീനച്ചിലാറ്റിൽ കിഴക്കു നിന്നു പേരൂർ വരെയുള്ള ഭാഗത്ത് ഇന്നലെ ഉച്ചയോടെ വെള്ളം താഴുന്ന പ്രവണതയായിരുന്നുവെങ്കിൽ തുടർന്നുള്ള ഭാഗങ്ങളിൽ ഉയരുകയാണ്.ഇന്നു വീണ്ടും മഴ ശക്തമായാൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങും.കുമരകം മേഖലയിൽ അപകടനിരപ്പിനു മേലെയാണു മീനച്ചിലാർ ഒഴുകുന്നത്.
കൊടൂരാറിന്റെ പടിഞ്ഞാറൻ മേഖലയിലും സ്ഥിതി വ്യത്യസ്തമല്ല. മൂവാറ്റുപുഴയാറിൽ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയെങ്കിലും വെള്ളത്തിൽ മുങ്ങിയ സ്ഥലങ്ങൾ നിരവധിയാണ്.
മണിമലയാറ്റിൽ കിഴക്കൻ മേഖലയിൽ അതിവേഗം വെള്ളം താഴ്ന്നപ്പോൾ കുട്ടനാടിനോട് ചേർന്നു കിടക്കുന്നയിടങ്ങളിൽ നിന്നു വെള്ളം താഴുന്നില്ല.തിരുവാർപ്പ്, അയ്മനം, കുമരകം, പായിപ്പാട്, ആർപ്പൂക്കര പഞ്ചായത്തുകളിലാണ് ഇത്തവണ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്.
മെയ് അവസാന വാരവും രണ്ടാഴ്ച മുമ്പും കനത്ത മഴയെത്തുടർന്നു വെള്ളപ്പൊക്കമുണ്ടായിരുന്നു. ഓരോ തവണയും വെള്ളം ഇറങ്ങും മുമ്പേ, കിഴക്കൻ വെള്ളം ഇരച്ചെത്തുന്നതു ജനങ്ങളെ ഭയപ്പെടുത്തുകയാണ്.
ഒഴുകിയെത്തുന്ന അതേ വേഗത്തിൽ വേമ്പനാട്ട് കായലിലേക്ക് വെള്ളം പോകുന്നില്ലെന്നതാണു പടിഞ്ഞാറൻ പ്രദേശങ്ങൾ ഇപ്പോൾ നേരിടുന്ന പ്രശ്നം.













