തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് :! സ്ഥാനാർത്ഥികളെ തേടി നെട്ടോട്ടത്തിൽ മുന്നണികൾ.
റിപ്പോർട്ട് :സജീവ് ഗോപാലൻ
തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ് :! സ്ഥാനാർത്ഥികളെ തേടി നെട്ടോട്ടത്തിൽ മുന്നണികൾ.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും സംവരണ വാർഡുകൾ നിർണയം പൂർത്തിയായി. ബ്ലോക്കു പഞ്ചായത്തുകളിലെയും ജില്ലാ പഞ്ചായത്തിലെയും സംവരണ വാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പുകളും കഴിഞ്ഞതോടുകൂടി സ്ഥാനാർഥികളെ നിർണയിക്കുന്ന പോരാട്ടത്തിന് തുടക്കമായി കഴിഞ്ഞു. സംവരണ വാർഡു കൾ നിശ്ചയിക്കുന്നതിനു മുൻപു തന്നെ പലരും പോസ്റ്ററുകളും പ്രചാരണവും ആരംഭിച്ചരുന്നു.വിജയ സാധ്യതയുള്ള വാർഡിലേക്കു കണ്ണുവെച്ചു നേതാക്കൾ റിട്ട. അധ്യാപകർ, സമുദായ നേതാക്കളെയും തപ്പിയിറങ്ങി തുടങ്ങി.
സ്ത്രീ സംവരണ വാർഡുകളിൽ തങ്ങളുടെ ഭാര്യമാരെ വരെ യു.ഡി.എഫ് നേതാക്കൾ നിർദേശിക്കുന്നു. ഒരോ വാർഡുകളിലേക്കു മൂന്നും നാലും നേതാക്കൾ വരെ ലക്ഷ്യം വെക്കുന്നത് നേതൃത്വങ്ങൾക്കു തലവേദനയായിട്ടുണ്ട്.തുടർച്ചയായി മത്സരിക്കുന്നവരെ ഒഴിവാക്കണമെന്നു മുന്നണികൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും പലയിടത്തും പ്രാവർത്തികമാകില്ല. ഏതെങ്കിലും തരത്തിലുള്ള ആരോപണം നേരിട്ടവരെയും ഒഴിവാക്കുമെന്നാണ് മുന്നണികൾ അറിയിക്കുന്നത്.അതേസമയം, പൊതുസമ്മതരെ ലക്ഷ്യമിട്ടു മുന്നണികൾ ആരംഭിച്ചിട്ടുണ്ട്. ചിലയിങ്ങളിൽ ഒരേ ആളെ തന്നെ, ഒന്നിലേറെ മുന്നണികൾ നോട്ടമിട്ടു വച്ചിരിക്കുന്ന സ്ഥലങ്ങളുമുണ്ട്. റിട്ട. അധ്യാപകർ, സമുദായ നേതാക്കൾ, ആരാധനാലയങ്ങളിൽ സജീവമായവർ എന്നിവരെയൊക്കെ മുന്നണികൾ നോട്ടമിട്ടിരിക്കുകയാണ്.
വിജയിക്കാൻ യാതൊരു സാധ്യതയുമില്ലാത്ത സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്തുകയാണ് ഏറെ ദുഷ്കരമെന്നും മുന്നണി നേതാക്കൾ പറയുന്നു. പട്ടികജാതിസംവരണ വാർഡുകളിൽ സ്ഥാനാർഥികൾക്കായി മുന്നണികൾ നെട്ടോട്ടമോടുന്ന കാഴ്ചയാണുള്ളത്.
പലയിടങ്ങളിലും ഉറച്ച ജയസാധ്യതയുള്ള സീറ്റുകളിൽ പോലും പൂർണ മനസോടെ മത്സരിക്കാൻ എത്തുന്ന പുതുമുഖങ്ങൾ കുറവാണെന്നു പ്രദേശിക പാർട്ടി നേതാക്കൾ പറയുന്നു.
മുഴുവൻ സമയവും ജനസേവനത്തിനായി മാറ്റിവയ്ക്കണമെന്നതും വരുമാനം കാര്യമായി ലഭിക്കില്ലെന്നതുമാണുതെരഞ്ഞെടുപ്പ് രംഗത്തു നിന്നു പുതുമുഖങ്ങളെ അകറ്റുന്നത്.













