ഇളം ചൂടേറ്റ് മാനം നോക്കി കിടന്ന് ധ്രുവദീപ്തി കാണാം; ഗ്ലാസ് ട്രെയിനുമായി നോർവേ
Keralanewsmedia
ഇളം ചൂടേറ്റ് മാനം നോക്കി കിടന്ന് ധ്രുവദീപ്തി കാണാം; ഗ്ലാസ് ട്രെയിനുമായി നോർവേ; ലോകത്താദ്യംആർട്ടികിലെ കൊടും മഞ്ഞിൽ ഇളം ചൂടേറ്റ് ഹോട്ട് ചോക്ലേറ്റൊക്കെ നുണഞ്ഞ് ചാരിക്കിടന്ന് ധ്രുവദീപ്തി കണ്ടാലോ.... ആഹാ എത്ര സുന്ദരമായ സ്വപ്നം എന്നല്ലേ? എന്നാലിത് സ്വപ്നമല്ല. യാഥാർഥ്യമാണ്. മാനത്തെ വർണപ്രകാശം ഭൂമിയിലേക്ക് പെയ്തിറങ്ങുന്നതും ആകാശം മഴവിൽ നിറങ്ങളിൽ തിളങ്ങുന്നതും കാണാൻ നാട്ടിലേക്കെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികൾക്ക് ആ കാഴ്‌ച അവിസ്മരണീയമാക്കുകയാണ് നോർവേ. പ്രകൃതിയൊരുക്കുന്ന ഈ വിസ്മയം അനുഭവിച്ചറിയാൻ ഗ്ലാസ് കൊണ്ട് ഏറെക്കുറെ മറച്ച പനോരമിക് ട്രെയിനാണ് സജ്ജമാക്കിയിരിക്കുന്നത്ശ്വാസം നിലച്ച് പോകുന്ന വിസ്മയക്കാഴ്ചയ്ക്ക് ആഡംബരത്തിന്റെ തലോടൽ തീർക്കുന്നതാകും 'മിഡ്‌നൈറ്റ് അറോറ റൂട്ടി'ലെ യാത്ര. പുറത്തെ മരംകോച്ചുന്ന തണുപ്പേൽക്കാതെ ചൂടുള്ള കാബിനിൽ ചായ്ച്ച് വച്ച സീറ്റിൽ ആകാശത്തിന് അഭിമുഖമായി കിടന്നും ചാഞ്ഞും ചരിഞ്ഞുമിരുന്ന് മനംനിറയെ ധ്രുവദീപ്‌തി കണ്ടാസ്വദിക്കാം. ധ്രുവദീപ്‌തിയെ കുറിച്ച് സഞ്ചാരികൾക്ക് വിവരിച്ച് നൽകാൻ ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡുകളും ട്രെയിനിലുണ്ടാകും. ഇതിന് പുറമെ ധ്രുവദീപ്‌തിയുടെ ചിത്രം പകർത്താനുള്ള പൊടിക്കൈകളും ഗൈഡുകൾ പറഞ്ഞു തരും. ഒക്ടോബർ മുതൽ മാർച്ച് വരെയാകും ട്രെയിൻ സർവീസ് നടത്തുക.
ഇക്കാലത്താണ് ധ്രുവദീപ്‌തി അതിന്റെ പൂർണശോഭയോടെ കാണാൻ കഴിയുക.
എവിടെ നിന്നാണ് യാത്ര തുടങ്ങുക?
ആർട്ടിക് സർക്കിളിന് വടക്ക് ഭാഗത്തായുള്ള നാർവിക് റെയിൽവേ സ്റ്റേഷനിൽ നിന്നാകും ട്രെയിൻ യാത്ര ആരംഭിക്കുക. മഞ്ഞുമൂടിയ പർവതങ്ങളിലൂടെയും താഴ് വരകളിലൂടെയും സഞ്ചരിച്ച് ഒഫോട്ടൻ ലൈനും കടന്ന് ട്രെയിൻ എത്തും. ഇടയ്ക്കുള്ള രണ്ട് സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും. ഇവിടെ വച്ച് യാത്രക്കാർക്ക് തീ കായുകയും ചൂട് പാനീയങ്ങൾ കുടിക്കുകയും ഒക്കെ ചെയ്യാനുള്ള സൗകര്യമുണ്ടാകും.ട്രെയിൻ ടിക്കറ്റിന് ചെലവെത്ര?
ട്രെയിനിന്റെ പേരിൽ അൽപം ആഡംബരമൊക്കെയുണ്ടെങ്കിലും ടിക്കറ്റിന് അത്ര ഭീമൻ തുകയൊന്നുമില്ല.
130 പൗണ്ടാണ് (ഏകദേശം 13,752 രൂപ) ടിക്കറ്റിനായി ഈടാക്കുന്നത്. നോർവീജിയൻ ട്രാവൽ നോർത്തേൺ ലൈറ്റ്സ് ട്രെയിൻ എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പീക്ക് സീസണിൽ മാത്രം സർവീസ് നടത്തുന്ന ട്രെയിൻ ആയതിനാൽ നിർബന്ധമായും മുൻകൂർ ബുക്ക് ചെയ്യുന്നതാകും സൗകര്യം.
ധ്രുവ ദീപ്തി ബക്കറ്റ് ലിസ്റ്റിലുണ്ടെങ്കിൽ തയാറെടുപ്പുകൾ ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ













