‘സിഎം വിത്ത് മീ’: ഒൻപത് മാസത്തെ കാത്തിരിപ്പ്; തടസ്സങ്ങൾ നീക്കാൻ ഒരു ഫോൺ കോൾ, കർഷകന്റെ പരാതിയിൽ ഉടനടി പരിഹാരം
റിപ്പോർട്ട് :സജീവ് ഗോപാലൻ
ഒൻപത് മാസം കാത്തിരുന്നിട്ടും നടക്കാത്ത കാര്യം, മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് പറഞ്ഞതിന് പിന്നാലെ വെറും 15 മിനിറ്റുകൾക്കുള്ളിൽ സാധ്യമായി. മുഖ്യമന്ത്രിയുടെ ‘സിഎം വിത്ത് മീ’യുടെ സഹായത്തോടെ ആണ് ബാലസുബ്രഹ്മണ്യം എന്ന കർഷകന്റെ പ്രശ്നത്തിന് പരിഹാരമായത്.
പായിപ്പാട്ട് കൃഷിഭവന്റെ കീഴിലുള്ള കാപ്പണപ്പുറം പാടശേഖരത്ത് അഞ്ച് ഏക്കർ നിലത്ത് വിയർപ്പൊഴുക്കി കൃഷി ചെയ്ത കർഷകനാണ് ബാലസുബ്രഹ്മണ്യം. 2024-25 കാലയളവിൽ അദ്ദേഹം കൊയ്തെടുത്ത നെല്ല് കോട്ടയം സപ്ലൈകോയ്ക്കാണ് നൽകിയത്. തന്റെ മകൻ സഞ്ജു ബാലുവിന്റെ പേരിലായിരുന്നു അദ്ദേഹം നെല്ല് അളന്നത്. എന്നാൽ, മകന് എൻആർഒ (NRO) അക്കൗണ്ട് ആയതിനാൽ പണം നൽകാൻ കഴിയില്ലെന്ന ബാങ്കിന്റെ സാങ്കേതിക തടസ്സം ആ കർഷക കുടുംബത്തെ വലിയ പ്രതിസന്ധിയിലാക്കി.
തനിക്ക് ലഭിക്കേണ്ട 1,12,827 രൂപയ്ക്കായി നീണ്ട ഒൻപത് മാസക്കാലം അദ്ദേഹം അധികൃതരുടെ പിന്നാലെ നടന്നെങ്കിലും പണം ലഭിച്ചില്ല. തന്റെ അധ്വാനത്തിന്റെ ഫലം കിട്ടാതെ വന്നതോടെ നിസ്സഹായനായ ബാലസുബ്രഹ്മണ്യം ഒടുവിൽ മുഖ്യമന്ത്രിയുടെ സിറ്റിസൺ കണക്ട് സെന്ററിൽ വിളിച്ച് തന്റെ പരാതി അറിയിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഇടപെടൽ അതിവേഗത്തിലായിരുന്നു. അവിടെയുള്ള ഉദ്യോഗസ്ഥർ സപ്ലൈകോയുടെ ഹെഡ് ഓഫീസുമായി ബന്ധപ്പെടുകയും, എൻആർഒ അക്കൗണ്ട് ആയതിനാൽ സപ്ലൈകോയുടെ സ്വന്തം ഫണ്ടിൽ (Corpus Fund) നിന്ന് പണം നേരിട്ട് നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു.
പിന്നീട് നടന്നത് ബാലസുബ്രഹ്മണ്യത്തെ പോലും അമ്പരപ്പിച്ച കാര്യമായിരുന്നു. ഒൻപത് മാസം കാത്തിരുന്നിട്ടും നടക്കാത്ത കാര്യം, മുഖ്യമന്ത്രിയുടെ ഓഫീസിൽ വിളിച്ച് പറഞ്ഞതിന് പിന്നാലെ വെറും 15 മിനിറ്റുകൾക്കുള്ളിൽ സാധ്യമായി. ചങ്ങനാശ്ശേരി കാനറ ബാങ്കിലെ അക്കൗണ്ടിലേക്ക് കൃത്യമായി പണം എത്തിച്ചേർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരെയും നേരിട്ട് പരിചയമില്ലാതിരുന്നിട്ടും, ഒരു സാധാരണക്കാരന്റെ വിഷമം മനസ്സിലാക്കി അടിയന്തരമായി സഹായമെത്തിച്ചതിന് ആ കർഷകൻ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.













